General (Page 1,254)

k rail

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി കടന്നുപോകുന്നത് 164 പ്രളയസാധ്യതാ പ്രദേശങ്ങളിലൂടെയെന്ന് ഡിപിആർ. ഇതിൽ 25 പ്രദേശങ്ങൾ അതീവ പ്രശ്‌നസാധ്യതയുള്ളതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വെള്ളപ്പൊക്കമുണ്ടായാൽ കെ റെയിലിന്റെ കൊല്ലം സ്റ്റേഷനും യാർഡും കാസർകോട് യാർഡും മുങ്ങാൻ സാധ്യതയുണ്ടെന്നാണ് പാരിസ്ഥിതിക ആഘാത പഠനത്തിൽ പറയുന്നത്. കേരളത്തിന്റെ ഭൂപ്രകൃതിയെ തന്നെ സിൽവൽ ലൈൻ മാറ്റിമറിച്ചേക്കാമെന്നും പരിസ്ഥിതി ആഘാത പഠനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുരുക്കുംപുഴ, വാകത്താനം, ചോറ്റാനിക്കര തുടങ്ങിയ 25 പ്രദേശങ്ങളാണ് തീർത്തും അപകടകരമായുള്ളത്.

ഈ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് പരിസ്ഥിതി ആഘാത പഠനത്തിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. കൊല്ലം സ്റ്റേഷനും യാർഡും പ്രളയം വന്നാൽ മുങ്ങാൻ സാധ്യതയേറെയാണ്. കാസർകോഡ് യാർഡിനും ഇത്തഹരത്തിൽ ഭീഷണി നിലനിൽക്കുന്നുണ്ട്. കൊല്ലത്ത് അയത്തിൽ തോട് വഴിതിരിച്ചുവിടണമെന്നും നിർദ്ദേശമുണ്ട്. കാസർകോഡ് സോയിൽ പൈപ്പിംഗ് മേഖലയിലൂടെയും പാത പോകുന്നു. തറനിരപ്പിൽ നിന്നും ഉയർത്തിക്കെട്ടുന്ന 293 മീറ്റ ദൂരത്തിലെ പാത നിർമ്മാണത്തിലെ ആശങ്കയും ഡിപിആർ പങ്ക് വെക്കുന്നുണ്ട്. സിൽവർ ലൈൻ പദ്ധതി നിർമ്മാണ സമയത്ത് വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്നും പക്ഷെ നിർമ്മാണം തീർന്നാൽ പ്രശ്‌നമില്ലെന്നുമാണ് പരിസ്ഥിതി ആഘാത പഠനം ചൂണ്ടിക്കാട്ടുന്നത്. സെന്റർ ഫോർ എൻവയോൺമെന്റ് ആന്റ് ഡവലപ്‌മെൻറാണ് പാരിസ്ഥിതിക പഠനം നടത്തിയത്.

മോസ്‌കോ: പസഫിക് ദ്വീപ സമുദ്രമായ ടോംഗോയില്‍ സമുദ്രത്തിനടിയിലുണ്ടായ അഗ്‌നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്ന് രൂപപ്പെട്ട സുനാമിയില്‍ വീടുകളിലും കെട്ടിടങ്ങളിലും അതിശക്തമായ കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിച്ചു. തീരദേശവാസികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

30 വര്‍ഷത്തിനിടെ ടോംഗയിലുണ്ടാവുന്ന ഏറ്റവും വലിയ സ്ഫോടനമാണിത്. വെള്ളിയാഴ്ച ആദ്യ സ്‌ഫോടനമുണ്ടാവുകയും, ശനിയാഴ്ച ഏഴുമടങ്ങ് ശക്തിയോടെ അഗ്നിപര്‍വതം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ ചാരവും വാതകവും 20 കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചതായി ടോംഗ ജിയോളജിക്കല്‍ സര്‍വീസസ് അറിയിച്ചു.

അയല്‍രാജ്യമായ ജപ്പാനിലെ അമാമി, തോകറ ദ്വീപുകള്‍, ഓസ്ട്രേലിയയുടെ കിഴക്കന്‍ തീരങ്ങള്‍, ടാസ്മാനിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലും യുഎസിന്റെ ഏതാനും ഭാഗങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ വടക്കു ഭാഗത്തുള്ള കടല്‍ത്തീരത്ത് സുനാമി കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് ന്യൂസിലന്‍ഡ് എംബസിയില്‍നിന്ന് വിവരം ലഭിച്ചതായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍ പറഞ്ഞു.

