പത്തനംതിട്ട: ശബരിമല തിരുവാഭരണ പാതയിൽ നിന്നും സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തു. വടശേരിക്കര പേങ്ങോട്ട് കടവ് പാലത്തിന്റെ തൂണിന് അടിയിൽ നിന്നാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിൽ ഏഴു ജലാറ്റിൻ സ്റ്റിക്കുകളാണ് കണ്ടെടുത്തത്. കഴിഞ്ഞ ദിവസം ഇവിടെ കുളിക്കാനിറങ്ങിയ നാട്ടുകാരാണ് സ്‌ഫോടക വസ്തുക്കൾ ആദ്യം കണ്ടത്.
പമ്പാ നദിയിൽ വടശേരിക്കര ചന്തയോടു ചേർന്നാണ് പേങ്ങാട്ടുകടവ് പാലം. പാറ സ്‌ഫോടനം നടത്താൻ ഉപയോഗിക്കുന്ന തരം ജലാറ്റിൻ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ ജലാറ്റിൻ സ്റ്റിക്കുകൾ പഴക്കം ചെന്നതാണന്നാണ് റിപ്പോർട്ട്.
ബോംബ് സ്‌ക്വാഡ് ഉൾപ്പെടെ ഉള്ളവർ പ്രദേശത്ത് പരിശോധന നടത്തി. മഹസർ തയ്യാറാക്കിയ ശേഷം പോലീസ് സ്ഫോടക വസ്തുക്കൾ നീക്കം ചെയ്തു. പോലീസ് സൂപ്രണ്ട് ഉൾപ്പെടെ സ്ഥലം സന്ദർശിച്ചിരുന്നു. ശബരിമലയിൽ നടയടച്ചതിന് ശേഷം 21 ന് ഈ വഴിയാണ് തിരുവാഭരണ ഘോഷയാത്ര തിരികെ പന്തളത്തേക്ക് പോകുന്നത്. ഈ സാഹചര്യത്തിൽ ഈ സംഭവം ഗൗരവത്തോടെ കാണണമെന്ന് ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടു. ശബരിമലയിൽ അയ്യപ്പന് ചാർത്തിയ തിരുവാഭരണം തിരിച്ചുകൊണ്ടു വരാൻ മണിക്കൂറുകൾ ബാക്കി നിൽകെ തിരുവാഭരണ പാതയിൽ നിന്നും കണ്ടെടുത്ത സ്‌ഫോടക വസ്തുക്കളെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.
ആറു ജലാറ്റിൻ സ്റ്റിക്കുകളും ഉപയോഗിച്ച ഒരു സ്റ്റിക്കും കണ്ടെത്തിയതിന് പിന്നിൽ തീവ്രവാദ സാന്നിധ്യമുണ്ടോയെന്ന് അന്വേഷിക്കണം. കോന്നിയിലും പത്തനാപുരത്തും പിടിച്ചെടുത്ത ആയുധശേഖരവുമായി ഇതിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കണം. ഏതാനും നാളുകളായി ഈ പ്രദേശത്ത് അപരിചിതരെ കാണാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞത് ഗൗരവതരമാണ്. ഉപയോഗിച്ച ജലാസ്റ്റിൻ സ്റ്റിക്കിന്റെ ബാക്കി ഭാഗം എവിടെ ഉപയോഗിക്കപ്പെട്ടെന്ന് അറിയണം. തിരുവാഭരണ യാത്രയ്ക്ക് കർശനമായ സുരക്ഷ ഒരുക്കാൻ സർക്കാർ തയ്യാറാവണമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

