പെണ്ണായിരുന്നെങ്കിൽ അന്തസ്സായി ഡബ്ല്യൂസിസിയിൽ ചേരാമായിരുന്നു; പിന്തുണയുമായി ഹരീഷ് പേരടി

തിരുവനന്തപുരം: സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യൂസിസിയ്ക്ക് പിന്തുണ നൽകി നടൻ ഹരീഷ് പേരടി. ഒരു സ്ത്രീയായിരുന്നു എങ്കിൽ അഭിമാനത്തോടെ ഡബ്ല്യുസിസിയിൽ ചേരാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഡബ്ല്യുസിസിയ്ക്ക് പിന്തുണ നൽകിയത്.

പെൺ സൈന്യത്തിന് അഭിവാദ്യങ്ങൾ…ഒരു പെണ്ണായിരുന്നെങ്കിൽ അന്തസ്സായി WCC യിൽ ചേരാമായിരുന്നു എന്ന് തോന്നിപോകുന്ന സന്ദർഭം. ആൺ കളകളെ പറിച്ചുകളഞ്ഞുള്ള ഈ മുന്നേറ്റം അഭിമാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പെണ്ണായ നിങ്ങൾ പോരാടി കയറുമ്പോൾ ആണായ ഞങ്ങൾ വിറക്കുന്നതെന്തേയെന്നും അദ്ദേഹം ചോദിച്ചു. വനിതാ കമ്മീഷനുമായി ഡബ്യൂസിസി അംഗങ്ങൾ കൂടിക്കാഴ്ച നടത്തിയതിനെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്നാവശ്യപ്പെട്ടാണ് ഡബ്യൂസിസി അംഗങ്ങൾ വനിത കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയത്. ഏതൊരു തൊഴിൽ മേഖലയിലുമെന്നതു പോലെ സിനിമയിലും ആഭ്യന്തര പരാതി സെൽ ആവശ്യമാണ്. വേതനവ്യവസ്ഥയിലെ അന്തരവും അംഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. സിനിമാ മേഖലയിൽ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുന്നതിനുള്ള സാഹചര്യം ഉറപ്പു വരുത്താനും എല്ലാ തരത്തിലുള്ള വിവേചനങ്ങൾക്കും അറുതി വരുത്താനും പരാതികൾ ബോധിപ്പിക്കാനും പരിഹരിക്കാനുമുള്ള സംവിധാനം ഉറപ്പുവരുത്താനും പ്രൊഡക്ഷൻ കമ്പനികൾ മുന്നോട്ട് വരേണ്ടതായിട്ടുണ്ടെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ സതിദേവി പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

പെൺ സൈന്യത്തിന് അഭിവാദ്യങ്ങൾ…ഒരു പെണ്ണായിരുന്നെങ്കിൽ അന്തസ്സായി WCC യിൽ ചേരാമായിരുന്നു എന്ന് തോന്നിപോകുന്ന സന്ദർഭം …ആൺ കളകളെ പറിച്ചുകളഞ്ഞുള്ള ഈ മുന്നേറ്റം അഭിമാനമാണ്…പെണ്ണായ നിങ്ങൾ പോരാടി കയറുമ്പോൾ ആണായ ഞങ്ങൾ വിറക്കുന്നതെന്തേ?…