പത്തനംതിട്ട: മൂന്നാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് കോവിഡ് രോഗബാധയ്ക്ക് അതിതീവ്ര വ്യാപന സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. തിരുവനന്തപുരത്താണു രോഗവ്യാപനം കൂടുതലായുള്ളതെന്ന് മന്ത്രി പറഞ്ഞു.. വിവിധ ജില്ലകളിലായി 78 ക്ലസ്റ്ററുകൾ സജീവമാണ്. ഇതിൽ ഏറെയും വിദ്യാഭ്യാസ സ്ഥാപനങ്ങളോ അനുബന്ധ ഹോസ്റ്റലുകളോ ആണെന്ന് വീണാ ജോർജ് വ്യക്തമാക്കി.

രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിലും സ്‌കൂളുകൾ ഉടൻ അടയ്ക്കില്ല. ജനുവരി 21 ന് സ്‌കൂളുകൾ അടയ്ക്കാനാണ് സർക്കാരിന്റെ തീരുമാനം. വ്യാപനം അതിരൂക്ഷമായതിനാൽ സ്‌കൂളുകൾ അടയ്ക്കാത്തത് സ്ഥിതി വഷളാക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. എല്ലാ ക്ലാസുകളും ഓൺലൈനിലേക്ക് മാറ്റണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

അതേസമയം ഒമിക്രോണിൽ മണവും രുചിയും നഷ്ടപ്പെടുന്ന സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കോവിഡ് വരുന്നവർക്ക് മണവും രുചിയും നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. കോവിഡിന്റെ ഡൽറ്റ വകഭേദത്തിൽ പ്രത്യേകിച്ച് അത് കണ്ടതാണ്. പക്ഷേ ഒമിക്രോണിലേക്ക് എത്തുമ്പോൾ അത് ഉണ്ടാകുന്നില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

പനിയാണെങ്കിലും മണവും രുചിയും ഉണ്ടാകും. അതുകൊണ്ട് കോവിഡ് അല്ലെന്ന നിഗമനത്തിൽ സ്വയം എത്തരുതെന്ന് മന്ത്രി പറഞ്ഞു. കോവിഡ് ലക്ഷണങ്ങളുള്ളവർ പരിശോധന നടത്തണം. ലക്ഷണം ഇല്ലാത്തവരിൽ നിന്നാണ് കോവിഡ് രോഗവ്യാപനം ഉണ്ടാകുന്നതെന്നും അതുകൊണ്ടാണ് കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് പറയുന്നതെന്നും മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.

ചായ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. രാവിലെയും വൈകിട്ടും ഓരോ ചായയോ കാപ്പിയോ കുടിക്കുക എന്നത് മലയാളികളുടെ ശീലങ്ങളിലൊന്നാണ്. എന്നാൽ ചായയിലും കാപ്പിയിലും പഞ്ചസാര അധികം ചേർക്കുന്നത് ആരോഗ്യത്തിന് അധികം നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ചായ അല്ലെങ്കിൽ കാപ്പി പോലുള്ള പാനീയങ്ങളിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കുക എന്നതാണ് ആരോഗ്യത്തിന് നല്ലത്. ചായയിലും കാപ്പിയിലും പഞ്ചസാര ഒഴിവാക്കണം എന്ന് പറയുന്നതിന്റെ കാരണം എന്താണെന്ന് നോക്കാം.

പഞ്ചസാര ചേർക്കുന്നത് ചൂടുള്ള പാനീയങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ കുടിച്ചു തീർക്കാൻ സഹായിക്കും. പാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര രക്തത്തിൽ പെട്ടെന്ന് ആഗിരണം ചെയ്യപ്പെടും. രക്തത്തിലെ പഞ്ചസാരയുടെ അളവിന് ഒരു ബ്രേക്ക് പോയിന്റ് ഉണ്ട്. അതിനാൽ, പഞ്ചസാരയുടെ അളവ് കൂടിയാൽ അത് കുറയ്ക്കുന്നതിനായി ശരീരം പാൻക്രിയാസ് വലിയ അളവിൽ ഇൻസുലിൻ ഉത്പാദിപ്പിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ദ്രുതഗതിയിലുണ്ടാകുന്ന വർദ്ധനവും കുറവും ആരോഗ്യത്തിന് ദോഷകരമാണ്. കുടൽ, കരൾ, പാൻക്രിയാസ് എന്നിവയിൽ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യതയും ഇത് വർധിപ്പിക്കും.

