അബുദാബിയിലെ ഹൂതി ആക്രമണം; യുഎഇയ്ക്കാവശ്യമായ സുരക്ഷാ സംവിധാനങ്ങളൊരുക്കാൻ തയ്യാറെന്ന് ഇസ്രായേൽ

ദുബായ്: യുഎഇയ്ക്കാവശ്യമായ സുരക്ഷാ സംവിധാനങ്ങളൊരുക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി ഇസ്രായേൽ. അബുദാബിയിലെ ഹൂതി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. യുഎഇക്കാവശ്യമായ സുരക്ഷാ സംവിധാനങ്ങളും ഇന്റലിജൻസ് സഹായവും ലഭ്യമാക്കാൻ തങ്ങൾ ഒരുക്കമാണെന്ന് ഇസ്രായേൽ അറിയിച്ചു. ഭാവിയിൽ ഇത്തരം ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സംവിധാനം ഒരുക്കാമെന്നാണ് ഇസ്രായേൽ പറയുന്നത്. അബുദാബിയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ ഭീകരാക്രമണം എന്നാണ് ഇസ്രായേൽ പ്രധാനന്ത്രി നാഫ്തലി ബെനെറ്റ് പറഞ്ഞത്. ആക്രമണത്തെ അദ്ദേഹം ശക്തമായി അപലപിക്കുകയും ചെയ്തു.

ആക്രമണത്തെ അപലപിച്ചും കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയും ഇസ്രായേൽ പ്രധാന മന്ത്രി നാഫ്തലി ബെന്നെറ്റ്, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രിം കമാന്ററുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് കത്തയിച്ചിരുന്നു. രാജ്യത്തിലെ പൗരൻമാരെ ഇത്തരം ആക്രമണങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള സുരക്ഷാ, ഇന്റലിജൻസ് സഹായങ്ങൾ നൽകാൻ തങ്ങൾ ഒപ്പമുണ്ടാവുമെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. യുഎഇക്ക് താൽപര്യമുണ്ടെങ്കിൽ ഇതുമായി ബന്ധപ്പെട്ട എന്തു സഹായവും നൽകാൻ തന്റെ സൈനിക ഏജൻസികളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കത്തിൽ പറയുന്നു.

തിങ്കളാഴ്ച്ചയാണ് അബുദാബിയിലെ മൂന്ന് ടാങ്കർ ട്രക്കുകൾക്ക് നേരെ ഹൂതി ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ രണ്ടു ഇന്ത്യക്കാരുൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധി ഡ്രോൺ വിമാനങ്ങളും അഞ്ച് ബീലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചാണ് തങ്ങൾ ആക്രമണം നടത്തിയതെന്നാണ് ഹൂതികൾ വ്യക്തമാക്കിയത്. ആക്രമണത്തെ ലോക രാജ്യങ്ങൾ ശക്തമായി അപലപിച്ചിരുന്നു.