General (Page 1,250)

ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനുകളായ കൊവാക്സിനും കൊവിഷീൽഡ് വാക്സിനും പൂർണ വാണിജ്യ അനുമതി നൽകാൻ ശുപാർശ. ഡിസിജിഐ വിദഗ്ധ സമിതിയാണ് ഇതുസംബന്ധിച്ച ശുപാർശ നൽകിയത്. പൂർണ്ണ വാണിജ്യ അനുമതി നൽകണമെന്നാവശ്യപ്പെട്ട് വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെകും സിറം ഇൻസ്റ്റിറ്റ്യൂട്ടും നേരത്തെ അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷകൾ പരിശോധിച്ച ശേഷമാണ് വിദഗ്ധ സമിതിയുടെ നടപടി.

നിലവിൽ കൊവാക്സിനും കൊവിഷീൽഡ് വാക്സിനും അനുമതിയുള്ളത് അടിയന്തര ഉപയോഗത്തിന് മാത്രമാണ്. വാണിജ്യ ആവശ്യങ്ങൾക്ക് അനുമതി നൽകുക നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും. ജനുവരി മൂന്നിനാണ് കൊവിഷീൽഡിനും കൊവാക്സിനും അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചത്.

രാജ്യത്ത് കൊവിഷീൽഡ് വാക്സിന്റെ ട്രയൽ മൂന്നിൽ രണ്ടും വിജയകരമായി പൂർത്തിയാക്കിയെന്നും ഇതുവരെ ലോകത്താകെ 100 കോടി ഡോസ് കൊവിഷീൽഡ് വിതരണം ചെയ്തുവെന്നും വിലയിരുത്തിയിരുന്നു. വാക്‌സിനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നൽകണമെന്ന് കഴിഞ്ഞയാഴ്ച ചേർന്ന യോഗത്തിൽ ഇരുവാക്സിൻ കമ്പനികളോടും വിദഗ്ധ സമിതി ആവശ്യപ്പെട്ടിരുന്നു. അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം വർധിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വാക്‌സിനേഷൻ വേഗത്തിലാക്കാനുള്ള നടപടിക്രമങ്ങളും സർക്കാർ ആരംഭിച്ചു.

രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് അടുത്ത മാസം 28 വരെ നീട്ടിയിട്ടുണ്ട്. പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങളും കർശനമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,82,970 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 15.13 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

തിരുവനന്തപുരം: രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള സർക്കാർ ഉത്തരവിൽ പ്രതികരണവുമായി മന്ത്രി കെ രാജൻ. രവീന്ദ്രൻ പട്ടയം തിരികെ വാങ്ങി പുതിയ പട്ടയം നൽകുമെന്ന് കെ രാജൻ വ്യക്തമാക്കി. രവീന്ദ്രൻ പട്ടയം ഒരു ഉപകാരവും ഇല്ലാത്ത പട്ടയമാണെന്ന് അദ്ദേഹം പറഞ്ഞു. 2019 ലാണ് അർഹരായവർക്ക് സാധുതയുള്ള പട്ടയം കൊടുക്കാൻ നടപടി തുടങ്ങിയതെന്നും മന്ത്രി അറിയിച്ചു.

രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ ജില്ല കലക്ടർക്ക് നിർദേശം നൽകി. അർഹരായവർക്ക് പുതിയ പട്ടയം നൽകാനും തീരുമാനിച്ചു. ആരെയും കുടിയിറക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. രവീന്ദ്രൻ പട്ടയം കൈവശം വെച്ചതുകൊണ്ട് ആർക്കും ഒരുകാര്യവുമില്ല നിയമസാധുതയില്ലാത്തതിനാൽ ബാങ്കിൽ നിന്ന് വായ്പയെടുക്കാനും മറ്റും ആളുകൾ വലഞ്ഞിരുന്നു. ഇത് പരിഗണിച്ചുകൊണ്ടാണ് അർഹാരയവർക്ക് സാധുതയുള്ള പട്ടയം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് വിശദീകരിച്ചു.

