General (Page 1,249)

തൃശൂർ: മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് സിപിഎം സമ്മേളനങ്ങൾ നടത്തുന്നതെന്ന് മുതിർന്ന നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ എം എ ബേബി. എല്ലാം അടച്ചിടണം ഇല്ലെങ്കിൽ ഒരു നിയന്ത്രണവും വേണ്ട എന്നീ രണ്ടു നിലപാടും ശരിയല്ലെന്നും മാസ്‌ക്ക് ധരിച്ച് സാമൂഹിക അകലം പാലിക്കുന്നതാണ് ശാസ്ത്രീയ രീതിയെന്നും അദ്ദേഹം പറഞ്ഞു. ശാരീരിക അകലം പാലിച്ചാണ് സിപിഎം സമ്മേളനങ്ങൾ നടത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലും സിപിഎം സമ്മേളനങ്ങൾ നടത്തുന്നതിനെതിരെ വിവിധ ഭാഗങ്ങളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സംസ്ഥാനം ജില്ലാ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങളിലേക്ക് കടക്കുമ്പോൾ കാസർകോട്, തൃശൂർ ജില്ലകളിൽ സിപിഎം സമ്മേളനങ്ങൾ നടക്കുകയാണ്. കാസർകോട് 185 പേരാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. തൃശൂരിൽ 175 പേരെ പങ്കെടുപ്പിച്ച് പ്രതിനിധി സമ്മേളനം നടത്താനാണ് പാർട്ടിയുടെ തീരുമാനം.

കോവിഡ് നിയന്ത്രണങ്ങൾക്കിടയിലാണ് പാർട്ടി ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്. അതേസമയം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തന്നെ സമ്മേളനം നടത്തുമെന്നാണ് സിപിഎം കാസർകോട് ജില്ലാ സെകട്ടറി എംവി ബാലകൃഷ്ണൻ അറിയിച്ചത്. ലോക്ക് ഡൗൺ ദിനമായ ഞായറാഴ്ച നടപടിക്രമങ്ങൾ പെട്ടെന്ന് അവസാനിപ്പിക്കാനാണ് തീരുമാനമെന്നും സിപിഎം അറിയിച്ചു. ജില്ലാ സമ്മേളനത്തിന് മാറ്റമില്ലെന്നും ലോക്ക് ഡൗൺ ദിവസമായ ഞായറാഴ്ചത്തെ സമ്മേളന നടത്തിപ്പ് എങ്ങനെയാകണമെന്ന് പിന്നീട് തീരുമാനിക്കുമെന്നാണ് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ് വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: പോലീസിന്റെ ഭാഗമാകാൻ ഇനി കുടുംബശ്രീ അംഗങ്ങളും. സ്ത്രീ കർമ്മസേനയെന്ന പേരിൽ കുടുംബശ്രീ അംഗങ്ങളുടെ പ്രത്യേക സംഘം കേരള പോലീസിൽ രൂപീകരിക്കാനാണ് തീരുമാനം. ഡിജിപി അനിൽകാന്ത് പദ്ധതിയുടെ വിശദ രേഖ തയ്യാറാക്കും. പ്രത്യേകസംഘത്തിലെ തെരഞ്ഞെടുക്കപ്പെടുന്ന കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനവും യൂണിഫോമും നൽകും. പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കാനാണ് ഡിജിപി അനിൽ കാന്തിന് ആഭ്യന്തര സെക്രട്ടറി നൽകിയിരിക്കുന്ന നിർദ്ദേശം.

സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പോലെ പ്രത്യേക വിഭാഗമായിട്ടാകും കുടുംബശ്രീ അംഗങ്ങൾ പ്രവർത്തിക്കുന്നത്. സ്ത്രീസുരക്ഷ ഉറപ്പാക്കാനും പോലീസ് സ്റ്റേഷനുകളെ കൂടുതൽ സ്ത്രീസൗഹൃദമാക്കാനും വേണ്ടിയാണ് പുതിയ നടപടി.

ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും കുടുംബശ്രീ പ്രവർത്തകർ പൊലീസ് സ്റ്റേഷനിലുണ്ടാകണമെന്നാണ് നിർദ്ദേശം. നിയമസമിതിയുടെയും ഡിജിപിയുടെയും ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചത്. സമൂഹത്തിന്റെ അടിത്തട്ട് വരെ സ്വാധീനമുള്ള കുടുംബശ്രീ പ്രവർത്തകരെ പൊലീസിലും ഉപയോഗപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സമൂഹത്തിന്റെ എല്ലാ കോണിലേക്കും ഇറങ്ങി പ്രവർത്തിക്കുന്നതിനാലാണ് കുടുംബശ്രീ പ്രവർത്തകരെ ഈ പദ്ധതിയുടെ ഭാഗമാക്കുന്നത്.

തിരുവനന്തപുരം: നിയമ മന്ത്രി പി രാജീവുമായി കൂടിക്കാഴ്ച്ച നടത്താനൊരുങ്ങി ഡബ്ല്യുസിസി അംഗങ്ങൾ. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ സമിതി റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യവുമായാണ് ഡബ്ല്യുസിസി അംഗങ്ങൾ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. വൈകിട്ട് നാലു മണിക്ക് കളമശ്ശേരി കുസാറ്റ് ഗസ്റ്റ് ഹൗസിൽ വച്ചാണ് കൂടിക്കാഴ്ച്ച.

നേരത്തെ ഈ ആവശ്യം ഉന്നയിച്ച് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവിയുമായി ഡബ്ല്യുസിസി അംഗങ്ങൾ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ജസ്റ്റിസ് ഹേമയുടേത് കമ്മീഷനല്ല സമിതിയാണെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും ഡബ്ല്യുസിസി അംഗങ്ങൾ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരണമെന്നാണ് ആഗ്രഹമെന്ന് ഡബ്ല്യൂസിസി അംഗങ്ങൾ വ്യക്തമാക്കിയിരുന്നു. ഇനി കാത്തിരിക്കാനാവില്ലെന്നും ഡബ്ല്യൂസിസി അംഗങ്ങൾ പറഞ്ഞിരുന്നു. അതേസമയം ഹേമ കമ്മിറ്റിക്ക് മുൻപാകെ തനിക്ക് ഉണ്ടായ വ്യക്തിപരമായ പ്രശ്നങ്ങൾ എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ടെന്ന് നടി പാർവ്വതി പറഞ്ഞു. നടിയെ പിന്തുണക്കുന്നു എന്ന് പോസ്റ്റിട്ടവർ സ്വന്തം പ്രൊഡക്ഷൻ കമ്പനിയിൽ ഇന്റേണൽ കംപ്ലയിന്റ് കമ്മറ്റി ഉണ്ടോയെന്ന് വ്യക്തമാക്കണമെന്നും അങ്ങനെയാണ് സ്ത്രീകളുടെ കൂടെ നിൽക്കേണ്ടതെന്നും പാർവ്വതി കൂട്ടിച്ചേർത്തു. ഒരുപാട് സ്ത്രീകൾ അവരുടെ പ്രശ്‌നങ്ങൾ തുറന്നു പറഞ്ഞ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരേണ്ടത് തന്നെയാണെന്ന് നടി പത്മപ്രിയയും ചൂണ്ടിക്കാട്ടി.

