General (Page 1,263)

തിരുവനന്തപുരം: കേരളത്തെ അവഗണിച്ച് റെയിൽവേയുടെ വികസന പദ്ധതികൾ തമിഴ്‌നാട്ടിൽ പുരോഗമിക്കുന്നു. കേരളത്തിന് അനുവദിച്ച തുക പേരിനുവേണ്ടി ചെലവഴിക്കുകയും തമിഴ്‌നാടിന് അനുവദിച്ച തുക പരമാവധി വിനിയോഗിക്കുകയും ചെയ്യുന്ന തന്ത്രത്തിൽ നിരവധി പദ്ധതികളാണ് കേരളത്തിൽ മുടങ്ങി പോയത്. കഴിഞ്ഞ ബജറ്റിൽ 871 കോടി രൂപയാണ് കേരളത്തിന് വേണ്ടി അനുവദിച്ചത്. എന്നാൽ ഇതിൽ പത്ത് ശതമാനം പോലും വിനിയോഗിച്ചില്ല. എന്നാൽ തമിഴ്‌നാടിന് അനുവദിച്ച 2972 കോടിയിൽ 70 ശതമാനം വിനിയോഗിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി.

വൈദ്യുതീകരണം, സുരക്ഷ, പാതയിരട്ടിപ്പിക്കൽ, ഗേജ് കൺവേർഷൻ, മൂന്നാം ലൈൻ നിർമ്മാണം തുടങ്ങിയ പദ്ധതികളെല്ലാം മുടങ്ങിയ അവസ്ഥയിലാണ്. സ്ഥലമേറ്റെടുത്ത് നൽകിയാൽ 86.5 കിലോമീറ്റർ തിരുവനന്തപുരം – കന്യാകുമാരി പാതയും 69 കിലോമീറ്റർ എറണാകുളം – അമ്പലപ്പുഴ പാതയും 2024 ൽ പൂർത്തിയാക്കുന്നത് ആലോചിക്കാമെന്നാണ് റെയിൽവേ പറയുന്നത്.

സ്ഥലമേറ്റെടുത്ത് നൽകിയ ഏറ്റുമാനൂർ – ചിങ്ങവനം പാതയിരട്ടിപ്പ് പൂർത്തിയാക്കിട്ടില്ല. ഈ വർഷം മാർച്ചിൽ പൂർത്തിയാക്കുമെന്നാണ് റെയിൽവേ അറിയിച്ചത്. ഇത് പൂർത്തിയായാൽ എറണാകുളം – കോട്ടയം – തിരുവനന്തപുരം പാത പൂർണമായും ഡബിൾ ലൈനാകുകയും ഗതാഗതം കുറേക്കൂടി വേഗത്തിലാകുകയും ചെയ്യും.

ന്യൂഡൽഹി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതി നേരിട്ട് അറിയിക്കാൻ ആപ്ലിക്കേഷൻ പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. സി -വിജിൽ എന്ന പേരിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആപ്ലിക്കേഷൻ പുറത്തിറക്കിയത്. ഈ ആപ്ലിക്കേഷനിലൂടെ നൽകുന്ന പരാതികൾ 100 മിനിറ്റിനുള്ളിൽ പരിഹരിക്കുമെന്നാണ് കമ്മീഷൻ നൽകുന്ന ഉറപ്പ്.

സി- വിജിൽ ആപ്പിലൂടെ തെരഞ്ഞെടുപ്പിനിടെയുണ്ടാകുന്ന ചട്ടലംഘനങ്ങളടക്കമുള്ള പരാതികളുണ്ടെങ്കിൽ ജനങ്ങൾക്ക് നേരിട്ട് അറിയിക്കാൻ കഴിയും. ഫോട്ടോ കൂടി പരാതികൾക്കൊപ്പം ഉൾപ്പെടുത്താനുള്ള സംവിധാനവും സി വിജിലിലുണ്ട്. അതേസമയം ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആപ്ലിക്കേഷൻ പുറത്തിറക്കിയത്.

ഉത്തർപ്രദേശ്, ഗോവ, പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികളാണ് കമ്മീഷൻ ഇന്ന് പ്രഖ്യാപിച്ചത്. ഉത്തർപ്രദേശിൽ 403 മണ്ഡലങ്ങളും, പഞ്ചാബിൽ 117 മണ്ഡലങ്ങളും, ഉത്തരാഖണ്ഡിൽ 70 മണ്ഡലങ്ങളും, മണിപ്പൂരിൽ 60 മണ്ഡലങ്ങളും, ഗോവയിൽ 40 മണ്ഡലങ്ങളുമാണ് വിധിയെഴുതുക. പ്രഖ്യാപനം വന്നതോടെ അഞ്ച് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര വ്യക്തമാക്കി. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുന്നത്.

