തൃശൂർ: ഉറക്കമൊഴിഞ്ഞ് ജോലി ചെയ്യുമ്പോൾ ‘ഉഷാർ’ ആകാൻ വേണ്ടിയാണ് ആദ്യം ലഹരി ഉപയോഗിച്ച് തുടങ്ങിയതെന്ന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലെ ഹൗസ് സർജൻ അക്വിൽ മുഹമ്മദ് ഹുസൈൻ. തന്ത്രപരമായാണ് അക്വിലിനെ പോലീസ് കുടുക്കിയത്. ഡോക്ടർമാരുടെ ലഹരി ഉപയോഗത്തെ കുറിച്ച് സിറ്റി പൊലീസ് കമ്മീഷണർ ആദിത്യയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ആരംഭിച്ച അന്വേഷണത്തിലാണ് അക്വിലിനെ പിടികൂടിയത്.
മെഡിക്കൽ കോളേജിലും പരിസരത്തും ഷാഡോ പൊലീസ് രഹസ്യമായി നിരീക്ഷണം നടത്തിയിരുന്നു. ലഹരിമരുന്ന് എവിടെ നിന്നാണ് ലഭിക്കുന്നത് എപ്പോഴാണ് എത്തിക്കുന്നത് ആരാണ് എത്തിക്കുന്നത് തുടങ്ങിയവ കണ്ടെത്താൻ വേണ്ടിയായിരുന്നു പോലീസിന്റെ നിരീക്ഷണം. അര ഗ്രാം വരുന്ന ഒരു ഡോസ് എംഡിഎംഎ 3000 രൂപയ്ക്ക് സഹപാഠികൾക്ക് വിൽക്കാറുണ്ടെന്നും തന്റെ മുറിയിൽ വന്നാണ് ഇവർ ലഹരി ഉപയോഗിക്കുന്നതെന്നും അക്വിൽ പോലീസിനോട് വെളിപ്പെടുത്തി. എംഡിഎംഎ ബംഗളൂരുവിൽ നിന്നും ഹാഷിഷ് ഓയിൽ വിശാഖപട്ടണത്തു നിന്നുമാണ് കൊണ്ടുവന്നതെന്നും മൂന്ന് വർഷമായി ലഹരിമരുന്ന് ഉപയോഗിക്കുന്നുവെന്നും അക്വിൽ പോലീസിനോട് പറഞ്ഞു.
അതേസമയം അക്വിലിന്റെ ഫോണിലേക്ക് ലഹരിമരുന്നിനായി നിരവധി പേർ വിളിച്ചിട്ടുണ്ട്. ഇവരുടെ നമ്പർ പൊലീസ് ശേഖരിക്കുകയും ചെയ്തു.