പഞ്ചസാരയില്ലാതെ ചായയും കാപ്പിയും കുടിക്കുന്നതാണ് പ്രമേഹരോഗികൾക്ക് നല്ലത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നവർക്കും പഞ്ചസാര ഒഴിവാക്കി കട്ടൻ ചായ കുടിക്കാം.

കോഴിക്കോട്: ജസ്റ്റിസ് ഹേമ സമിതി റിപ്പോർട്ട് സർക്കാർ പുറത്തുവിടാൻ സാധ്യതയില്ല. ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിലുള്ളത് അന്വേഷണ കമ്മീഷൻ അല്ല കമ്മിറ്റിയാണെന്നാണ് വനിതാ കമ്മീഷൻ അധ്യക്ഷ പി സതിദേവി വ്യക്തമാക്കി. അതിനാൽ റിപ്പോർട്ട് നിയമസഭയിൽ വയ്‌ക്കേണ്ടതില്ലെന്നാണ് മുൻ സാംസ്‌കാരിക മന്ത്രി വ്യക്തമാക്കിയതെന്നും സതിദേവി അറിയിച്ചു. സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി അംഗങ്ങളുമായി സതിദേവി ഇന്ന് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് ശേഷമായിരുന്നു വനിതാ കമ്മീഷൻ അദ്ധ്യക്ഷയുടെ പ്രതികരണം.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് കണ്ടെത്തിയ കാര്യങ്ങൾ പുറത്തു വിടണമെന്നതാണ് ഡബ്ല്യു.സി.സി. അംഗങ്ങൾ പ്രധാനമായും ഉന്നയിച്ച ആവശ്യം. ഏതൊരു തൊഴിൽ മേഖലയിലുമെന്നതു പോലെ സിനിമയിലും ആഭ്യന്തര പരാതി സെൽ ആവശ്യമാണ്. വേതനവ്യവസ്ഥയിലെ അന്തരവും അംഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. സിനിമാ മേഖലയിൽ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുന്നതിനുള്ള സാഹചര്യം ഉറപ്പു വരുത്താനും എല്ലാ തരത്തിലുള്ള വിവേചനങ്ങൾക്കും അറുതി വരുത്താനും പരാതികൾ ബോധിപ്പിക്കാനും പരിഹരിക്കാനുമുള്ള സംവിധാനം ഉറപ്പുവരുത്താനും പ്രൊഡക്ഷൻ കമ്പനികൾ മുന്നോട്ട് വരേണ്ടതായിട്ടുണ്ടെന്ന് സതിദേവി പറഞ്ഞു.

ഇത് കൃത്യമായി പരിപാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ ഒരു റഗുലേറ്ററി സംവിധാനത്തിന്റെ അനിവാര്യതയാണ് വ്യക്തമാക്കപ്പെടുന്നത്. ഇത്തരം കാര്യങ്ങൾ പരിശോധിച്ച് സർക്കാരിന് ഇതു സംബന്ധിച്ച നിർദേശങ്ങൾ കമ്മീഷൻ സമർപ്പിക്കുന്നതാണെന്നും സതിദേവി അറിയിച്ചു.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരണമെന്നാണ് ആഗ്രഹമെന്ന് ഡബ്ല്യൂസിസി അംഗങ്ങൾ പ്രതികരിച്ചു. അന്വേഷണ കമ്മീഷൻ അല്ലെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നതെന്നും ഇനി കാത്തിരിക്കാനാവില്ലെന്നും ഡബ്ല്യൂസിസി അംഗങ്ങൾ വ്യക്തമാക്കി. ഹേമ കമ്മിറ്റിക്ക് മുൻപാകെ തനിക്ക് ഉണ്ടായ വ്യക്തിപരമായ പ്രശ്‌നങ്ങൾ എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ടെന്ന് നടി പാർവ്വതി പറഞ്ഞു. നടിയെ പിന്തുണക്കുന്നു എന്ന് പോസ്റ്റിട്ടവർ സ്വന്തം പ്രൊഡക്ഷൻ കമ്പനിയിൽ ഇന്റേണൽ കംപ്ലയിന്റ് കമ്മറ്റി ഉണ്ടോയെന്ന് വ്യക്തമാക്കണമെന്നും അങ്ങനെയാണ് സ്ത്രീകളുടെ കൂടെ നിൽക്കേണ്ടതെന്നും പാർവ്വതി കൂട്ടിച്ചേർത്തു.