ന്യൂഡൽഹി: രാജ്യത്തെ വാക്സിൻ വിതരണം വളരെ പ്രയോജനകരമായെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) മേധാവി ഡോ. ബൽറാം ഭാർഗവ. രണ്ടാം തരംഗത്തെ അപേക്ഷിച്ച് മരണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ഇന്ത്യയിലെ കോവിഡ് വ്യാപനം ഗുരുതരമായ രോഗാവസ്ഥയ്ക്കും ഉയർന്ന തോതിലുള്ള മരണനിരക്കിനും ഇടയാക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മൂന്നാം തരംഗത്തിൽ കോവിഡ് ബാധിച്ചവർ ഗുരുതരാവസ്ഥയിലേക്ക് പോകുന്നത് തടയുന്നതിന് വാക്സിനേഷൻ ഒരുപരിധിവരെ കാരണമായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഏതെങ്കിലും അസുഖമുള്ളവർ ആരോഗ്യം നിരീക്ഷിക്കുകയും സങ്കീർണതകൾ ഒഴിവാക്കുകയും വേണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. മരണനിരക്ക് കുറയ്ക്കാൻ വാക്‌സിൻ സഹായിക്കുന്നുവെന്നതിനാൽ എല്ലാവരും വാക്‌സിൻ സ്വീകരിക്കണം. രാജ്യത്ത് 94 ശതമാനം പേർ ആദ്യ ഡോസും 72 ശതമാനം പേർ രണ്ടു ഡോസും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വീടുകളിൽ കോവിഡ് പരിശോധന നടത്തുന്നവരുടെ എണ്ണവും വർധിച്ചു. കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ രണ്ടു ലക്ഷം ആളുകളാണ് ഇത്തരത്തിൽ പരിശോധന നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് 16% ടിപിആർ എന്നത് വളരെ ഉയർന്ന നിരക്കാണെന്നും ഗോവയെപ്പോലെ ചില സംസ്ഥാനങ്ങളിൽ ഇത് 50%-ത്തിന് മുകളിലാണെന്നും നീതി ആയോഗ് അംഗം ഡോ.വി.കെ. പോൾ അറിയിച്ചു. കോവിഡ് അണുബാധ തടയുന്നതിൽ വാക്സിനേഷനുള്ള പങ്ക് എടുത്തുപറഞ്ഞ ഡോ. പോൾ, വാക്‌സിൻ മരണനിരക്ക് വലിയ തോതിൽ കുറച്ചിട്ടുണ്ടെങ്കിലും മറ്റു രോഗങ്ങളുള്ളവരുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: വിവാഹിതരാണെങ്കിലും ലൈംഗികബന്ധത്തിന് പങ്കാളിയെ നിർബന്ധിക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി. മാരിറ്റൽ റേപ്പ് ക്രിമിനൽ കുറ്റമാക്കുന്നതിനായുള്ള ഹർജികൾ പരിഗണിക്കവെയാണ് കോടതി നിർണായക നിരീക്ഷണം നടത്തിയത്. ജസ്റ്റിസ് സി ഹരിശങ്കറാണ് ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

വിവാഹത്തിലായാലും അവിടെ ലൈംഗികബന്ധം പ്രതീക്ഷിക്കപ്പെടുന്നതാണ്. പങ്കാളിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള അവകാശം തനിക്കുണ്ടെന്ന് നിർബന്ധം പിടിക്കാനാവില്ലെന്നും ജസ്റ്റിസ് ഹരിശങ്കർ ചൂണ്ടിക്കാട്ടി. അതേസമയം അമിക്കസ് ക്യൂരി റബേക്ക ജോൺ ഇതിനെ പിന്തുണച്ചു. വിവാഹത്തിൽ ലൈംഗികബന്ധം പ്രതീക്ഷിക്കപ്പെടും അത് കുറ്റകരമല്ല. പക്ഷേ, ഈ പ്രതീക്ഷ നിർബന്ധപൂർവമുള്ള ബലപ്രയോഗമായാൽ അത് തെറ്റാവുന്നുവെന്ന് അമിക്കസ് ക്യൂരി പറഞ്ഞു. വെള്ളിയാഴ്ച ഹർജിയിൽ കോടതി തുടർവാദം കേൾക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് 10, 11, 12 ക്ലാസുകൾ ഓഫ്‌ലൈനായി തുടരും. കോളേജ് ക്ലാസുകളും ഓഫ്‌ലൈനായി തുടരും. അതേസമയം നിലവിലെ കോവിഡ് സാഹചര്യത്തിൽ ജനുവരി 23, 30 (ഞായറാഴ്ച) തീയതികളിൽ അവശ്യ സർവീസുകൾ മാത്രം അനുവദിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. സർക്കാർ / സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രണ്ടു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാർ, ക്യാൻസർ രോഗികൾ, തീവ്ര രോഗബാധിതർ എന്നിവർക്ക് വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാൻ അനുവദിക്കുന്നതാണ്. ഇവർ ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

