തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് പാർട്ടി ജില്ലാ സമ്മേളനം നടത്തിയതിനെ ന്യായീകരിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോവിഡ് മാനദണ്ഡം പാലിച്ചാണ് സമ്മേളനം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. പൊതുസമ്മേളനം ഒഴിവാക്കിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സമ്മേളനങ്ങൾ വൈകിയാൽ അത് പാർട്ടിയുടെ ജനാധിപത്യ നടത്തിപ്പിനെ ബാധിക്കും. അതുകൊണ്ടാണ് നീട്ടിക്കൊണ്ട് പോകാതിരുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഹാളുകളിൽ 300 പേരെ അനുവദിച്ചിട്ടുണ്ട്. അതിനാലാണ് സമ്മേളനം നടത്തിയത്. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഒഴിവാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് പാർട്ടി സമ്മേളനം നടത്തിയതിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. സമ്മേളന പ്രതിനിധികൾക്ക് കോവിഡ് ബാധിക്കുകയും ചെയ്തിരുന്നു.
കോൺഗ്രസിനെതിരെയും കോടിയേരി വിമർശനം ഉന്നയിച്ചിരുന്നു. ന്യൂനപക്ഷത്ത് നിന്നുള്ള ഒരു നേതാവ് കോൺഗ്രസിന്റെ നേതൃനിരയിൽ ഇല്ല. കോൺഗ്രസിന്റെ കാലത്ത് നടക്കില്ലെന്ന് പറഞ്ഞ് പിൻമാറിയ പല പദ്ധതികളും ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടപ്പിലാക്കാനായെന്നും കോടിയേരി വ്യക്തമാക്കി.