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ച ബ്രിട്ടീഷ് എൻജിനീയറുടെ പ്രതിമ സ്ഥാപിക്കാനൊരുങ്ങി തമിഴ്‌നാട് സർക്കാർ. ബ്രിട്ടനിലാണ് തമിഴ്‌നാട് സർക്കാർ മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ച ബ്രിട്ടീഷ് എൻജിനീയറുടെ പ്രതിമ സ്ഥാപിക്കുന്നത്. എഞ്ചിനീയർ കേണൽ ജോൺ പെന്നിക്യുക്കിയാണ് മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ചത്. അദ്ദേഹത്തിന്റെ ജന്മനാടായ ബ്രിട്ടനിലെ കാംബർലിയിലാണ് പ്രതിമ സ്ഥാപിക്കുക.

കാംബർലിയിലെ തമിഴ് വിഭാഗക്കാർ ഇതിനായി സെന്റ് പീറ്റേഴ്‌സ് ചർച്ചിൽ നിന്ന് അനുമതി നേടിയിട്ടുണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പെന്നിക്യുക്കിന്റെ ജന്മദിനത്തിലാണ് തമിഴ്‌നാട് സർക്കാർ പ്രതിമ സ്ഥാപിക്കുന്ന വിവരം സർക്കാർ പ്രഖ്യാപിച്ചത്.

1895 ലാണ് മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ചത്. അണക്കെട്ട് നിർമ്മാണത്തിന്റെ ഒരു ഘട്ടത്തിൽ ബ്രിട്ടീഷ് സർക്കാർ പ്രോജക്ടിനാവശ്യമായ തുക നൽകിയിരുന്നില്ല. തുടർന്ന് പെന്നിക്യുക്ക് ഇംഗ്ലണ്ടിലുള്ള തന്റെ സ്വത്തുക്കൾ വിറ്റ് ഈ തുക അണക്കെട്ട് നിർമ്മാണത്തിനായി ഉപയോഗിക്കുകയായിരുന്നു. ആത്മവിശ്വാസത്തോടെയായിരുന്നു പെന്നിക്യുക്ക് മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ചതെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന കോവിഡ് നിയന്ത്രണങ്ങൾ മതചടങ്ങുകൾക്കും ബാധകം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ൽ കൂടുതലുള്ള ജില്ലകളിൽ മതചടങ്ങുകളിൽ പങ്കെടുക്കാൻ അനുമതി നൽകിയിട്ടുള്ളത് 50 പേർക്ക് മാത്രമാണ്.

ടിപിആർ 20 ൽ കൂടുതലുള്ള ജില്ലകളിൽ സാമൂഹ്യ, സാംസ്‌കാരിക, സാമുദായിക പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്കും 50 പേർക്ക് മാത്രമാണ് പ്രവേശനാനുമതി നൽകുകയെന്ന് നേരത്തെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. കൂടുതൽ പേർ പങ്കെടുക്കേണ്ട നിർബന്ധിത സാഹചര്യങ്ങളിൽ പ്രത്യേക അനുവാദം വാങ്ങണമെന്നായിരുന്നു നിർദ്ദേശം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ൽ കൂടുതൽ വന്നാൽ പൊതുപരിപാടികൾ നടത്താൻ അനുവദിക്കില്ല.

കോവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ ശബരിമലയിൽ ജനുവരി 16 മുതൽ നേരത്തെ ഓൺലൈൻ ബുക്കിംഗ് ചെയ്തവർക്ക് സന്ദർശനം മാറ്റി വെയ്ക്കാൻ അഭ്യർഥിച്ച് സന്ദേശം അയക്കാൻ ബന്ധപ്പെട്ട വകുപ്പിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം ചർച്ചയിലൂടെ നിശ്ചയിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

എല്ലാ വ്യാപാര സ്ഥാപനങ്ങളും ഓൺലൈൻ ബുക്കിങ്ങും വിൽപ്പനയും പ്രോത്സാഹിപ്പിക്കേണ്ടതാണ്. മാളുകളിൽ ജനത്തിരക്ക് ഉണ്ടാകാത്ത രീതിയിൽ 25 സ്‌ക്വയർ ഫീറ്റിന് ഒരാളെന്ന നിലയിൽ നിശ്ചയിക്കേണ്ടതും അതനുസരിച്ചു മാത്രം ആളുകളെ പ്രവേശിപ്പിക്കേണ്ടതുമാണ്. ഇത് ജില്ലാ ഭരണ കൂടം ഉറപ്പു വരുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു.

ഒമ്പതാം ക്ലാസ് വരെ ജനുവരി 21 മുതൽ രണ്ടാഴ്ചക്കാലം ഓൺലൈൻ സംവിധാനത്തിലൂടെ നടത്തിയാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ഫെബ്രുവരി രണ്ടാം വാരം ഇത് തുടരണമോയെന്ന് പരിശോധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ രണ്ടാഴ്ചവരെ അടച്ചിടാൻ പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർക്ക് അധികാരം നൽകും. സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് വ്യാപനം ഏറ്റവും അധികമുള്ളത്. കോവിഡുമായി ബന്ധപ്പെട്ട ഡാറ്റാ കോവിഡ് ജാഗ്രതാ പോർട്ടലിലൂടെ ആരോഗ്യ വകുപ്പ് പോലീസ്, തദ്ദേശ സ്വയംഭരണം, റവന്യൂ തുടങ്ങി ബന്ധപ്പെട്ട വകുപ്പുകൾക്ക് ലഭ്യമാക്കേണ്ടതാണ്. കോവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തി ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടർമാരോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം സംവിധാനം അനുവദിക്കും. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേതുൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓൺലൈൻ ആയി നടത്തേണ്ടതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൊച്ചി: പീഡന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാൻ പരാതിക്കാരി. അപ്പീൽ നൽകാൻ സേവ് സിസ്റ്റേഴ്‌സ് ഫോറം കന്യാസ്ത്രിക്ക് നിയമ സഹായം നൽകും. ഫാദർ അഗസ്റ്റ്യൻ വട്ടോളിയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത ആഴ്ചതന്നെ പരാതിക്കാരി ഹൈക്കോടതിയിൽ ഹർജി നൽകുമെന്നാണ് വിവരം.

കന്യാസ്ത്രീ തന്നെ നേരിട്ട് കോടതിയിൽ ഹർജി സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. കേസിൽ കന്യാസ്ത്രീ വിചാരണക്കോടതിയിലും പ്രത്യേക അഭിഭാഷകനെ നിയോഗിച്ചിരുന്നു. തുടർന്നും നിയമ പോരാട്ടം നടത്താനാണ് കന്യാസ്ത്രീ തീരുമാനിച്ചത്.

അതേസമയം പ്രോസിക്യൂഷനും വിധിന്യായം ചോദ്യം ചെയ്തു കൊണ്ട് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സ്‌പെഷ്യൽ പ്രോസിക്യൂട്ടറാണ് ഇതിനുള്ള നിർദേശം നിൽകിയത്. കേസുമായി ബന്ധപ്പെട്ട കോട്ടയം ജില്ലാ പോലീസ് മേധാവിക്കാണ് അദ്ദേഹം ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. കോട്ടയം ജില്ലാ പോലീസ് മേധാവി ഇത് അംഗീകരിച്ച് കൊണ്ട് സർക്കാരിലേക്ക് കൈമാറിയിട്ടുണ്ട്. ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ഇതിൽ വിശദമായ വിധിന്യായം പരിശോധിച്ച് നിയമോപദേശം നൽകും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർന്നുള്ള അപ്പീൽ നടപടികൾ.

