മലപ്പുറം: കൊണ്ടോട്ടി, ഫറോക്ക് പൊലീസ് സ്റ്റേഷനുകളിൽ കൂട്ടബലാത്സംഗം ഉൾപ്പടെ അഞ്ച് പോക്‌സോ കേസുകളിലെ ഇരയായ 18 വയസ്സുകാരി തൂങ്ങിമരിച്ച സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷനും ബാലവകാശ കമ്മീഷനും. സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ കോഴിക്കോട്, മലപ്പുറം ജില്ലാ പൊലീസ് മേധാവികൾക്ക് നിർദ്ദേശം നൽകി. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തു.
പെൺകുട്ടിയെ സർക്കാരിന്റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് ആരും സഹായിച്ചില്ലെന്ന പരാതിയുമായി പെൺകുട്ടിയുടെ മാതാവ് രംഗത്തെത്തിയിരുന്നു. സംഭവത്തിൽ അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ ഫറോക്ക് പോലീസിനോട് ജില്ലാ ചൈൽഡ്‌ലൈൻ പ്രൊട്ടക്ഷൻ ഓഫീസർ നിർദ്ദേശിച്ചു. ഏഴ് മാസങ്ങൾക്ക് മുൻപാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. ഈ കേസിൽ പെൺകുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെ ആറ് പേരെ പോക്‌സോ ചുമത്തി പോലീസ് അറസ്റ്റും ചെയ്തിരുന്നു. ഈ കേസുകൾ പോക്‌സോ കോടതിയുടെ പരിഗണനയിലിരിക്കെയാണ് കഴിഞ്ഞ ദിവസം പെൺകുട്ടി ആത്മഹത്യ ചെയ്യുന്നത്. ചേലേമ്പ്രയിലെ വാടകവീട്ടിലാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസിനോടും മറ്റും നിരവധി തവണ സഹായം അഭ്യർത്ഥിച്ചിരുന്നെങ്കിലും തങ്ങളെ ആരും തിരിഞ്ഞ് നോക്കിയില്ലെന്നാണ് പെൺകുട്ടിയുടെ അമ്മയുടെ ആരോപണം.
സംഭവത്തിൽ തേഞ്ഞിപ്പലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. പെൺകുട്ടിയുടെ കുടുംബാംഗങ്ങളുടെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്നു പോലീസ് അറിയിച്ചു.