532 പട്ടയങ്ങളാണ് റദ്ദാക്കിയത്. ഇതൊരു പുതിയ ഉത്തരവല്ല. നേരത്തെയുള്ള നടപടിക്രമങ്ങളുടെ തുടർച്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1999 ൽ ദേവികുളം താലൂക്കിൽ ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ച് അനുവദിച്ച പട്ടയങ്ങളാണ് സർക്കാർ റദ്ദാക്കുന്നത്. ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ 45 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തിയാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്.

ഓരോ വില്ലേജിലും പ്രത്യേക സംഘത്തെ നിയോഗിച്ച് റദ്ദാക്കാനുള്ള നടപടി എടുക്കാനാണ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. പട്ടയം റദ്ദാക്കുന്ന സാഹചര്യത്തിൽ നിലവിലെ ഉടമൾക്ക് പുതിയ അപേക്ഷ വേണമെങ്കിൽ നൽകാം. ഡെപ്യട്ടി തഹസിൽദാരും റവന്യും ഇൻസ്പെക്ടർമാരും അടങ്ങുന്ന സംഘം ഇത് പരിശോധിക്കണം. 45 ദിവസത്തിനുള്ളിൽ നടപടികൾ തീർക്കണമെന്നാണ് ഉത്തരവ്.

കൊച്ചി: രവീന്ദ്രൻ പട്ടയം റദ്ദാക്കിയ സർക്കാർ നടപടി സിപിഎമ്മിന്റെ തീരുമാനം തന്നെയാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പട്ടയം റദ്ദാക്കിയ നടപടി 2019 ൽ എടുത്ത തീരുമാനത്തിന് ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കി ജില്ലയിലെ സിപിഎമ്മിലും സിപിഐയിലുമുണ്ടായ ആശങ്കകൾ പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

രവീന്ദ്രൻ പട്ടയത്തെ കുറിച്ച് ആക്ഷേപം ഉണ്ടായ സാഹചര്യത്തിൽ അതിന്റെ നിയമസാധുത പരിശോധിക്കുകയായിരുന്നു ലക്ഷ്യം. പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കില്ലെന്നും പട്ടയം നഷ്ടപ്പെട്ടവർ വീണ്ടും അപേക്ഷ നൽകി നടപടികൾ പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമപരമായി പരിശോധനകൾ നടത്തിയശേഷം വീണ്ടും പട്ടയം നൽകുമെന്നും ഇതിന്റെ പേരിൽ ആരെയും ഒഴിപ്പിക്കാൻ സർക്കാർ തീരുമാനമില്ലെന്നും കോടിയേരി പറഞ്ഞു.

വൻകിട റിസോർട്ടുകളുടെ കാര്യത്തിൽ പരിശോധിച്ച ശേഷം തീരുമാനമുണ്ടാകും. വൻകിട റിസോർട്ടുകളെ ഒഴിപ്പിക്കുമോ എന്നത് ഇപ്പോൾ പറയാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയ ഉത്തരവിനെതിരെ മുൻ മന്ത്രിയും സിപിഎം നേതാവുമായ എം എം മണി രംഗത്തെത്തിയിരുന്നു. പട്ടയങ്ങൾ രവീന്ദ്രൻ സ്വന്തം ഇഷ്ടപ്രകാരം വിതരണം ചെയ്തതല്ലെന്നും ഇടതു സർക്കാർ നാട്ടുകാർക്ക് നൽകിയതാണെന്നു എം എം മണി അഭിപ്രായപ്പെട്ടു. പട്ടയ ഭൂമിയിലെ പാർട്ടി ഓഫീസിൽ തൊടാൻ ആരെയും അനുവദിക്കില്ല. സർക്കാർ ഉത്തരവിന്റെ സാധുത തന്നെ പരിശോധിക്കണമെന്നും പട്ടയം കിട്ടിയവർ ഈ ഉത്തരവിനെതിരെ കോടതിയിൽപ്പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതിയിൽ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് ക്രൈംബ്രാഞ്ച്. വിചാരണക്കോടതിയിലാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്ര കുമാർ പല വെളിപ്പെടുത്തലുകളും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ തുടരന്വേഷണം ആരംഭിച്ചത്.

