ദീലീപ് ചോദ്യം ചെയ്യലിന് ഹാജരാകണം; നിർദ്ദേശം നൽകി കോടതി

കൊച്ചി: നടൻ ദിലീപ് ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണം. ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. നടിയെ ആക്രമിച്ച കേസിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികൾ മൂന്ന് ദിവസം ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഹൈക്കോടതി നൽകിയ നിർദ്ദേശം. ചോദ്യം ചെയ്യിലിന് ശേഷം വിവരങ്ങൾ കോടതിയെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. വ്യാഴാഴ്ച മുൻകൂർ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും.

ഏത് അന്വേഷണത്തിനും തയാറാകാമെന്ന് ദിലീപ് ഇന്ന് കോടതിയെ അറിയിച്ചിരുന്നു. അറസ്റ്റ് ഒഴിവാക്കണമെന്നും ചോദ്യം ചെയ്യലിനായി എത്ര ദിവസം വേണമെങ്കിലും ഹാജരാകാൻ തയാറാണെന്നും ദിലീപ് പറഞ്ഞിരുന്നു. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്ത് ആലുവ സ്വദേശി ശരത് എന്നിവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയിട്ടുണ്ട്. ഇവരും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. ദിലീപിന്റെ ജാമ്യഹർജിയെ എതിർത്തുകൊണ്ട് വിശദമായ എതിർ സത്യവാങ്മൂലമാണ് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നത്.

നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെതിരെ പുതിയ വകുപ്പ് കൂടി ക്രൈംബ്രാഞ്ച് ചേർത്തിട്ടുണ്ട്. മുൻപ് ചുമത്തിയ വകുപ്പുകളിൽ മാറ്റംവരുത്തി കൊലപാതകം നടത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള ഗൂഢാലോചന നടത്തിയെന്ന വകുപ്പാണ് ക്രൈംബ്രാഞ്ച് കൂട്ടിച്ചേർത്തത്.