തെരഞ്ഞെടുപ്പിൽ പാലിക്കേണ്ട കോവിഡ് പ്രോട്ടോകോളുകൾ:

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എല്ലാവരും രണ്ട് ഡോസും എടുത്തിരിക്കണം

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് ബൂസ്റ്റർ ഡോസും ഉറപ്പ് വരുത്തും

എല്ലാ പോളിങ് സ്റ്റേഷനുകളും സാനിറ്റൈസ് ചെയ്യും

പോളിങ് സമയം ഒരു മണിക്കൂർ വർധിപ്പിച്ചു

80 വയസിന് മുകളിൽ ഉള്ള മുതിർന്ന പൗരൻമാർ, ശാരീരിക വെല്ലുവിളി നേരിടുന്നവർ, കൊവിഡ് രോഗികൾ എന്നിവർക്ക് പോസ്റ്റൽ വോട്ട് ചെയ്യാം

പാർട്ടികളും സ്ഥാനാർത്ഥികളും പരമാവധി ഡിജിറ്റൽ പ്രചാരണം നടത്തണം

ജനുവരി 15 വരെ റാലികളും പദയാത്രകളും റോഡ് ഷോകളും സൈക്കിൾ, ബൈക്ക് റാലികളും നടത്തുന്നതിന് വിലക്ക്

വിജയാഹ്ലാദപ്രകടനങ്ങൾ നടത്തുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്

വീടുകയറി ഉള്ള പ്രചാരണത്തിന് 5 പേർക്ക് മാത്രമാണ് അനുമതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സത്യസന്ധമായി അന്വേഷണം നടത്തുമെന്ന് എഡിജിപി എസ് ശ്രീജിത്ത്. കേസിൽ കോടതി നിർദേശമനുസരിച്ച് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണ പുരോഗതി സംബന്ധിച്ച വിവരങ്ങൾ മാദ്ധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം നടൻ ദിലീപിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തേക്കാനാണ് സാധ്യത. ശനിയാഴ്ച കൊച്ചിയിൽ എഡിജിപി എസ്. ശ്രീജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമെടുത്തുവെന്നും റിപ്പോർട്ടുകളുണ്ട്. ദിലീപിനെ വീണ്ടും ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്നാണ് യോഗത്തിൽ ഉയർന്ന അഭിപ്രായം. ചോദ്യം ചെയ്യലിനായി ഉടൻ ദിലീപിന് നോട്ടീസ് നൽകാനാണ് സാധ്യത. പൾസർ സുനിയെ ജയിലിലെത്തി ചോദ്യംചെയ്യാനും യോഗത്തിൽ തീരുമാനമാനിച്ചതായും സൂചനയുണ്ട്.

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം നടത്താനായി കഴിഞ്ഞ ദിവസമാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്. ഡി.വൈ.എസ്.പി ബൈജു പൗലോസിനാണ് കേസിന്റെ തുടരന്വേഷണ ചുമതല. കെ.പി ഫിലിപ്പ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ക്രൈം ബ്രാഞ്ച് എസ്പിമാരായ കെ എസ് സുദർശൻ, എം ജെ സോജൻ, നെടുമ്പാശേരി സർക്കിൾ ഇൻസ്‌പെക്ടർ പി എം ബൈജു എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കുന്നതിന് വേണ്ടിയാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്.

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകൾ ഉയരുന്നു. പ്രതിദിന കോവിഡ് കേസുകൾ ഒന്നേമുക്കാൽ ലക്ഷത്തിലേക്ക് ഉയരുകയാണ്. ഡൽഹിയിലും മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമടക്കം രോഗബാധിതരുടെ എണ്ണം വർധിക്കുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നത്. ഡൽഹിയിൽ കഴിഞ്ഞ ദിവസം ഇരുപതിനായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് സാധ്യത. ഉത്തർപ്രദേശിലും കോവിഡ് കേസുകൾ ഉയരുന്നുണ്ട്. ഉത്തർപ്രദേശിൽ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് രണ്ടു ശതമാനം വർധിച്ചു.

ഇരുപത്തിനാല് മണിക്കൂറിനിടെ ഇരുപതിനായിരത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതർ കുത്തനെ ഉയർന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ചർച്ച ചെയ്യാൻ ദില്ലി ദുരന്ത നിവാരണ അതോറിറ്റി നാളെ യോഗം ചേരും. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഉത്തർപ്രദേശിലും ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കിൽ 2 ശതമാനം വർധനയുണ്ടായി. മഹാരാഷ്ട്രയിൽ കോവിഡ് മൂന്നാം തരംഗം അതിരൂക്ഷമായി തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. 41,434 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചത്. മുംബൈയിലാണ് ഏറ്റവും അധികം രോഗികളുള്ളത്. മുംബൈയിൽ മാത്രം ടിപിആർ 28 ശതമാനം കടന്നു.

തിങ്കളാഴ്ച്ച മുതൽ രാത്രികാല കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. 10,12 ക്ലാസുകൾ ഒഴികെ സ്‌കൂളുകളും കോളേജുകളും ഫെബ്രുവരി 15 വരെ അടച്ചിട്ടും. പാർക്കുകൾ, മ്യൂസിയങ്ങൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ജിം, സ്വിമ്മിംഗ് പൂളുകൾ തുടങ്ങിയവയും അടയ്ക്കും. സിനിമാ തിയറ്റർ, മാളുകൾ, റസ്റ്റോറൻറ് എന്നിവിടങ്ങളിൽ പ്രവേശനം 50 ശതമാനം പേർക്ക് മാത്രമാക്കി ചുരുക്കും. സ്വകാര്യസ്ഥാപനങ്ങളോട് വർക്ക് ഫ്രം ഹോമിലേക്ക് മാറാൻ സർക്കാർ നിർദ്ദേശം നൽകി. അതല്ലെങ്കിൽ ഓഫീസിലെ ഹാജർ 50 ശതമാനം ആയി കുറയ്ക്കണമെന്നും നിർദ്ദേശമുണ്ട്.