അതേസമയം നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ കോടതിക്ക് കൈമാറണമെന്നും കേസിന്റെ തുടരന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് വേണമെന്നുമുള്ള ദിലീപിന്റെ ആവശ്യം പ്രോസിക്യൂഷൻ എതിർത്തു. അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുള്ള ദൃശ്യങ്ങൾ ഹാജരാക്കാനാകില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യാൻ സാദ്ധ്യതയുണ്ടെന്നും അതിനാൽ അത് കോടതിയിൽ സമർപ്പിക്കണമെന്നുമായിരുന്നു ദിലീപ് ആവശ്യപ്പെട്ടത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് ദൃശ്യങ്ങളിൽ കൃത്രിമം കാണിക്കാനാകില്ല. അത് ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടെന്നും ഈ ഘട്ടത്തിൽ കോടതിയിൽ ഹാജരാക്കേണ്ട ആവശ്യമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.

കൊച്ചി: മിശ്രവിവാഹിതരുടെ മക്കൾക്ക് പിതാവിൽ നിന്ന് ജീവനാംശത്തിന് അർഹതയുണ്ടെന്ന് ഹൈക്കോടതി. പിതാവിന്റെ കടമ നിർണയിക്കുന്നതിൽ ജാതിയോ മതവിശ്വാസമോ മാനദണ്ഡമാകരുതെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഡോ. എ. കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

ജീവനാംശം നൽകുന്ന കാര്യത്തിൽ രക്ഷിതാക്കളുടെ ജാതിയും മതവിശ്വാസവും കണക്കിലെടുക്കാതെ എല്ലാ കുട്ടികളെയും ഒരേപോലെ പരിഗണിക്കമെന്നാണ് കോടതിയുടെ നിർദ്ദേശം. മുസ്ലീമായ ഭാര്യയിലുണ്ടായ മകൾക്ക് വിവാഹച്ചെലവിനത്തിൽ 14.67 ലക്ഷം രൂപയും വിദ്യാഭ്യാസച്ചെലവിനത്തിൽ 96,000 രൂപയും ജീവനാംശമായി ഒരു ലക്ഷം രൂപയും നൽകാൻ നെടുമങ്ങാട് കുടുംബകോടതി വിധിച്ചതിനെതിരെ ഹിന്ദുമത വിശ്വാസിയായ കോഴിക്കോട് സ്വദേശി ജെ.ഡബ്ള്യു. അരഗദൻ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഭാര്യയും മകളുമായി വേർപിരിഞ്ഞു കഴിയുന്ന തനിക്ക് നിയമപരമായി ഇതിനു ബാദ്ധ്യതയില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം.

മിശ്രവിവാഹിതരുടെ മക്കൾക്ക് ജീവനാംശവും വിവാഹച്ചെലവും നൽകാൻ പിതാവിന് കടമയുണ്ടെന്ന് വ്യക്തമാക്കുന്ന നിയമ വ്യവസ്ഥ നിലവിലില്ലെങ്കിലും ഭൂമിയിൽ ജനിക്കുന്ന എല്ലാ കുട്ടികൾക്കും സംരക്ഷിക്കപ്പെടാൻ അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വാഭാവിക രക്ഷിതാവെന്ന നിലയിൽ കുട്ടിയെ സംരക്ഷിക്കേണ്ട കടമ പിതാവിനാണ്. ആ നിലയ്ക്ക് കുട്ടിയുടെ വിവാഹച്ചെലവും പഠനച്ചെലവും നൽകാൻ ഹർജിക്കാരന് ബാദ്ധ്യതയുണ്ടെന്നും ചെലവ് ന്യായമാകണമെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു.

