തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നാലു ജില്ലകളിൽ നിയന്ത്രണങ്ങൾ കർശനമാക്കി. രോഗവ്യാപനം ഏറ്റവും രൂക്ഷമായ നാലു ജില്ലകളിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് ജില്ലാ ഭരണകൂടങ്ങൾ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
ഈ ജില്ലകളിൽ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾ, മതപരമായ ചടങ്ങുകൾ എന്നിവയ്ക്കും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പരമാവധി 50 ആയി കുറച്ചു. അത്യാവശ്യ യോഗങ്ങൾ ഓൺലൈൻ സംവിധാനത്തിൽ ചേരണമെന്നും നിർദ്ദേശമുണ്ട്.
ടി.പി.ആർ. നിരക്ക് 30ന് മുകളിൽ എത്തുന്ന സാഹചര്യത്തിൽ ജില്ലയിൽ പൊതുപരിപാടികൾ അനുവദിക്കില്ലെന്ന് കോട്ടയം കളക്ടർ അറിയിച്ചു. അത്യാവശ്യ സന്ദർഭങ്ങളിൽ ഓഫീസുകളും സംഘടനകളും യോഗം സംഘടിപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ ഓൺലൈൻ സംവിധാനത്തിൽ ചേരണം. ഹോട്ടലുകളിൽ 50 ശതമാനം ഇരിപ്പിടങ്ങളേ അനുവദിക്കൂ. കോവിഡ് മാനദണ്ഡങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചാൽ പകർച്ചവ്യാധി നിയന്ത്രണ നിയമം, ദുരന്തനിവാരണ നിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവയനുസരിച്ച് നിയമനടപടി സ്വീകരിക്കും. പൊലീസുമായി ചേർന്ന് നടപടി സ്വീകരിക്കാൻ ഇൻസിഡന്റ് കമാൻഡർമാരെ ചുമതലപ്പെടുത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ആരോഗ്യവകുപ്പുമായി ചേർന്ന് കൂടുതൽ കോവിഡ് പരിശോധനകൾ നടത്തുകയും ടി.പി.ആർ. നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യണം. സ്ഥാപനങ്ങളിൽ കോവിഡ് മാനദണ്ഡം കർശനമായി പാലിക്കുന്നുണ്ടെന്ന് സ്ഥാപനമേധാവി ഉറപ്പാക്കണം. മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, സാനിറ്റെസർ ഉപയോഗം, തെർമൽ സ്‌കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കൽ എന്നിവ നടപ്പാക്കണം. പൊതുജനങ്ങൾ വിനോദയാത്രകളും അനാവശ്യ യാത്രകളും ഒഴിവാക്കണം. ടി.പി.ആർ. നിരക്ക് 30 ശതമാനത്തിനു മുകളിലായ കാലയളവിൽ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. വ്യാപാര സ്ഥാപനങ്ങളിൽ തെർമ്മൽ സ്‌കാനർ പരിശോധന നടത്തണം. സാമൂഹിക അകലം പാലിക്കൽ, മാസ്‌ക്, സാനിറ്റൈസർ ഉപയോഗം എന്നിവ പാലിക്കണമെന്നും കളക്ടർ പറഞ്ഞു.
തൃശൂർ ജില്ലയിൽ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി (ടിപിആർ) നിരക്ക് 30 നു മുകളിലെത്തിയ സാഹചര്യത്തിൽ എല്ലാ സാമൂഹിക, രാഷ്ട്രീയ, സാംസ്‌ക്കാരിക, സാമുദായിക, മതപരമായ പൊതു പരിപാടികളും അനുവദിക്കുന്നതല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഉത്സവങ്ങൾ, പെരുന്നാളുകൾ മുതലായ ആഘോഷങ്ങൾ കോവിഡ്-19 പ്രോട്ടോകോൾ പാലിച്ച്, പൊതുജന പങ്കാളിത്തം ഇല്ലാതെ ആചാരപരമായ ചടങ്ങ് മാത്രമായി പരിമിതപ്പെടുത്തണം.
ഇതോടൊപ്പം ജില്ലയിലെ എല്ലാ സർക്കാർ, അർദ്ധ-സർക്കാർ, സഹകരണ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളും നടത്തുന്ന യോഗങ്ങളും പരിപാടികളും ചടങ്ങുകളും ഓൺലൈനാക്കണം. സർക്കാർ ഓഫീസുകളിൽ ജോലിചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം സംവിധാനം അതത് വകുപ്പ് മേധാവികൾക്ക് അനുവദിക്കാം. ആളുകൾ ഒരുമിച്ച് കൂടുന്നത് തടയുന്നതിനായി എല്ലാ കടകളും ഓൺലൈൻ ബുക്കിംഗും വില്പനയും പ്രോൽസാഹിപ്പിക്കണം. മാളുകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും ജനത്തിരക്ക് ഉണ്ടാകാത്ത രീതിയിൽ 25 സ്‌ക്വയർഫീറ്റിൽ ഒരാൾ എന്ന നിലയിൽ മാത്രം പ്രവേശനം അനുവദിക്കണം. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ, തിയ്യേറ്ററുകൾ എന്നിവയിൽ ശേഷിയുടെ 50 ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശനം പാടുള്ളൂ. എല്ലാ പൊതുഗതാഗത സംവിധാനങ്ങളിലും കർശനമായ കോവിഡ്-19 പ്രോട്ടോകോൾ പാലിക്കണം. ബസ്സുകളിൽ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല.
എല്ലാ മത്സരപരീക്ഷകളും റിക്രൂട്ട്മെന്റുകളും യൂണിവേഴ്സിറ്റി പരീക്ഷകളും, സ്പോർട്സ് ട്രയലുകളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തേണ്ടതാണ്. ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ, ടൂറിസം കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നതും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുന്നതും അനുവദനീയമല്ല. പോലീസ് ഇത്തരം സ്ഥലങ്ങളിൽ നിരീക്ഷണം ശക്തിപ്പെടുത്തേണ്ടതാണ്.
ജനുവരി 21 മുതൽ രണ്ടാഴ്ചത്തേക്ക് സ്‌കൂളുകളിലെ ഒൻപത് വരെയുള്ള ക്ലാസ്സുകൾ ഓൺലൈൻ സംവിധാനത്തിലൂടെ മാത്രം നടത്തേണ്ടതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ ഉടൻ തന്നെ സ്ഥാപനം 15 ദിവസത്തേക്ക് അടച്ചിടുന്നതിന് സ്ഥാപന മേധാവി നടപടി സ്വീകരിക്കേണ്ടതാണ്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ 1897-ലെ പകർച്ചവ്യാധി നിയന്ത്രണ നിയമം അനുസരിച്ചും 1875-ലെ പൊതുജനാരോഗ്യ നിയമപ്രകാരവും 2005-ലെ ദുരന്ത നിവാരണ നിയമപ്രകാരവും നിയമനടപടികൾ സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.
തിരുവനന്തപുരത്തും കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. എല്ലാ പൊതുഗതാഗത സംവിധാനങ്ങളിലും കർശനമായ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്നാണ് നിർദ്ദേശം. ബസ്സുകളിൽ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല. ജനുവരി 21 മുതൽ രണ്ടാഴ്ചത്തേക്ക് സ്‌കൂളുകളിലെ ഒൻപത് വരെയുള്ള ക്ലാസ്സുകൾ ഓൺലൈൻ സംവിധാനത്തിലൂടെ മാത്രം നടത്തേണ്ടതാണെന്നും അധികൃതർ അറിയിച്ചു.