തമിഴ്‌നാട്ടിലും നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. രാത്രി കാല കർഫ്യൂ തുടരാനാണ് തീരുമാനം. ഞായറാഴ്ച്ച തമിഴ്‌നാട്ടിൽ സമ്പൂർണ ലോക്ക്ഡൗണാണ്. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. പൊതു ഗതാഗത സംവിധാനങ്ങളും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല. ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് പോലീസ് മുന്നറിയിപ്പ് നൽകുന്നത്.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ച്ചയിൽ നടപടിയുമായി കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണം പഞ്ചാബ് ഡിജിപിയെ തൽസ്ഥാനത്ത്‌ നിന്നും നീക്കി. പുതിയ പോലീസ് മേധാവിയായി വി.കെ.ഭാവ്രയെയാണ് പഞ്ചാബ് സർക്കാർ നിയമിച്ചത്. താൽക്കാലിക ഡിജിപിയായിരുന്ന സിദ്ധാർഥ് ചതോപാധ്യായ്ക്ക് സുരക്ഷാ വീഴ്ച്ചയെ തുടർന്ന് കേന്ദ്ര സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തെ ഡിജിപി സ്ഥാനത്ത് നിന്നും നീക്കിയത്.

ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച്ചയുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നത്. നേരത്തെ പഞ്ചാബിലെ സുരക്ഷാ വീഴ്ച്ച അന്വേഷിക്കാൻ കേന്ദ്രം ചുമതല നൽകിയിട്ടുള്ള മൂന്നംഗ സമിതി പഞ്ചാബ് ഡിജിപി സിദ്ധാർത്ഥ് ചതുർവേദിയെയും സുരക്ഷ ചുമതലയുള്ള ബട്ടിൻഡ എഎസ്പി അജയ് മൂലജയേയും പഞ്ചാബ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കമമെന്നാണ് അമിത് ഷാ നൽകിയിരിക്കുന്ന നിർദ്ദേശം.

പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ എസ് പി ജി ആവശ്യപ്പെടുന്ന എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സംസ്ഥാന സർക്കാർ പ്രദാനം ചെയ്യണം എന്ന എസ്പിജി ആക്ട് സെക്ഷൻ 14ന്റെ ലംഘനം നടന്നിട്ടുണ്ടോയെന്ന് അന്വേഷണം സംഘം പരിശോധിക്കുകയാണ്. ഇതിൽ വീഴ്ച വന്നതായി കണ്ടെത്തിയാൽ കടുത്ത നടപടി സംസ്ഥാനത്തെ ഉദ്യോഗസ്ഥർ നേരിടേണ്ടി വരും.

കാബിനറ്റ് സെക്രട്ടേറിയറ്റിലെ സുരക്ഷാ വിഭാഗം സെക്രട്ടറി സുധീർ കുമാർ സക്സേനയാണ് സമിതിയുടെ അദ്ധ്യക്ഷൻ. ഐ.ബി ജോയിന്റ് ഡയറക്ടറും എസ്.പി.ജി ഐ.ജിയുമാണ് അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങൾ. ഫിറോസ്പൂരിലെ സുരക്ഷാ മുന്നൊരുക്കങ്ങളിൽ വന്ന വീഴ്ച്ചകളെ കുറിച്ച് കേന്ദ്രസംഘം വിലയിരുത്തും.

ന്യൂഡൽഹി: രാജ്യത്ത് ഇ-പാസ്പോർട്ട് സംവിധാനം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. ഇലക്ട്രോണിക്ക് ചിപ്പുകൾ ഉൾക്കൊള്ളുന്ന ആധുനിക സുരക്ഷ സംവിധാനങ്ങളുള്ള ഇ-പാസ്‌പോർട്ട് സംവിധാനമാണ് വിദേശകാര്യ മന്ത്രാലയം ഏർപ്പെടുത്താനൊരുങ്ങുന്നത്. സുരക്ഷ വർധിപ്പിക്കാനും ഇമിഗ്രേഷൻ നടപടികൾ കൂടുതൽ ലളിതമാക്കാനും ഇ-പാസ്‌പോർട്ട് സഹായിക്കും.

പാസ്പോർട്ടുകളിലെ ചിപ്പുകളിൽ പൗരൻമാരുടെ വ്യക്തി വിവരങ്ങൾ ഡിജിറ്റലായി സ്റ്റോർ ചെയ്യുകയും ഇത് പാസ്പോർട്ട് ലെറ്റുമായി ബന്ധിപ്പിക്കുകയും ചെയ്യും. ഈ വിവരങ്ങളിൽ എന്തെങ്കിലും കൃത്രിമം കാണിക്കാൻ ശ്രമിച്ചാൽ പാസ്പോർട്ട് പരിശോധനകളിൽ ഇത് പിടിക്കപ്പെടുകയും ചെയ്യും. പാസ്‌പോർട്ട് പരിശോധനകൾ വേഗത്തിലാക്കാനും ആധികാരികത വർധിപ്പിക്കാനും പുതിയ നീക്കം സഹായകമാകും. രാജ്യം ഇ പാസ്പോർട്ടിലേക്ക് മാറുകയാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സാക്ഷാത്കരിക്കുന്നതിന്റെ വക്കിലാണ് നാമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.