അതേസമയം കുടുംബക്കോടതി അനുവദിച്ച വിവാഹച്ചെലവ് തുക ഹൈക്കോടതി കുറച്ചു. 14.67 ലക്ഷത്തിൽ നിന്ന് മൂന്നു ലക്ഷമാക്കിയാണ് തുക കുറച്ചത്. പിതാവിൽ നിന്ന് മകൾ വിവാഹച്ചെലവ് ആവശ്യപ്പെടുമ്പോൾ ന്യായമായ ചെലവു മാത്രമേ പരിഗണിക്കാനാകൂവെന്നും പിതാവിന്റെ സാമ്പത്തിക സ്ഥിതിയും കണക്കിലെടുക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കുതിരാനിലെ രണ്ടാം തുരങ്കത്തിന്റെ പണി പൂർത്തിയായെന്ന് ദേശീയപാതാ അതോറിറ്റി. തൃശൂർ ജില്ലാ കളക്ടറെ ദേശീയപാതാ അതോറിറ്റി ഇക്കാര്യം അറിയിച്ചു. കുതിരാനിലെ രണ്ടാം തുരങ്കം ഗതാഗതത്തിനായി തുറന്നു കൊടുക്കാമെന്നും ദേശീയപാതാ അതോറിറ്റി അറിയിച്ചു. കുതിരാൻ തുറക്കുന്ന കാര്യം സംബന്ധിച്ച് അടുത്ത ദിവസം സർക്കാർ തലത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

കുതിരാനിലെ രണ്ടാം തുരങ്കം തുറക്കാൻ ഫയർഫോഴ്‌സ് വിഭാഗം നേരത്തെ അനുമതി നൽകിയിരുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ടും ഫയർഫോഴ്‌സ് സമർപ്പിച്ചിരുന്നു. തുരങ്കത്തിലെ അപകട, പ്രതിരോധ സംവിധാനങ്ങൾ പരിശോധിച്ച ശേഷമായിരുന്നു നടപടി. രണ്ടാം തുരങ്കത്തിൽ തീ പിടുത്തമുണ്ടായാൽ ഇരുപത്തിനാലു മണിക്കൂറും വെള്ളവും സംവിധാനങ്ങളും ഉണ്ടാകും. ഇതിനു പുറമെ, വിഷവായു പുറത്തു കളയാൻ പ്രത്യേക ഫാനുകളും സജ്ജമാക്കിയിട്ടുണ്ട്. പ്രത്യേക വെളിച്ച സംവിധാനങ്ങളുമുണ്ട്. 972 മീറ്ററാണ് തുരങ്കത്തിന്റെ ദൂരം. രണ്ടു തുരങ്കളുമായി ബന്ധപ്പെടുത്തുന്ന ക്രോസ് റോഡുകൾ രണ്ടിടത്തുണ്ട്. ഏതെങ്കിലും വാഹനം കുടുങ്ങിയാൽ ഇതുവഴി പുറത്തു കടത്താൻ കഴിയും.

അതേസമയം കുതിരാനിലെ രണ്ടാം തുരങ്കത്തിന്റെ പണി പൂർത്തിയായെന്നും ഉടൻ ഗതാഗതത്തിന് തുറന്നു കൊടുക്കാൻ തയ്യാറാണെന്നും നേരത്തെ കരാർ കമ്പനി ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു. എന്നാൽ തുരങ്കം തുറന്നാലുടൻ ടോൾ പിരിവ് തുടങ്ങാനുള്ള കരാർ കമ്പനിയുടെ നീക്കം അംഗീകരിക്കാനാകില്ലെന്നാണ് സർക്കാരിന്റെ നിലപാട്. വിഷയത്തിൽ വ്യക്തത ഉണ്ടായ ശേഷം മാത്രമെ തുരങ്കം തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ.

കൊച്ചി: സംസ്ഥാനത്ത് പരസ്യ ബോർഡുകൾക്ക് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി. പരസ്യബോർഡുകളിൽ ഏജൻസികളുടെ വിലാസവും ഫോൺ നമ്പറും രേഖപ്പെടുത്തണമെന്ന് കോടതി നിർദ്ദേശം നൽകി. പാതയോരങ്ങളിലെ അനധികൃത കൊടിതോരണങ്ങൾക്കെതിരായ കേസ് പരിഗണിക്കവെയാണ് കോടതി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. അനധികൃത ബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും കോടതി അറിയിച്ചു.

