ന്യൂഡൽഹി: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ഉദ്ഘാടനം പശ്ചിമ ബംഗാൾ സർക്കാർ നേരത്തെ നിർവ്വഹിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. കൊൽക്കത്തയിലെ കാൻസർ ഇൻസ്റ്റിറ്റിയട്ടിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മമതയുടെ പരാമർശം.
ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ രണ്ടാമത്തെ ക്യാംപസ് സംസ്ഥാന സർക്കാരിന്റെ കൂടി പദ്ധതിയാണെന്നും പദ്ധതിയ്ക്ക് ആവശ്യമായ 25 ശതമാനം തുകയും ഭൂമിയും നൽകിയത് പശ്ചിമ ബംഗാൾ സർക്കാരാണെന്നും മമത പറഞ്ഞു. പ്രധാനമന്ത്രി ഇന്ന് ഈ പദ്ധതി വിർച്വലായി ഉദ്ഘാടനം ചെയ്യുകയാണ്. എന്നാൽ ഈ പദ്ധതിയിൽ സംസ്ഥാന സർക്കാരിനു കൂടി പങ്കുള്ളതാണ് എന്നതിനാൽ ഞങ്ങൾ ഇത് നേരത്തെ തന്നെ ഉദ്ഘാടനം ചെയ്തിരുന്നു എന്ന കാര്യം ഞാൻ പ്രധാനമന്ത്രിയോടു പറയാൻ ആഗ്രഹിക്കുകയാണെന്നായിരുന്നു മമതയുടെ വാക്കുകൾ.
എന്നാൽ പദ്ധതി ഉദ്ഘാടനം ചെയ്തതിൽ മമത പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു. സംസ്ഥാനത്തെ മെഡിക്കൽ സീറ്റുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യവും മമത മുന്നോട്ടുവെച്ചു. ഗവർണർക്കെതിരെ മമത രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. ഗവർണർ സംസ്ഥാനത്തിന്റെ ഭരണത്തിൽ അനാവശ്യമായി ഇടപെടുകയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം.
കൊൽക്കത്തയിലെ ചിത്തരഞ്ചൻ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ രണ്ടാമത്തെ ക്യാംപസ് ജനങ്ങൾക്കു വേണ്ടി സമർപ്പിക്കുന്നു. മുംബൈയിലെ ടാറ്റ ക്യാൻസർ ഹോസ്പിറ്റലുമായി സംസ്ഥാന സർക്കാർ ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. ക്യാൻസർ ബാധിച്ച കുട്ടികൾക്കായി 300 കിടക്കകളുള്ള ആശുപത്രി സംസ്ഥാനത്ത് ആരംഭിച്ചു. ാജ്യത്തിന്റെ മുഖച്ഛായ മോശമാകില്ല എന്നുറപ്പാക്കാനുള്ള പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ടെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.