വ്യാപാരസ്ഥാപനങ്ങൾ, മാളുകൾ, ബീച്ചുകൾ, തീം പാർക്കുകൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആൾക്കൂട്ടം ഉണ്ടാവുന്നില്ലെന്നും കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. ഇവിടങ്ങളിൽ നിശ്ചിത മീറ്ററിനകത്ത് സാനിറ്റൈസർ ലഭ്യമാക്കണം. ഡിസാസ്റ്റർ മാനേജ്‌മെന്റ് ഫണ്ടിൽനിന്ന് 22 കോടി രൂപ ജില്ലകൾക്ക് അനുവദിച്ചിട്ടുണ്ട്. നിലവിലെ കോവിഡ് സാഹചര്യത്തിൽ ആശുപത്രികളിൽ അഡ്മിറ്റ് ആകുന്നവരുടെ എണ്ണം കണക്കാക്കി ജില്ലാടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരോഗ്യവകുപ്പ് ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾക്ക് എല്ലാ വ്യാഴാഴ്ചകളിലും നൽകേണ്ടതാണ്. ഇതിനെ അടിസ്ഥാനപ്പെടുത്തി ദുരന്തനിവാരണ അതോറിറ്റി ജില്ലകളെ എ, ബി, സി എന്നിങ്ങനെ മൂന്നായി തിരിക്കും. എല്ലാ വെള്ളിയാഴ്ചകളിലും ദുരന്തനിവാരണ അതോറിറ്റി ഇത് പ്രഖ്യാപിക്കും.

എ കാറ്റഗറിയിൽ സാമൂഹ്യ, സാംസ്‌കാരിക, മത-സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർക്ക് പങ്കെടുക്കാവുന്നതാണ്. ബി. കാറ്റഗറിയിൽ സാമൂഹ്യ, സാംസ്‌കാരിക, മത, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സി കാറ്റഗറിയിൽ സാമൂഹ്യ, സാംസ്‌കാരിക, മത, രാഷ്ട്രീയ, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സിനിമ തീയേറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല. ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനൽ ഇയർ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും (ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇത് ബാധകമല്ലെന്നും നിർദ്ദേശമുണ്ട്.

ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ടാബ്ലോ ഉൾപ്പെടുത്താതിരുന്ന കേന്ദ്ര സർക്കാർ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കാലികപ്രസക്തവും വളരെയധികം സാമൂഹിക പ്രാധാന്യവുമുള്ള പ്രമേയമാണ് കേരളത്തിന്റെ ടാബ്ലോ അവതരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളം മാത്രമല്ല, രാജ്യം തന്നെ കണ്ട മഹാനായ സാമൂഹ്യ പരിഷ്‌കർത്താവും തത്വചിന്തകനുമായ ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഉയർത്തിപ്പിടിക്കുന്ന ടാബ്ലോ അനുവദിക്കാതിരുന്നത് ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടുന്നു.

മനുഷ്യർക്കിടയിൽ വിഭജനങ്ങൾക്ക് കാരണമായ ജാതിചിന്തകൾക്കും അനാചാരങ്ങൾക്കും വർഗീയവാദങ്ങൾക്കുമെതിരെ അദ്ദേഹം പകർന്ന മാനവികതയുടേയും സാഹോദര്യത്തിന്റേയും ആശയങ്ങൾ കൂടുതൽ ആളുകളിൽ എത്താനുള്ള അവസരമാണ് നിഷേധിക്കപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ഇക്കാര്യത്തിൽ കേരളത്തിനുള്ള പ്രതിഷേധം പ്രധാനമന്ത്രിയെ അറിയിച്ചുവെന്നും നടപടി തിരുത്തണമെന്ന് ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