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുടെ ഡിപിആർ പുറത്തുവിട്ട് സർക്കാർ. നിയമസഭയുടെ വെബ്‌സൈറ്റിലൂടെയാണ് സർക്കാർ കെ റെയിൽ പദ്ധതിയുടെ ഡിപിആർ പുറത്തുവിട്ടത്. തിരുവനന്തപുരത്തെ സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലെപ്‌മെന്റ് നടത്തിയ പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടും ഡിപിആറിലുണ്ട്. സ്റ്റേഷനുകളുടെ രൂപരേഖയെ കുറിച്ചും ഡിപിആറിൽ വ്യക്തമാക്കിയിട്ടുണ്ട്.

ട്രാഫിക് സർവേ, ജിയോ ടെക്‌നിക്കൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട്, ടോപ്പോഗ്രാഫിക് സർവേ എന്നിവയും ഡി.പി.ആറിന്റെ ഭാഗമാണ്. പൊളിച്ചു മാറ്റേണ്ട മുഴുവൻ കെട്ടിടങ്ങളുടെയും പട്ടിക ഡിപിആറിലുണ്ട്. സ്റ്റാൻഡേർഡ് ഗേഡ് സംവിധാനം രാജ്യാന്തര മാനദണ്ഡപ്രകാരം എന്ന് രേഖയിൽ വിശദീകരിക്കുന്നു. ആറ് വാള്യങ്ങളിലായി 3776 പേജുള്ള ഡിപിആറിൽ പദ്ധതിക്കായി പൊളിക്കേണ്ട കെട്ടിടങ്ങളുടെ എണ്ണത്തെ കുറിച്ചും നഷ്ടമാകുന്ന സസ്യജാലത്തിന്റെ വിശദമായ വിവരങ്ങളെ കുറിച്ചും പറയുന്നുണ്ട്. പൊളിക്കേണ്ട ആരാധനാലയങ്ങളുടെ ചിത്രങ്ങളും ഡിപിആറിലുണ്ട്. ഡിപിആർ പുറത്തുവിടാത്തത്തിൽ മുഖ്യമന്ത്രിക്ക് എതിരെ അവകാശ ലംഘന പരാതി ഉയർന്നിരുന്നു. അൻവർ സാദത്താണ് പരാതി നൽകിയത്. ഈ സാഹചര്യത്തിലാണ് ഡിപിആർ പുറത്തുവിട്ടത്.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ നെടുമ്ബാശ്ശേരി വിമാനത്താവളവുമായി റെയിൽവെപ്പാത ബന്ധിപ്പിക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസ്റ്റുകൾക്കായി പ്രത്യേക ട്രെയിൻ ഒരുക്കും. ട്രക്കുകൾ കൊണ്ടുപോകാൻ കൊങ്കൺ മാതൃകയിൽ റോ-റോ സർവീസ് ആരംഭിക്കുമെന്നും ഡിപിആറിൽ പറയുന്നു. 620 പേജുള്ള സാധ്യതാ പഠനവും ഡി.പി.ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതി നടപ്പിലായാൽ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് ഇത് വിശദമാക്കുന്നു. 203 പേജുള്ളതാണ് ട്രാഫിക് സർവേ. പദ്ധതി നടപ്പിലാക്കിയതിലൂടെയുണ്ടാവുന്ന ഇന്ധനലാഭം, സമയ ലാഭം എന്നിവയെല്ലാം ട്രാഫിക് സർവേയിൽ ഉൾപ്പെടുന്നു. പ്രതിദിനം 54,000 യാത്രക്കാരുണ്ടാകുമെന്നും ഡിപിആറിന്റെ ട്രാഫിക് പ്രൊജക്ഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ജിയോ ടെക്‌നിക്കൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട്, ട്രോപ്പോഫിക്കൽ സർവേ, സാമൂഹിക ആഘാത പഠനം തുടങ്ങിയവയും ഡിപിആറിൽ ഉൾപ്പെടുന്നു.

