നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തി പോലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൾസർ സുനിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തി പോലീസ്. കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. പൾസർ സുനി അമ്മ ശോഭനയ്ക്ക് അയച്ച കത്ത് പുറത്തുവന്നതിന് പിന്നാലെയാണ് ശോഭനയുടെ മൊഴി എടുത്തത്. 2018 മെയ് മാസത്തിൽ പൾസർ സുനി ശോഭനയ്ക്ക് എഴുതിയ കത്താണ് പുറത്തുവന്നത്. മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് കത്ത് പുറത്തുവിട്ടതെന്ന് ശോഭന മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

തന്റെ ജീവൻ അപകടത്തിലായിരുന്നെന്നും ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് തനിക്കുനേരെ വധശ്രമം നടന്നതായും പൾസർ സുനി തന്നോട് പറഞ്ഞിരുന്നതായും ശോഭന മാദ്ധ്യമങ്ങളെ അറിയിച്ചു. ദിലീപ് പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്ന് മകൻ പറഞ്ഞതായും ശോഭന വ്യക്തമാക്കി. ഗൂഢാലോചനയിൽ ദിലീപിനെ കൂടാതെ സിനിമാരംഗത്തെ മറ്റുചിലർക്കും പങ്കുണ്ടെന്നാണ് പൾസർ സുനി കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. 2018 മെയ് മാസം ഏഴാം തീയതി കോടതിയിൽ വെച്ചാണ് പൾസർ സുനി അമ്മയ്ക്ക് കത്ത് നൽകിയത്.

സഹതടവുകാരനായ വിജീഷ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന സാഹചര്യമുണ്ടായിരുന്നു. അത് ആത്മഹത്യയാണോ കൊലപാതകശ്രമമാണോ എന്ന കാര്യത്തിൽ സംശയം തോന്നിയെന്നും തന്റെ മകനെയും അപായപ്പെടുത്തുമെന്ന ഭയം കാരണമാണ് ഇപ്പോൾ കത്ത് പുറത്തുവിടുന്നതെന്നും സുനിയുടെ അമ്മ വിശദമാക്കി.

കൊച്ചി അബാദ് പ്ലാസയിൽ നടന്ന ഗൂഢാലോചനയിൽ മറ്റ് ചില സിനിമാക്കാർക്കും പങ്കുണ്ടെന്നും കത്തിൽ പറയുന്നുണ്ട്. നിലവിൽ പോലീസിന്റെ കസ്റ്റഡിയിലാണ് കത്ത്. കത്തിന്റെ ആധികാരികത പരിശോധിക്കാൻ വേണ്ടിയാണ് കത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പല നിർണായക വിവരങ്ങളും കത്തിലുണ്ടെന്നാണ് വിവരം.