ഇന്ത്യൻ പൗരൻമാർക്ക് ആഗോളതലത്തിൽ ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ ഇ-പാസ്‌പോർട്ട് സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ വ്യക്തമാക്കി.

ന്യൂഡൽഹി: മദർ തെരേസ രൂപീകരിച്ച മിഷനറീസ് ഓഫ് ചാരിറ്റി സംഘടനയുടെ വിദേശ ഫണ്ടിംഗ് ലൈസൻസ് പുന:സ്ഥാപിച്ച് കേന്ദ്ര സർക്കാർ. വിദേശ ഫണ്ടിംഗ് ലൈസൻസ് പുന:സ്ഥാപിക്കുന്നതിന് ആവശ്യമായ രേഖകൾ മിഷനറീസ് ഓഫ് ചാരിറ്റി സംഘടന സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ നടപടി.

കത്തോലിക്കാ സഭയുടെ വിദേശ ഫണ്ടിംഗ് ലൈസൻസ് പുതുക്കാൻ നേരത്തെ മന്ത്രാലയം വിസമ്മതിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഘടനയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചുവെന്നാരോപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മംമത ബാനർജി രംഗത്തെത്തി. തുടർന്ന് മിഷനറീസ് ഓഫ് ചാരിറ്റി സംഘടനയുടെ എഫ്‌സിആർ അക്കൗണ്ട് കേന്ദ്ര സർക്കാർ മരവിപ്പിച്ചിട്ടില്ലെന്ന വിശദീകരണവുമായി സംഘടന രംഗത്തെത്തി.

സംഘടനയുടെ എഫ്സിആർ അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്യുകയോ, മരവിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും കേന്ദ്ര സർക്കാരിനെതിരെ മമത ബാനർജി നുണ പ്രചാരണമാണ് നടത്തുന്നതെന്നും മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയർ ജനറൽ എം പ്രേമ എംസി അറിയിച്ചിരുന്നു. വിദേശ സംഭാവന സ്വീകരിക്കാനുള്ള അനുവാദമാണ് പുതുക്കി നൽകാത്തതെന്നും മതിയായ രേഖകളില്ലാത്തതിനാൽ 25 ന് അപേക്ഷ തള്ളിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം: സ്‌കൂളുകളിൽ കുട്ടികളെ താലപ്പൊലിക്കും മറ്റും ഉപയോഗിക്കരുതെന്ന് നിർദ്ദേശം. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. കെ.എസ്.ടി.എ. ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം. ക്ലാസ് സമയത്ത് കുട്ടികളെ മറ്റു പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്നും ഇക്കാര്യത്തിൽ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പല സ്ഥലങ്ങളിലും നമ്മൾ ചടങ്ങിനൊക്കെ ചെല്ലുമ്പോൾ കുട്ടികളെ താലപ്പൊലിയുമായി കൊണ്ടുനിർത്താറുണ്ട്. ഇനിമുതൽ അങ്ങനെയൊരു പരിപാടിയും നമ്മുടെ സ്‌കൂളുകളിൽ സംഘടിപ്പിക്കാൻ പാടില്ല എന്നകാര്യം വ്യക്തമാക്കുയാണെന്ന് വി ശിവൻകുട്ടി വ്യക്തമാക്കി.

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഡി ലിറ്റ് നിഷേധിച്ചെന്ന് അറിയിച്ച് കേരള സർവ്വകലാശാല വിസി ഡോ. വി പി മഹാദേവൻ പിള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ കത്ത് പുറത്ത്. ഡിസംബർ ഏഴിനാണ് വൈസ് ചാൻസലർ ഗവർണർക്ക് കത്ത് നൽകിയത്. സിൻഡിക്കേറ്റ് ഡി ലിറ്റ് ശുപാർശ തള്ളിയെന്നാണ് കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. രാജ്ഭവനിൽ നേരിട്ട് എത്തിയാണ് വിസി ഗവർണർക്ക് കത്ത് കൈമാറിയത്.

വെള്ളക്കടലാസിലാണ് കത്ത് എഴുതിയിട്ടുള്ളത്. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് സിൻഡിക്കേറ്റ് അംഗങ്ങളുമായി ചർച്ച നടത്തിയിരുന്നുവെന്നും എന്നാൽ സിൻഡിക്കേറ്റ് അംഗങ്ങൾ അത് നിഷേധിച്ചെന്നും കത്തിൽ പറയുന്നു. തന്റെ വാ മൂടിക്കെട്ടിയിരിക്കുകയാണെന്നും വളരെ വളരെ ഗുരുതരമായ കാര്യങ്ങളുണ്ടെന്നും കഴിഞ്ഞ ദിവസം ഗവർണർ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

മര്യാദ കാരണം വിവരങ്ങൾ പറയുന്നില്ല. രാജ്യത്തിന്റെ യശ്ശസിനെ ബാധിക്കുന്ന ഒരു കാര്യവും താൻ വെളിപ്പെടുത്തില്ല. രാജ്യത്തിന്റെ പ്രതീകങ്ങളോട് അങ്ങേയറ്റം ബഹുമാനം കാണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. അത്തരം കാര്യങ്ങൾ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും മര്യാദയുടെ സീമ പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.

