കാസർക്കോട് ജില്ലയിൽ 50 പേരിൽ കൂടുതൽ പങ്കെടുക്കുന്ന സമ്മേളനങ്ങൾക്ക് വിലക്ക്; ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: കാസർക്കോട് ജില്ലയിൽ 50 പേരിൽ കൂടുതൽ പങ്കെടുക്കുന്ന സമ്മേളനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഹൈക്കോടതി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഒരാഴ്ചത്തേക്കാണ് സമ്മേളനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നത്. ജില്ലയിൽ പൊതുസമ്മേളനങ്ങൾക്ക് വിലക്കേർപ്പെടുത്തി വ്യാഴാഴ്ച ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. രണ്ടു മണിക്കൂറിനകം ഈ ഉത്തരവ് കളക്ടർ പിൻവലിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ചോദ്യം ചെയ്തു കൊണ്ട് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇത്തരമൊരു നടപടി സ്വീകരിച്ചത്. സമ്മേളനങ്ങളിൽ 50 പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്നില്ലെന്ന് ജില്ലാ കളക്ടർ ഉറപ്പാക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം.

രാഷ്ട്രീയപാർട്ടികളുടെ സമ്മേനങ്ങൾക്ക് എന്താണ് പ്രത്യേകതയെന്നും കോടതി ചോദിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിൽ പോലും ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കോവിഡ് വ്യാപനത്തിനിടെ സിപിഎം ജില്ലാ സമ്മേളനങ്ങൾ തുടരുന്നതിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

സിപിഎം സമ്മേളനങ്ങൾക്ക് വേണ്ടിയാണ് കളക്ടർ നിയന്ത്രണങ്ങൾ പിൻവലിച്ചുകൊണ്ട് ഉത്തരവിറക്കിയതെന്നായിരുന്നു പൊതുതാത്പര്യ ഹർജിയിൽ ആരോപിച്ചിരുന്നത്. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷക ക്ലാർക്കാണ് പൊതുതാത്പര്യ ഹർജി നൽകിയത്. അതേസമയം ജില്ലാ സമ്മേളനങ്ങൾ രണ്ടു ദിവസമാക്കി വെട്ടിച്ചുരുക്കാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്. കാസർക്കോട്, തൃശൂർ ജില്ലാ സമ്മേളനങ്ങളാണ് വെട്ടിച്ചുരുക്കുക. രണ്ടിടത്തും സമ്മേളനം നാളെ അവസാനിപ്പിക്കാനാണ് തീരുമാനം.