ഹൈബ്രിഡ് വാഹനങ്ങൾക്ക് തീപിടിത്തം മൂലം അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതൽ; പഠന റിപ്പോർട്ട് പുറത്തുവിട്ട് അമേരിക്ക

വാഷിംഗ്ടൺ: ഹൈബ്രിഡ് വാഹനങ്ങൾക്ക് തീപിടിത്തം മൂലം അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠന റിപ്പോർട്ട്. ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിക്കാനുള്ള ഏറ്റവും കുറഞ്ഞ അപകടസാധ്യതയാണ് ഉള്ളതെന്നും പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഓട്ടോ ഇൻഷുറൻസ് ഇസെഡാണ് പഠനം നടത്തിയത്. നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ്, ബ്യൂറോ ഓഫ് ട്രാൻസ്പോർട്ടേഷൻ സ്റ്റാറ്റിസ്റ്റിക്സ്, വാഹനങ്ങൾ തിരിച്ചുവിളിക്കൽ തുടങ്ങിയവരിൽ നിന്നാണ് പഠനത്തിന് ആവശ്യമായ വിവരങ്ങൾ ശേഖരിച്ചത്.

അമേരിക്കയിൽ കഴിഞ്ഞ വർഷം 52 ഇലക്ട്രിക് വാഹനങ്ങൾക്കാണ് തീപിടിച്ചതെന്ന് പഠനത്തിൽ പറയുന്നു. 16,051 ഹൈബ്രിഡ് വാഹനങ്ങൾക്ക് തീപിടിച്ചതായും 199,533 ആന്തരിക ജ്വലന എഞ്ചിൻ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് തീപിടിച്ചതായും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. വിറ്റഴിക്കപ്പെടുന്ന ഒരു ലക്ഷം യൂണിറ്റിലെ വാഹനത്തിന് തീപിടിച്ച സംഭവങ്ങളെ പഠനം താരതമ്യം ചെയ്യുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങളിൽ ഒരു ലക്ഷം വാഹനങ്ങൾക്ക് 25.1 മാത്രമാണ് നിരക്ക്. 1,529.9 ആണ് ആന്തരിക ജ്വലന എഞ്ചിൻ വാഹനങ്ങളുടെ തീപിടുത്ത നിരക്ക്. ഇത് ഹൈബ്രിഡ് വാഹനങ്ങളുടെ നിരക്ക് 3,474.5 ആണ്.

അതേസമയം വാഹന നിർമ്മാതാക്കളുടെ തിരിച്ചുവിളി പ്രഖ്യാപനങ്ങൾ ഹൈബ്രിഡ്, ആന്തരിക ജ്വലന എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളെ അപേക്ഷിച്ച് വൈദ്യുത വാഹനങ്ങൾക്ക് തീ പിടിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന കണ്ടെത്തലിനെ പിന്തുണയ്ക്കുന്നതാണ് താണ്. ജ്വലന വാഹനങ്ങളാണ് കൂടുതലായും തിരിച്ചു വിളിക്കുന്നത്. ആഡംബര കാർ നിർമ്മാതാക്കളായ മെഴ്സിഡസ്-ബെൻസ് തങ്ങളുടെ തിരഞ്ഞെടുത്ത വാഹനങ്ങളിലെ സാങ്കേതിക തകരാർ മൂലം തീപിടുത്തമുണ്ടാകാൻ സാധ്യതയുള്ളതായി ഉടമകളെ അറിയിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ആവശ്യമായ ഭാഗങ്ങൾ ലഭ്യമല്ലാത്തതിനാൽ ഈ പ്രശ്‌നം പരിഹരിക്കാനുള്ള ഒരു തിരിച്ചുവിളിക്കൽ ഇപ്പോൾ സാധ്യമല്ലെന്നും തകരാർ സംശയിക്കപ്പെടുന്ന വാഹനങ്ങളുടെ ഉടമകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.