തിരുവനന്തപുരം: മെട്രോമാൻ ഇ ശ്രീധരന് മറുപടിയുമായി മുൻധനമന്ത്രി തോമസ് ഐസക്ക്. മലയാളികളുടെ മനസ്സിൽ വളരെയേറെ ബഹുമാനമുണ്ടായിരുന്ന ഒരു വ്യക്തിത്വമായിരുന്നു ഇ. ശ്രീധരനെന്നും പക്ഷെ അദ്ദേഹം ബിജെപിക്കാരനായതിനുശേഷം എന്തോ കാര്യമായ തകരാറ് സംഭവിച്ചിട്ടുണ്ടെന്നും തോമസ് ഐസ്‌ക്ക് പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കേരളത്തിൽ ഭൂമി വില കൂടുതലാണ്. റെയിൽവേക്ക് പദ്ധതികൾ ലാഭകരമല്ല എന്ന് പറഞ്ഞ് പല പദ്ധതികളും റെയിൽവേ ഫ്രീസ് ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്തു കഴിഞ്ഞു. കോൺഗ്രസ് ഭരിച്ചിരുന്നപ്പോഴും ബിജെപി ഭരിക്കുമ്പോഴും ഇന്ത്യയുടെ റെയിൽവേ ഭൂപടത്തിൽ കേരളം ഇല്ല. ഇവിടെ ട്രെയിൻ ഓടണമെന്ന് റെയിൽവേയ്ക്ക് ഒരു നിർബന്ധവുമില്ല. അത് ഏറ്റവും നന്നായി ഇ. ശ്രീധരന് അറിയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തോമസ് ഐസക്കിന്റെ വാക്കുകൾ:

മലയാളികളുടെ മനസ്സിൽ വളരെയേറെ ബഹുമാനമുണ്ടായിരുന്ന ഒരു വ്യക്തിത്വമായിരുന്നു ഇ. ശ്രീധരൻ. പക്ഷെ അദ്ദേഹം ബിജെപിക്കാരനായതിനുശേഷം എന്തോ കാര്യമായ തകരാറ് സംഭവിച്ചിട്ടുണ്ട്. നാളെ (ശനിയാഴ്ച) അവതരിപ്പിക്കുന്ന ‘മണിമാറ്റേഴ്‌സി’ലേക്ക് വന്ന ചോദ്യങ്ങളിൽ പലതും ഇ. ശ്രീധരൻ പറഞ്ഞതിനോട് പ്രതികരണം എന്താണ് എന്നായിരുന്നു. സമയപരിമിതിമൂലം ചുരുക്കി പ്രതികരിക്കാനേ സാധിക്കൂ. എന്നാൽ, ഇ. ശ്രീധരൻ ഇന്നു പറയുന്നതിന് 2016-ൽ തന്നെ അദ്ദേഹം മറുപടി പറഞ്ഞിട്ടുണ്ട്. ഇതാ ഇ. ശ്രീധരൻ ഇ. ശ്രീധരന് മറുപടി പറയുന്നു:

‘ചതുരശ്ര കിലോമീറ്ററിലുള്ള റോഡിന്റെ നീളം എന്ന കണക്കുവെച്ച് രാജ്യത്ത് ഏറ്റവും റോഡ്‌സാന്ദ്രത (റോഡ് ഡെൻസിറ്റി) കേരളത്തിലാണ്. ഡൽഹി, മുംബൈ, ചെന്നൈ തുടങ്ങിയ മഹാനഗരങ്ങളെ ഒഴിവാക്കിയാൽ ഇവിടെത്തന്നെയാണ് ഏറ്റവും വാഹനസാന്ദ്രതയും. ചതുരശ്ര കിലോമീറ്ററിലെ റോഡപകടങ്ങളുടെ കണക്കുനോക്കിയാലും കേരളം തന്നെ മുന്നിൽ. പ്രതിവർഷം അത് 8000 വരും. തെക്കുവടക്കായാണ് സംസ്ഥാനത്തിന്റെ കിടപ്പ്, 580 കിലോമീറ്റർ നീളത്തിൽ, ശരാശരി വീതി 67 കിലോമീറ്ററും. ഈ നീളത്തിലും വീതിയിലുമെല്ലാം സംസ്ഥാനത്തിന് ഒരു നഗരത്തിന്റെ രുചിയും മണവുമുണ്ട്. തെക്കേ അറ്റത്തുകിടക്കുന്ന തലസ്ഥാനം തിരുവനന്തപുരവും കുറച്ച് വടക്കുമാറി തെക്കുതന്നെ കിടക്കുന്ന വാണിജ്യ തലസ്ഥാനമായ കൊച്ചിയും കണക്കിലെടുത്താൽ നാട്ടിലെ പ്രധാന ഗതാഗതരീതി തെക്കുവടക്കായിട്ടാണ്. ഇപ്പോൾ ലഭ്യമായിട്ടുള്ള രണ്ട് ഗതാഗത ഇടനാഴികൾ, അതായത് റെയിൽവേ ലൈനും നാഷണൽ ഹൈവേയും നമ്മുടെ പോക്കുവരവുകൾ കൈകാര്യംചെയ്യാൻ പര്യാപ്തമല്ല.