തിരുവനന്തപുരം: ഒമിക്രോണിൽ മണവും രുചിയും നഷ്ടപ്പെടുന്ന സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കോവിഡ് വരുന്നവർക്ക് മണവും രുചിയും നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. കോവിഡിന്റെ ഡൽറ്റ വകഭേദത്തിൽ പ്രത്യേകിച്ച് അത് കണ്ടതാണ്. പക്ഷേ ഒമിക്രോണിലേക്ക് എത്തുമ്പോൾ അത് ഉണ്ടാകുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി.

പനിയാണെങ്കിലും മണവും രുചിയും ഉണ്ടാകും. അതുകൊണ്ട് കോവിഡ് അല്ലെന്ന നിഗമനത്തിൽ സ്വയം എത്തരുതെന്ന് മന്ത്രി പറഞ്ഞു. കോവിഡ് ലക്ഷണങ്ങളുള്ളവർ പരിശോധന നടത്തണം. ലക്ഷണം ഇല്ലാത്തവരിൽ നിന്നാണ് കോവിഡ് രോഗവ്യാപനം ഉണ്ടാകുന്നതെന്നും അതുകൊണ്ടാണ് കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് പറയുന്നതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

അതേസമയം സംസ്ഥാനത്ത് കോവിഡ് ചികിത്സക്കുള്ള മരുന്നിന്റെ ക്ഷാമമുണ്ടെന്ന വാർത്തകൾ മന്ത്രി നിഷേധിച്ചു. തികച്ചും അടിസ്ഥാനരഹിതമായ വാർത്തകളാണിത്. മോണോക്ലോണൽ ആന്റിബോഡിക്ക് ക്ഷാമമില്ല. ചികിത്സാ പ്രോട്ടോക്കോൾ അനുസരിച്ചാണ് ഇത് നൽകുന്നത്. ഏത് ഘട്ടത്തിലാണ് നൽകേണ്ടതെന്ന് തീരുമാനിക്കുന്നത് അതാത് സ്ഥാപനങ്ങളിലെ മെഡിക്കൽ ബോർഡ് ചേർന്നാണ്. വിലകൂടുതൽ ആയതിനാൽ തന്നെ വലിയ തോതിൽ വാങ്ങിവെക്കാറില്ല. ആവശ്യാനുസരണമാണ് വാങ്ങുന്നത്. ഒരുഘട്ടത്തിലും ലഭ്യതക്കുറവ് ഉണ്ടായിട്ടില്ലെന്നും റെംഡിസിവറും ആവശ്യത്തിനനുസരിച്ച് ലഭ്യമാണെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് 48 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായും മന്ത്രി അറിയിച്ചു. കോഴിക്കോട് 12, എറണാകുളം 9, തൃശൂർ 7, തിരുവനന്തപുരം 6, കോട്ടയം 4, മലപ്പുറം 2, കൊല്ലം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, വയനാട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതുകൂടാതെ യുഎഇയിൽ നിന്നും വന്ന 3 തമിഴ്നാട് സ്വദേശികൾക്കും ഒമിക്രോൺ ബാധിച്ചു. 33 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 2 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. 9 പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്. കോഴിക്കാട് നിന്നുള്ള 8 പേർക്കും കോട്ടയത്ത് നിന്നുള്ള ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തൃശൂരിൽ നിന്നുള്ള 3 പേരും കൊല്ലത്തു നിന്നുള്ള ഒരാളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണെന്ന് മന്ത്രി വിശദമാക്കി.

കോഴിക്കോട് യുഎഇ 3, ഖത്തർ 1, എറണാകുളം യുഎഇ 4, സൗദി അറേബ്യ, ബോട്സാന, ഖത്തർ, ഇറ്റലി, റൊമാനിയ ഒന്ന് വീതം, തൃശൂർ യുഎഇ 3, യുഎസ്എ 1, തിരുവനന്തപുരം യുഎഇ 5, കുവൈറ്റ് 1, കോട്ടയം യുഎഇ 2, കാനഡ 1, മലപ്പുറം യുഎഇ 1, സൗദി അറേബ്യ 1, ആലപ്പുഴ സൗദി അറേബ്യ 1, പാലക്കാട് യുഎഇ 1, വയനാട് ആസ്ട്രേലിയ 1 എന്നിങ്ങനെ വന്നവരാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 528 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 365 പേരും ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും ആകെ 92 പേരും എത്തിയിട്ടുണ്ട്. 61 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന 10 പേരാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി.