ഫ്രാങ്കോ മുളയ്ക്കലിന് മറ്റ് ചുമതലകൾ നൽകരുത്; ആവശ്യവുമായി സേവ് അവർ സിസ്റ്റേഴ്സ് ഫോറം

കൊച്ചി: പീഡനക്കേസിൽ കോടതി കുറ്റവിമുക്തനാക്കിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് മറ്റ് ചുമതലകൾ നൽകരുതെന്ന ആവശ്യവുമായി സേവ് അവർ സിസ്റ്റേഴ്സ് ഫോറം(എസ്ഒഎസ്) കൺവീനർ ഫാദർ അഗസ്റ്റിൻ വട്ടോലി. കുറ്റവിമുക്തനായതോടെ സഭാ ചുമതലകളിലേക്ക് ഫ്രാങ്കോ മുളയ്ക്കൽ തിരികെവരാൻ ശ്രമം നടത്തുന്നതായുളള വിവരങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേസ് പൂർണമായും അവസാനിക്കും വരെ കുറവിലങ്ങാട് മഠത്തിൽ കന്യാസ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസിൽ അപ്പീലിന് പോകും. ഹൈക്കോടതി തളളിയാൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കന്യാസ്ത്രീകൾക്ക് മഠത്തിൽ കഴിയാനായത് വിക്ടിം പ്രൊട്ടക്ഷൻ ആക്ടിന്റെ ബലമുളളതുകൊണ്ടാണ്. കേസിൽ വിധി പറഞ്ഞെന്ന് കരുതി അവരെ ഇനി സ്ഥലംമാറ്റുന്നതുൾപ്പടെ നടപടികളുണ്ടാകരുതെന്ന് ഫാദർ അഗസ്റ്റിൻ വട്ടോലി ആവശ്യപ്പെട്ടു. കർദ്ദിനാളിന്റെ മൊഴിയെക്കുറിച്ച് അദ്ദേഹം സ്വന്തം മാനസാക്ഷിയോട് ചോദിക്കട്ടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാലാ ബിഷപ്പിനെ കുറവിലങ്ങാട് പളളിയിൽ വച്ച് കണ്ട കന്യാസ്ത്രീകൾ വിഷയം അദ്ദേഹത്തോട് പറഞ്ഞു. വിഷയം കർദ്ദിനാളിനോട് പറയാൻ അദ്ദേഹം പറഞ്ഞതിനെ തുടർന്ന് ഒരു മണിക്കൂർ അടച്ചിട്ട മുറിയിൽ സംസാരിച്ചുവെന്നും ഇത് മഠത്തിലെ പൂപ്പൽ കഴുകിക്കളയാനോ, ട്യൂബ് ലൈറ്റ് മാറ്റാനോ ടാപ്പ് മാറ്റാനോ അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.