റെയിൽവേ ഇപ്പോൾത്തന്നെ ഇരട്ടിയായിട്ടുണ്ട്, മിക്കവാറും വൈദ്യുതീകരിച്ചിട്ടുണ്ട്. അതിന്റെ ശേഷി പ്രയോജനപ്പെടുത്തൽ പല സ്‌ട്രെച്ചുകളിലും 100 ശതമാനത്തിലധികമാണ്. തെക്കുവടക്കൻ ദേശീയപാതയ്ക്ക് രണ്ട് ലൈനുകളേയുള്ളൂ. നാഷണൽ ഹൈവേ നാലുവരിയാക്കാനുള്ള ശ്രമം കടുത്ത പ്രതിരോധത്തെ നേരിടുകയുമാണ്. തെക്കുവടക്ക് ഗതാഗതശേഷി വർധിപ്പിക്കാൻ കാസർകോട് മുതൽ തിരുവനന്തപുരം വരെ വേറിട്ടൊരു എട്ടുവരി മോട്ടോർവേ നിർമിക്കാൻ നിർദേശമുണ്ടായെങ്കിലും സ്ഥലമേറ്റെടുക്കൽ സംബന്ധിച്ച ജനരോഷത്തെത്തുടർന്ന് ഉപേക്ഷിക്കേണ്ടിവന്നു. നാഷണൽ ഹൈവേകൾക്കും റെയിൽവേ ലൈനുകൾക്കും പാർശ്വങ്ങളിലെ കനത്ത നിർമാണപ്രവർത്തനങ്ങളുടെ ഫലമായി ഈ ഇടനാഴികൾ വിസ്തരിക്കാൻ സ്ഥലം ഏറ്റെടുക്കൽ ഇപ്പോൾ അസാധ്യമാണ്.

മേൽപ്പറഞ്ഞ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് പിന്നീട് കാസർക്കോടുവരെ നീട്ടാവുന്ന തിരുവനന്തപുരം കണ്ണൂർ അതിവേഗ റെയിൽവേ ലൈൻ സർക്കാർ പരിഗണിച്ചത്. അതിന്റെ ഒരു സാധ്യതാപഠനം ഡൽഹി മെട്രോറെയിൽ കോർപ്പറേഷൻ നടത്തുകയും റിപ്പോർട്ട് 2011ൽ കേരള സർക്കാറിന് സമർപ്പിക്കുകയും ചെയ്തു. സർക്കാർ ഈ റിപ്പോർട്ട് സ്വീകരിക്കുകയും വിശദമായ ഒരു പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ.) തയ്യാറാക്കാൻ ഡി.എം.ആർ.സി.യെ ഏൽപ്പിക്കുകയും ചെയ്തു. 2016 മാർച്ച് ആവുമ്പോഴേക്കും ഈ ഡി.പി.ആർ. സർക്കാറിന് സമർപ്പിക്കാൻ തയ്യാറാവും.

എട്ടുവരി മോട്ടോർവേയെ അപേക്ഷിച്ച് ഈ അതിവേഗ റെയിൽവേ ലൈനിന്റെ പ്രധാന മേന്മ റോഡിനുവേണ്ടി 70 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കുന്നതിന് പകരം 20 മീറ്റർ വീതി മതിയെന്നതാണ്. റോഡിനെ അപേക്ഷിച്ച് അതിവേഗ റെയിൽവേ ലൈനിന്റെ വാഹനശേഷി ഏതാണ്ട് ഇരട്ടിയായിരിക്കും. നോക്കിനടത്തിപ്പിന്റെ മൂലധനച്ചെലവും റോഡ് നോക്കിനടത്തൽച്ചെലവും ഇന്ധനച്ചെലവുമെല്ലാം കൂട്ടിയാൽ റെയിൽ യാത്രയുടെ ഇരട്ടിയാകും മൊത്തം ചെലവ്. യാത്രക്കാരന് കിലോമീറ്ററിന്റെ ചെലവ് നോക്കിയാൽ റോഡ് ഗതാഗതത്തിന്റെ ആറിലൊന്നുമാത്രമേ റെയിൽ വഴിയുണ്ടാകൂ. പോരെങ്കിൽ മലിനീകരണം കുറവായിരിക്കും, റോഡപകടങ്ങൾ കുറയും. റോഡിലൂടെയുള്ള സഞ്ചാരത്തിന്റെ നാലിലൊന്ന് സമയമേ റെയിൽവഴി വേണ്ടിവരൂ.

