തിരുവനന്തപുരം: 50 പേരിൽ കൂടുതലുള്ള പാർട്ടി സമ്മേളനങ്ങൾക്ക് വിലക്കേർപ്പെടുത്തിയ ഹൈക്കോടതി നടപടിക്കെതിരെ എതിർപ്പുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് 50 പേരിൽ കൂടുതലുള്ള പാർട്ടി സമ്മേളനങ്ങൾക്ക് വിലക്കേർപ്പെടുത്തി കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സിപിഐ എമ്മിന്റെ അഭിപ്രായം കേൾക്കാതെയാണ് സമ്മേളനം സംബന്ധിച്ച കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് കോടിയേരി പറഞ്ഞു. കോടതിയെ മാനിച്ചാണ് കാസർകോട് സമ്മേളനം അവസാനിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
കാസർകോട് ജില്ലാ സമ്മേളനത്തിന് മാത്രമാണ് കോടതി ഉത്തരവ് ബാധകം. തൃശൂരിന് ഇത് ബാധകമല്ലെന്നും അദ്ദേഹം അറിയിച്ചു. കാസർക്കോട് ജില്ലയിൽ 50 പേരിൽ കൂടുതൽ പങ്കെടുക്കുന്ന സമ്മേളനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടിയേരിയുടെ പ്രതികരണം. ഒരാഴ്ചത്തേക്കാണ് സമ്മേളനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. ജില്ലയിൽ പൊതുസമ്മേളനങ്ങൾക്ക് വിലക്കേർപ്പെടുത്തി വ്യാഴാഴ്ച ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. രണ്ടു മണിക്കൂറിനകം ഈ ഉത്തരവ് കളക്ടർ പിൻവലിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ചോദ്യം ചെയ്തു കൊണ്ട് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇത്തരമൊരു നടപടി സ്വീകരിച്ചത്. സമ്മേളനങ്ങളിൽ 50 പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്നില്ലെന്ന് ജില്ലാ കളക്ടർ ഉറപ്പാക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം.
രാഷ്ട്രീയപാർട്ടികളുടെ സമ്മേനങ്ങൾക്ക് എന്താണ് പ്രത്യേകതയെന്നും കോടതി ചോദിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിൽ പോലും ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കോവിഡ് വ്യാപനത്തിനിടെ സിപിഎം ജില്ലാ സമ്മേളനങ്ങൾ തുടരുന്നതിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

