ന്യൂഡൽഹി: 15 മുതൽ 17 വയസു വരെയുള്ള പ്രായപരിധിയിൽപ്പെട്ടവർക്ക് കൊവാക്‌സിൻ തന്നെ കുത്തിവെക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് ഭാരത് ബയോടെക്. ഈ പ്രായപരിധിയിൽപ്പെട്ടവർക്ക് മറ്റ് വാക്‌സിനുകൾ കുത്തിവെക്കുന്നതായി റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് ഭാരത് ബയോടെക് ഇക്കാര്യം അറിയിച്ചത്. അംഗീകാരമില്ലാത്ത വാക്‌സിൻ നൽകുന്നത് സംബന്ധിച്ച് ഒട്ടേറെ പരാതികളാണ് വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുന്നത്. അതിനാൽ ജാഗ്രത പുലർത്തണമെന്നും കൊവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്ക് അഭ്യർത്ഥിച്ചു.
രാജ്യത്തെ 15നും 18നും ഇടയിൽ പ്രായമുള്ളവരിൽ പകുതിയിലധികം കൗമാരക്കാരും കോവിഡ് പ്രതിരോധ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് കഴിഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചിരുന്നു. കോവിഡിനെതിരായ പോരാട്ടത്തിൽ ഈ നേfeട്ടം കൈവരിക്കാൻ സഹായിച്ച രാജ്യത്തെ യുവാക്കളെ കേന്ദ്രമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. വാക്സിനേഷനോടുള്ള അവരുടെ താൽപര്യം രാജ്യത്തെ മുഴുവൻ പ്രചോദിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം രാജ്യത്ത് കൊറോണ വ്യാപനം അതിരൂക്ഷമാകുകയാണ്. പ്രതിദിന കോവിഡ് ബാധിതർ മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,82,970 പേർക്ക് രോഗം സ്ഥിരീകരിച്ചു. 441 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

