ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിലെ സുരക്ഷ വീഴ്ച അന്വേഷിക്കണമെന്ന ഹർജിയിൽ തീരുമാനം പറയുന്നത് തിങ്കളാഴ്ച്ചത്തേക്ക് മാറ്റി സുപ്രീം കോടതി. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അന്വേഷണം നിർത്തിവെയ്ക്കണമെന്നും തെളിവുകൾ സംരക്ഷിക്കണമെന്നുമാണ് സുപ്രീം കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. സുരക്ഷ വീഴ്ച സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിവരം. സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണത്തിന് തയ്യാറാണെന്ന് പഞ്ചാബ് സർക്കാരും അറിയിച്ചു.
പഞ്ചാബ് രജിസ്ട്രാർ ജനറൽ രേഖകൾ സൂക്ഷിക്കണമെന്നും ഡിജിപിയും എൻഐഎയും രേഖകൾ ശേഖരിക്കാൻ സഹായിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി റോഡ് ഉപരോധത്തെ തുടർന്ന് 20 മിനിറ്റോളം പഞ്ചാബിലെ ഒരു മേൽപാലത്തിൽ കുടുങ്ങിയത്. തുടർന്ന് അദ്ദേഹം പഞ്ചാബിൽ പങ്കെടുക്കാനിരുന്ന റാലി റദ്ദാക്കി ഡൽഹിയിലേക്കു മടങ്ങുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബ് സർക്കാരിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. വൻ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നാരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും പഞ്ചാബ് സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.