ഊട്ടിയിൽ റിസോർട്ടും 25 ഓളം ടൂറിസ്റ്റ് ബസുകളും ആലുവയിൽ ഹോട്ടലും; ദിലീപിന്റെ സുഹൃത്തായ വിഐപിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിഐപിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ദിലീപിന്റെ സുഹൃത്തായ ശരത്തിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. സാധാരണ കുടുംബത്തിൽ ജനിച്ച ശരത്ത് വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് കോടീശ്വരനായത്. ഊട്ടിയിൽ സ്വന്തമായി റിസോർട്ടും 25 ഓളം ടൂറിസ്റ്റ് ബസുകളും ഇയാൾക്കുണ്ട്. ആലുവയിൽ ഇയാൾ ഒരു ഹോട്ടലും നടത്തുന്നുണ്ട്. വാടക കെട്ടിടത്തിലാണ് ഈ ഹോട്ടൽ പ്രവർത്തിക്കുന്നത്.

22 വർഷങ്ങൾക്ക് മുൻപാണ് ശരത്തും കുടുംബവും ആലുവയിലേക്കെത്തുന്നത്. ആദ്യം വാടക വീട്ടിലായിരുന്നു ശരത്തിന്റെ താമസം. ഇപ്പോൾ സൂര്യ എന്ന പേരിലുള്ള വലിയ മാളികയിലാണ് ശരത്ത് താമസിക്കുന്നത്. ആലുവയിലുള്ള സൂര്യഹോട്ടലാണ് ശര്തതിന്റെ ഉടമസ്ഥതയിലുള്ളത്. പത്ത് വർഷങ്ങൾക്ക് മുൻപ് ആലുവ പുളഞ്ചോടിൽ സൂര്യ ഹോട്ടൽ ഉദ്ഘാടനം നിർവ്വഹിച്ചത് ദിലീപായിരുന്നു.

ദിലീപിന്റെ സഹപാഠി വഴിയാണ് ശരത് അദ്ദേഹത്തെ പരിചയപ്പെടുന്നത്. പിന്നീട് ദിലീപുമായി ശരത്തിന് വളരെ അടുത്ത ബന്ധമായി. നിരവധി പ്രമുഖരുമായും ശരത്തിന് ബന്ധമുണ്ടെന്നാണ് വിവരം.