മാർഗനിർദേശങ്ങൾ ലംഘിച്ചാൽ പരസ്യ ഏജൻസിയുടെയും പ്രസിന്റെയും ലൈസൻസ് റദ്ദാക്കും. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട സർക്കുലർ മൂന്ന് ദിവസത്തിനകം സർക്കാർ പുറത്തിറക്കണം. പരസ്യ ബോർഡുകൾ 30 ദിവസത്തിനകം നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് നിർദേശം നൽകുമെന്നും കോടതി ആവശ്യപ്പെട്ടു.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ച സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾക്കുള്ള മാർഗരേഖ പുറത്തിറക്കി സർക്കാർ. സംസ്ഥാനത്ത് ഒന്നു മുതൽ ഒമ്പതു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കൂട്ടികൾക്ക് ജനുവരി 21 മുതൽ രണ്ടാഴ്ച കാലത്തേക്കാണ് സ്‌കൂളുകളടച്ചത്. ഈ കാലയളവിൽ ഓൺലൈൻ ക്ലാസുകളായിരിക്കണമെന്നും രണ്ടാഴ്ച കഴിഞ്ഞ് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നുമെന്നും സർക്കാർ അറിയിച്ചു. അതേസമയം 10, 11, 12 ക്ലാസുകാർക്ക് വെള്ളിയാഴ്ച മുതൽ ഓഫ്‌ലൈൻ ക്ലാസുകൾ തുടരും.

ഓൺലൈൻ ക്ലാസുകൾക്കായി പുതുക്കിയ ടൈംടേബിൾ കൈറ്റ് പ്രസിദ്ധീകരിക്കും. കൈറ്റ് വിക്ടേഴ്‌സിലൂടെയുള്ള ഡിജിറ്റൽ ക്ലാസ്സുകൾ തുടരുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഒന്നു മൂതൽ 9 വരെയുള്ള കാസ്സുകൾ വീണ്ടും ഡിജിറ്റൽ പഠനത്തിലേക്കും ഓൺലൈൻ പഠനത്തിലേക്കും മാറുന്നതിനാൽ പഠനത്തുടർച്ച ഉറപ്പുവരുത്തണം. രക്ഷിതാക്കളുമായുള്ള ആശയവിനിമയത്തിന് ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു. സ്‌കൂൾതല എസ്.ആർ.ജി.കൾ ഫലപ്രദമായി ചേരേണ്ടതാണ്. കൂട്ടികളുടെ പഠനപുരോഗതി കൃത്യമായി നിരീക്ഷിച്ച് ആവശ്യമായ ഫീഡ്ബാക്ക് നൽകണം. കൂട്ടികളിലൂണ്ടാകുന്ന പഠനപുരോഗതി സ്റ്റുഡന്റ് പ്രൊഫൈലിൽ നിരന്തരം രേഖപ്പെടുത്തുകയും വേണം. എല്ലാ കുട്ടികൾക്കും ഡിജിറ്റൽ ക്ലാസ്സുകൾ കാണുന്നതിനാവശ്യമായ സാങ്കേതിക സൗകര്യമുണ്ടെന്ന് പ്രധാനാധ്യാപകന്റെ നേതൃത്വത്തിൽ ഓരോ സ്‌കൂളും ഉറപ്പുവരുത്തണമെന്നും നിർദ്ദേശമുണ്ട്.

സ്‌കൂളുകളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ ആരോഗ്യവകുച്ച് അധികൃതരെ അറിയിച്ച് രണ്ടാഴ്ച വരെ അടച്ചിടണം. എല്ലാ സ്‌കൂളുകളുടേയും ഓഫീസ് നിലവിലെ കോവിഡ് നിയന്ത്രണങ്ങൾക്കനുസരിച്ച് പ്രവർത്തിക്കേണ്ടതും എല്ലാ അധ്യാപകരും സ്‌കൂളിൽ ഹാജരാകേണ്ടതുമാണെന്നും മാർഗരേഖയിൽ വ്യക്തമാക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് മാർഗരേഖ പുറത്തിറക്കിയത്.

