കെ ഫോൺ പദ്ധതി; കണ്ണൂർ ജില്ലയിൽ ആദ്യ ഘട്ടം പൂർത്തിയാകുന്നു

കണ്ണൂർ: കെ ഫോണിന്റെ ആദ്യ ഘട്ടം കണ്ണൂർ ജില്ലയിൽ പൂർത്തിയാകുന്നു. ജനുവരി അവസാനത്തോടെ ആദ്യഘട്ടത്തിലെ റാക്ക് ഇൻസ്റ്റലേഷൻ പൂർത്തിയാക്കും. കണ്ണൂരിൽ 900 കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തിൽ കെ ഫോൺ ലഭ്യമാകുന്നത്. സർക്കാർ ഓഫീസുകൾ, അക്ഷയകേന്ദ്രങ്ങൾ, ആശുപത്രികൾ, സ്‌കൂളുകൾ തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും ആദ്യ ഘട്ടത്തിൽ കണക്ഷൻ ലഭിക്കുക. ആദ്യഘട്ടത്തിലുൾപ്പെടുന്ന 420 സ്ഥാപനങ്ങളിലാണ് 9 യു റാക്കുകൾ സജ്ജമാക്കിയത്. 9 യു റാക്കിൽ നെറ്റ്‌വർക്ക് കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള മോഡം, യുപിഎസ് തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ ശക്തവും കാര്യക്ഷമവും ആക്കുക എന്ന ലക്ഷ്യം മുൻനിർത്തി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് കെ ഫോൺ. സുശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പദ്ധതി. കെഎസ്ഇബിയും (KSEB) കെഎസ്‌ഐറ്റിഐഎൽ (KSITIL)ഉം ചേർന്നുള്ള സംയുക്ത സംരംഭം കെഫോൺ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് നേതൃത്വം നൽകുന്ന കൺസോഷ്യത്തിനാന് നടത്തിപ്പിനുള്ള കരാർ. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, റെയിൽടെൽ, എൽഎസ്‌കേബിൾ, എസ്ആർഐറ്റിഎന്നീ കമ്പനികളാണ് കൺസോഷ്യത്തിലുള്ളത്.

കണ്ണൂരിൽ ആദ്യഘട്ടത്തിൽ 890 കിലോമീറ്ററിലാണ് ലൈൻ വലിക്കേണ്ടത്. ഇതിൽ 870 കിലോമീറ്ററും പൂർത്തിയായി കഴിഞ്ഞു. റെയിൽ, പാലങ്ങൾ എന്നിവ മുറിച്ചുകടക്കുന്ന 18 സ്ഥലങ്ങളിലാണ് ഇനി ലൈൻ ബന്ധിപ്പിക്കൽ ബാക്കിയുള്ളത്. അടുത്ത ദിവസങ്ങളിൽ ഇവിടെ ലൈനുകൾ ബന്ധിപ്പിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. മുണ്ടയാട്, കാഞ്ഞിരോട്, കൂത്തുപറമ്പ്, പിണറായി, തോലമ്പ്ര, പഴശ്ശി, പുതിയതെരു, അഴീക്കോട്, തോട്ടട, തളിപ്പറമ്പ്, മാങ്ങാട്, പഴയങ്ങാടി തുടങ്ങിയ പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ കെ ഫോൺ ലഭ്യമാവുക.