മാതാപിതാക്കളെ നഷ്ടമായ കുട്ടികളെ കണ്ടെത്തി വേണ്ട സഹായം നൽകണം; നിർദ്ദേശം നൽകി സുപ്രീം കോടതി

ന്യൂഡൽഹി: സാങ്കേതിക വിഷയങ്ങൾ ചൂണ്ടിക്കാട്ടി കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്കുള്ള ധനസഹായം സംസ്ഥാനങ്ങൾ തള്ളരുതെന്ന് നിർദ്ദേശിച്ച് സുപ്രീം കോടതി. മാതാപിതാക്കളെ നഷ്ടമായ കുട്ടികളെ കണ്ടെത്തി വേണ്ട സഹായം നൽകണമെന്നാണ് കോടതി സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

മരിച്ചവരുടെ ബന്ധുക്കൾക്ക് ധനസഹായം കിട്ടാനുള്ള അവകാശമുണ്ട്. കുട്ടികൾക്ക് സഹായം നൽകുമ്പോൾ അത് ബന്ധുക്കളുടെ പേരിൽ കൊടുക്കാതെ കുട്ടികളുടെ പേരിൽ വേണം നൽകാനെന്ന് കോടതി അറിയിച്ചു. കോവിഡ് ധനസഹായത്തിന് ഇനിയും അപേക്ഷിക്കാത്തവരുണ്ടെങ്കിൽ ജനങ്ങളെ ബോധവത്ക്കരിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്തുകൊണ്ടാണ് നഷ്ടപരിഹാരം നൽകുന്നതിൽ വീഴ്ച വരുത്തിയെന്ന് ആന്ധ്രാപ്രദേശ് ചീഫ് സെക്രട്ടറിയോട് സുപ്രീംകോടതി ചോദിക്കുകയും ചെയ്തു. ആന്ധ്രാപ്രദേശിൽ ലഭിച്ച അപേക്ഷയിൽ മൂന്നിലൊന്ന് പേർക്ക് മാത്രമാണ് സഹായം നൽകിയിരിക്കുന്നത്. അയ്യായിരത്തോളം അപേക്ഷകൾ സാങ്കേതിക കാരണങ്ങൾ കൊണ്ട് റദ്ദായി പോയെന്നാണ് ആന്ധ്രാപ്രദേശ് കോടതിയെ അറിയിച്ചത്. തുടർന്നാണ് ചെറിയ കാര്യങ്ങൾ പറഞ്ഞ് കൊവിഡ് ധനസഹായത്തിനുള്ള അപേക്ഷകൾ തള്ളരുതെന്ന നിർദ്ദേശം കോടതി തള്ളിയത്. അതേസമയം കോവിഡ് കാരണം മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട കേസ് കേൾക്കുന്നത് ഫെബ്രുവരി നാലാം തീയതിയിലേക്ക് മാറ്റി.