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗവ്യാപനം വർധിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉൾപ്പെടെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. സീനിയർ ഡോക്ടർക്ക്മാർ ഉൾപ്പെടെ 51 ആരോഗ്യപ്രവർത്തകർക്ക് കൂടി മെഡിക്കൽ കോളേജിൽ കോവിഡ് സ്ഥിരീകരിച്ചു.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 14 പേർക്ക് രണ്ടാം തവണയാണ് രോഗബാധയുണ്ടായത്. 245 പേർക്കാണ് കഴിഞ്ഞ പതിനൊന്ന് ദിവസത്തിനിടെ മെഡിക്കൽ കോളജിൽ കോവിഡ് ബാധിച്ചത്. ജൂനിയർ ഡോക്ടർക്ക്മാർക്കും സ്റ്റാഫ് നഴ്സിനും മെഡിക്കൽ വിദ്യാർത്ഥികൾക്കും രോഗബാധ കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ ഇന്ന് 34,199 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5953, തിരുവനന്തപുരം 5684, തൃശൂർ 3604, കോഴിക്കോട് 3386, കോട്ടയം 2333, പത്തനംതിട്ട 1944, പാലക്കാട് 1920, കണ്ണൂർ 1814, കൊല്ലം 1742, മലപ്പുറം 1579, ഇടുക്കി 1435, ആലപ്പുഴ 1339, വയനാട് 798, കാസർഗോഡ് 668 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 91,983 സാമ്പിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,91,945 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,85,742 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 6203 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1094 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവിൽ 1,68,383 കോവിഡ് കേസുകളിൽ, 3.2 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 49 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 85 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,160 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 125 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 33,195 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 596 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 283 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

തിരുവനന്തപുരം: സിപിഎം സമ്മേളനങ്ങൾ നടത്തി വരുന്നത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമ്മേളനത്തോടനുബന്ധിച്ച പല പരിപാടികളും വേണ്ടെന്ന് വെച്ചുവെന്നും പൊതുസ്ഥലങ്ങളിൽ സമ്മേളന പരിപാടികളൊന്നുമില്ലെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പാർട്ടി സമ്മേളനങ്ങൾ നടത്തുന്നതിനെതിരെ വിമർശനം ശക്തമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടിയേരിയുടെ പ്രതികരണം.

കളക്ടർമാരുടെ അനുവാദത്തോടുകൂടിയാണ് ഹാളുകളിൽ പരിപാടി നടത്തുന്നത്. സംസ്ഥാന സമ്മേളനം ആകുമ്പോഴേക്കും സ്ഥിതി മാറുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോൺഗ്രസിനെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. കോൺഗ്രസ് നേതൃത്വത്തിൽ ന്യൂനപക്ഷങ്ങളില്ല എന്ന തന്റെ മുൻപത്തെ പ്രസ്താവയെ കുറിച്ച് അദ്ദേഹം സംസാരിച്ചു. താൻ പറഞ്ഞത് ഒരു യാഥാർത്ഥ്യമാണ്. കോൺഗ്രസുകാർ തന്നെ അത് തുറന്ന് പറഞ്ഞിട്ടുണ്ട്. ഹിന്ദുനാമധാരികൾ മത്സരിക്കുന്ന സ്ഥലത്ത് തന്നെ പ്രസംഗിക്കാൻ വിളിക്കാറില്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി.

ഗുജറാത്തിൽ പത്ത് ശതമാനം മുസ്ലിങ്ങളുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുസ്ലിം പേരുള്ള ഒരാളെ പോലും കോൺഗ്രസ് മത്സരിപ്പിച്ചിട്ടില്ല. ന്യൂനപക്ഷങ്ങൾ കോൺഗ്രസിൽ നിന്ന് അകന്നുകൊണ്ടിരിക്കുകയാണ്. നേരത്തെ ന്യൂനപക്ഷങ്ങൾക്ക് വലിയ പരിഗണന കോൺഗ്രസ് നൽകിയിരുന്നു. അതിൽ നിന്ന് ഒരു അകൽച്ച വന്നിരിക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.