തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ വിദേശമദ്യ ചില്ലറ വിൽപനശാലകൾ തുറക്കുന്നു. ഫെബ്രുവരിയിൽ അന്തിമരൂപമാവുന്ന പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് കൂടുതൽ വിദേശമദ്യ ചില്ലറ വിൽപനശാലകൾ തുറക്കുന്നത്. 269 ഷോപ്പുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. 179 എണ്ണം കൂടി തുറക്കണമെന്നാണ് ബെവ്‌കോ നൽകിയിരിക്കുന്ന ശുപാർശ.
മദ്യവിൽപനശാലകൾക്ക് മുന്നിലെ തിരക്ക് കുറയ്ക്കണമെന്ന് നേരത്തെ ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഒന്നേകാൽ ലക്ഷം പേർക്ക് ഒരു ഷോപ്പ് എന്നതാണ് സംസ്ഥാത്ത് ഇപ്പോഴുള്ള അനുപാതം. തമിഴ്നാട്ടിലും കർണാടകയിലും ഇത് 20,000 ന് ഒന്ന് എന്ന നിലയിലാണ്. 23 വെയർ ഹൗസുകളിൽ നിന്നാണ് ബാറുകൾക്കും ചില്ലറവിൽപന ശാലകൾക്കും മദ്യവിതരണം നടത്തുന്നത. 17 വെയർഹൗസ് ഗോഡൗണുകൾ കൂടി തുടങ്ങാനുള്ള ടെണ്ടർ നടപടികളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിൽ രണ്ട് വീതവും മറ്റു ജില്ലകളിൽ ഓരോ വെയർ ഹൗസുകൾ വീതവുമാണ് വർധിപ്പിക്കുന്നത്.
മദ്യക്കുപ്പികളിൽ ഹോളോഗ്രാമിന് പകരം ക്യൂ.ആർ കോഡ് പതിക്കാനും തീരുമാനിച്ചു. കമ്പനിയിൽ നിന്നു തന്നെ ക്യൂ ആർ കോഡ് പതിക്കാനാണ് തീരുമാനം. ഇതിലൂടെ മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനും സാമ്പത്തിക നേട്ടം കരസ്ഥമാക്കാനും കഴിയും. വെയർഹൗസുകളെയും ചില്ലറ വിൽപന ശാലകളെയും ബെവ്‌കോ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന കമ്പ്യൂട്ടർ ശൃംഖലയും അടുത്തമാസം പൂർത്തിയാക്കും. ഇതോടെ ഓരോ ദിവസത്തെയും വിറ്റുവരവും സ്റ്റോക്കും ഹെഡ് ക്വാട്ടേഴ്‌സിൽ അറിയാനാകും.

