തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് തിരുവനന്തപുരം ജില്ല. പൊന്മുടി, അഗസ്ത്യാർകൂടം വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ നിലവിലുള്ള എല്ലാ ബുക്കിംഗും റദ്ദാക്കി. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തെ ജില്ലകളിൽ ഏറ്റവും ഉയർന്ന കോവിഡ് വ്യാപനതോത് തിരുവനന്തപുരം ജില്ലയിലാണ്. ഈ സാഹചര്യത്തിലാണ് പുതിയ നടപടി. തിങ്കളാഴ്ച്ച മുതൽ ഓൺലൈൻ വഴിയുള്ള ബുക്കിങ് ആരംഭിക്കുമെന്നും എന്നാൽ പ്രതിദിനം 50 പേർക്ക് മാത്രമായിരിക്കും ഓൺലൈൻ ബുക്കിംഗിലൂടെ പ്രവേശനം അനുവദിക്കുകയെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. തിരുവനന്തപുരത്ത് ഞായറാഴ്ച്ച 3917 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
സംസ്ഥാനത്ത് ഞായറാഴ്ച്ച 18,123 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 3917, എറണാകുളം 3204, തൃശൂര്‍ 1700, കോഴിക്കോട് 1643, കോട്ടയം 1377, പത്തനംതിട്ട 999, കൊല്ലം 998, പാലക്കാട് 889, മലപ്പുറം 821, ആലപ്പുഴ 715, കണ്ണൂര്‍ 649, ഇടുക്കി 594, വയനാട് 318, കാസര്‍ഗോഡ് 299 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 59,314 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