ട്രെയിനിന്റെ വേഗം മണിക്കൂറിൽ 200 കിലോമീറ്ററിൽ അധികമായാൽ അതിനെ ഹൈസ്പീഡ് ട്രെയിൻ എന്നാണ് വിളിക്കുക. കൊടും വളവുകളും ദുർബലദേശങ്ങളും മൂലം നിലവിലുള്ള റെയിൽവേ ട്രാക്കുകളിലൂടെ 80 മുതൽ 100 കിലോമീറ്റർവരെ മാത്രം വേഗത്തിലേ സഞ്ചരിക്കാൻ കഴിയൂ. അതിനാൽ നിലവിലുള്ള ട്രാക്കുകളിലൂടെ വേഗം വർധിപ്പിക്കാൻ കഴിയില്ല. ഈ ട്രാക്കുകളിൽ ഹൈസ്പീഡ് ട്രെയിനുകൾ ഓടിക്കാനും കഴിയില്ല. അതുപോലെ നിലവിലുള്ള ദേശീയപാതകളുടെ പാർശ്വങ്ങളിൽ കനത്ത ജനവാസമുണ്ട്, അതിനാൽ റോഡ് വീതികൂട്ടലിനെതിരെ കടുത്ത പ്രതിരോധം ഉണ്ടാവുകയും ചെയ്യും. അതിനാൽ നിർദിഷ്ട ഹൈസ്പീഡ് റെയിലിന്റെ പാത ഈ രണ്ട് സഞ്ചാര ഇടനാഴികളിൽനിന്നും അകലെയായിട്ടാണ് തിരഞ്ഞെടുത്തിരിക്കുന്നത്, കിഴക്കുമാറി ജനവാസം കുറഞ്ഞ പ്രദേശങ്ങളിലൂടെ (നിർദിഷ്ട സ്റ്റേഷൻ സ്ഥാനങ്ങളടക്കമുള്ള ഹൈസ്പീഡ് റെയിലിന്റെ റൂട്ട് മാപ് കാണുക).

ഹൈസ്പീഡ് റെയിൽവേയിൽ മണിക്കൂറിൽ 350 കിലോമീറ്റർവരെ വേഗത്തിൽ പോകാൻ കഴിയും. തിരുവനന്തപുരത്തുനിന്ന് കൊല്ലംവരെ 20 മിനുട്ടുകൊണ്ട് ഓടാൻ കഴിയും, തിരുവനന്തപുരത്തുനിന്ന് കൊച്ചിവരെ 53 മിനുട്ടുകൊണ്ടും. തിരുവനന്തപുരത്തുനിന്ന് കോഴിക്കോടുവരെ 98 മിനുട്ടുകൊണ്ടും കണ്ണൂർവരെ രണ്ടുമണിക്കൂർ കൊണ്ടും ഈ വണ്ടിക്ക് ഓടിയെത്താൻ കഴിയും. ആവശ്യമെങ്കിൽ ഓരോ മൂന്ന് മിനുട്ടിലും ഒരു വണ്ടി എന്നകണക്കിൽ ഓടാൻ കഴിയുമെങ്കിലും 15 മിനുട്ടിൽ ഒരു വണ്ടി എന്ന രീതിയിലാണ് ട്രെയിനുകൾ വിഭാവനം ചെയ്യുന്നത്.

തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള 430 കിലോമീറ്റർ ദൂരത്തിൽ 190 കിലോമീറ്റർ തറനിരപ്പിൽനിന്ന് ഉയർത്തിയിട്ടായിരിക്കും. 146 കിലോമീറ്റർ ഭൂഗർഭപാതയായിരിക്കും. ബാക്കിദൂരം ഭൂമി കിളച്ച് ചാലുകളുണ്ടാക്കിയും വരമ്പുകളുണ്ടാക്കിയും ആയിരിക്കും പൂർത്തിയാക്കുക. റെയിൽപ്പാതയുണ്ടാക്കാൻ വേണ്ടി ഏറ്റെടുക്കുക 20 മീറ്റർ വീതിയിലുള്ള സ്ഥലം മാത്രമായിരിക്കും. വിശദമായ സർവേയിൽ കണ്ടത് ഇതിനായി ഏറ്റെടുക്കേണ്ട സ്ഥലം 600 ഹെക്ടറാണെന്നാണ്. അതിൽ സ്വകാര്യഭൂമി 450 ഹെക്ടർ മാത്രമാണ്. ഇതിൽ നാശങ്ങളുണ്ടാവുക 3868 നിർമാണങ്ങൾക്കും വെട്ടിക്കളയേണ്ടി വരിക 37,000 മരങ്ങളും ആയിരിക്കും. ഹൈസ്പീഡ് റെയിൽ പ്രവർത്തനം ആരംഭിക്കുന്ന വർഷം പ്രതിദിനം ഒരു ലക്ഷം യാത്രികർക്ക് സഞ്ചരിക്കാൻ കഴിയും. 2025 ആകുമ്പോഴേക്കും ഇത് 1.25 ലക്ഷവും 2040ൽ 1.75 ലക്ഷവുമാകും. ഇത്രയും യാത്രക്കാർമൂലം ഹൈസ്പീഡ് റെയിൽ സാമ്പത്തിക സ്വയംപര്യാപ്തമാകും.

ഹൈസ്പീഡ് റെയിൽവേ ലൈനിനുവേണ്ട സാങ്കേതികവിദ്യ ഇന്ന് രാജ്യത്ത് നിലവിലില്ല. ഇന്ത്യാ സർക്കാർ മുംബൈ അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽവേ ലൈനിനായി ജപ്പാൻ സർക്കാറുമായി ധാരണപത്രം ഒപ്പിട്ടതുപോലെ ഒരു തന്ത്രം തിരുവനന്തപുരം കണ്ണൂർ ഹൈസ്പീഡ് റെയിലിനുവേണ്ടിയും ചെയ്യേണ്ടിവരും. അങ്ങനെയെങ്കിൽ പദ്ധതിയുടെയും സാങ്കേതികവിദ്യയുടെയും 85 ശതമാനം ചെലവും ജപ്പാനിൽനിന്ന് സംഘടിപ്പിക്കാൻ കഴിയുംവെറും 0.3 ശതമാനം പലിശനിരക്കിൽ 10 വർഷത്തെ മൊറട്ടോറിയത്തിനുശേഷം 30 വർഷംകൊണ്ട് തിരിച്ചടയ്‌ക്കേണ്ട വായ്പ എന്നനിലയിൽ. അപ്പോൾ ഇതിലേക്കായി കേന്ദ്രസർക്കാറിന്റെ നിക്ഷേപം 7500 കോടിയും സംസ്ഥാനസർക്കാറിന്റെ നിക്ഷേപം 15,000 കോടിയും ആയിരിക്കും.

ഹൈസ്പീഡ് റെയിൽവേ ലൈൻ റോഡപകടങ്ങൾ 30 ശതമാനംകണ്ട് കുറയ്ക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതായത്, ഓരോ വർഷവും 2400 പേരുടെ ജീവൻ രക്ഷപ്പെടും. ഇതുതന്നെ ഹൈസ്പീഡ് റെയിലിനുവേണ്ട ന്യായമാണ്. ഓരോ വർഷവും 1000 വാഹനങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുന്ന കേരളത്തിൽ ഗതാഗതക്കുരുക്കുകളിലും റോഡപകടങ്ങളിലും ഉണ്ടാകാൻ പോകുന്ന വർധന ആലോചിക്കാവുന്നതേയുള്ളൂ.

1964 ൽ ടോക്കിയോയ്ക്കും ഒസാക്കയ്ക്കും ഇടയിൽ ബുള്ളറ്റ് ട്രെയിനുകൾ അവതരിപ്പിച്ചത്, വർധിതമായ സാമ്പത്തികപ്രവർത്തനങ്ങൾകൊണ്ടുമാത്രം ജപ്പാന്റെ മുഖച്ഛായ മാറ്റി. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള ഹൈസ്പീഡ് റെയിൽവേലൈൻ സംസ്ഥാനത്തിന്റെ സാമ്പത്തികവികസനത്തിന്റെ നവയുഗം അവതരിപ്പിച്ച് കേരളത്തിന്റെ മുഖച്ഛായ മാറ്റുമെന്നാണ് എന്റെ അഭിപ്രായം.’

ഇ. ശ്രീധരൻ, 2016 ജനുവരി 15ന് എഴുതി മാതൃഭൂമി പ്രസിദ്ധീകരിച്ചതാണ്.

കേന്ദ്രം അതിവേഗ കോറിഡോർ കൊണ്ടുവരുമല്ലോ..?..നഞ്ചൻഗോഡ് പാത, ഗുരുവായൂർ-തിരൂർ അനുമതി കിട്ടിയല്ലോ എന്നെല്ലാം പ്രചരിപ്പിക്കുന്നവർ ആലപ്പുഴയിലേക്ക് ഒന്ന് നോക്കണം..

1991 ൽ പൂർത്തിയായ തീരദേശ പാതയിൽ ഇരട്ടിപ്പിക്കൽ തുടങ്ങി 20 വർഷം ആയി. ഇത് വരെ കായംകുളം-ഹരിപ്പാട് വരെ 20 കിലോമീറ്റർ മാത്രമാണ് ഇരട്ടിപ്പിച്ചത്.. ഈ വർഷം അമ്പലപ്പുഴ വരെ കമ്മീഷൻ ചെയ്യും. ആകെ 100 കിലോമീറ്ററിലധികം വരുന്ന തീരദേശപാത, റെയിൽവേയുടെ ഈ സമയ കണക്കു വച്ചാണെങ്കിൽ പൂർത്തിയാകാൻ 100 വർഷത്തിലധികം എടുക്കും. ഏതായാലും അമ്പലപ്പുഴ മുതൽ എറണാകുളം വരെയുള്ളത് ഇതിനിടെ റെയിൽവേ ഫ്രീസ് ചെയ്തു.

2016-ൽ പിണറായി സർക്കാർ വന്ന സമയം മുതൽ ശ്രമിച്ചതിന്റെയും 2019 മുതൽ എ.എം. ആരിഫ് എംപിയുടെ നിരന്തരമായ ഫോളോഅപ്പിന്റെയും അവസാനം, 2020-ലാണ് ഡീഫ്രീസ് ചെയ്ത് പദ്ധതി തുടരാൻ അനുമതി കിട്ടിയതും ഭൂമി ഏറ്റെടുക്കാനും നിർമ്മാണത്തിനും പണം അനുവദിച്ച് ടെൻഡറിലേക്ക് പോയതും.

കേരളത്തിൽ ഭൂമി വില കൂടുതലാണ്. റെയിൽവേക്ക് പദ്ധതികൾ ലാഭകരമല്ല എന്ന് പറഞ്ഞ് മുകളിൽ പറഞ്ഞ പദ്ധതികൾ എല്ലാം ഫ്രീസ് ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്തു കഴിഞ്ഞു. കോൺഗ്രസ് ഭരിച്ചിരുന്നപ്പോഴും ബിജെപി ഭരിക്കുമ്പോഴും ഇന്ത്യയുടെ റെയിൽവേ ഭൂപടത്തിൽ കേരളം ഇല്ല. ഇവിടെ ട്രെയിൻ ഓടണമെന്ന് റെയിൽവേയ്ക്ക് ഒരു നിർബന്ധവുമില്ല. അത് ഏറ്റവും നന്നായി ഇ. ശ്രീധരന് അറിയാം.