കാസർകോട്: ജില്ലയിൽ പൊതുപരിപാടികൾ പാടില്ലെന്ന് അറിയിച്ച് പുറത്തിറക്കിയ ഉത്തരവ് പിൻവലിച്ച് കാസർകോട് കളക്ടർ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പൊതുപരിപാടികൾ പാടില്ലെന്ന് വ്യക്തമാക്കി ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നീട് രണ്ടു മണിക്കൂറിനുള്ളിൽ ഈ ഉത്തരവ് കളക്ടർ പിൻവലിക്കുകയായിരുന്നു. സിപിഎം കാസർകോട് ജില്ലാ സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കുന്ന സാഹചര്യത്തിലാണ് കളക്ടറുടെ നടപടിയെന്ന വിമർശനം ഉയരുന്നുണ്ട്.

ടിപിആർ അടിസ്ഥാനമാക്കിയാണ് ആദ്യ ഉത്തരവിറക്കിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിന് അനുസൃതമായിട്ടാണ് നിയന്ത്രണം ഏർപ്പെടുത്തേണ്ടത്. ഈ സാഹചര്യത്തിലാണ് നേരത്തെയുള്ള ഉത്തരവ് പിൻവലിക്കുന്നതെന്ന് കളക്ടർ വിശദമാക്കി. 36.6 ശതമാനമാണ് കാസർകോട് ജില്ലയിലെ വ്യാഴാഴ്ച്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിയെ പരിഹസിച്ചു കൊണ്ടാണെന്ന് കെ സുധാകരൻ മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിയത്. കോടിയേരിയെ കുറിച്ചും മന്ത്രി മുഹമ്മദ് റിയാസിനെ കുറിച്ചും കത്തിൽ പരാമർശിക്കുന്നുണ്ട്.

കാബിനറ്റ് മീറ്റിംഗിൽ ഓൺലൈനായി പങ്കെടുത്ത മുഖ്യമന്ത്രിയുടെ വാക്കുകൾ തങ്ങൾ കേട്ടുവെന്നും താങ്കൾ സുഖമായി ഇരിക്കുന്നു എന്നറിഞ്ഞതിൽ തങ്ങൾക്കെല്ലാം വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. പ്രിയപ്പെട്ട വിജയൻ അങ്ങയുടെ നാട്ടിൽ കേരളത്തിൽ പ്രജകൾ വളരെ സങ്കടത്തിലാണ്. കോവിഡ് വ്യാപനം രൂക്ഷമാണ്. തലസ്ഥാനത്ത് നിയന്ത്രണാതീതമായി പടരുകയാണ്. മരുമകൻ തലസ്ഥാനത്ത് ഉണ്ട് എന്നതിൽ സന്തോഷം. അങ്ങ് ഞങ്ങളെ തനിച്ചാക്കിയില്ലല്ലോ. അങ്ങ് അമേരിക്കയിലേക്ക് പുറപ്പെടുമ്പോൾ ഞങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി ചുമതലപ്പെടുത്തിയ മരുമകനും കോടിയേരിയും തങ്ങളുടെ ഉത്തരവാദിത്തം ‘നന്നായി’ തന്നെ നിർവഹിക്കുന്നുണ്ട് എന്നറിയുക. അസഹനീയമായ ചികിത്സ കൊണ്ടാവാം കോടിയേരിക്ക് ചിലപ്പോഴൊക്കെ ഉച്ചക്കിറുക്ക് സംഭവിക്കുന്നു എന്നുള്ളത് താങ്കൾ അറിയണം. വിജയന്റെ അമേരിക്കയിലേക്കുള്ള യാത്രയ്ക്കു ശേഷം കേരള പൊലീസിനും സുഖമാണ് എന്നറിയുമല്ലോ. കാരണം കുത്തിമലർത്തിയ ശവശരീരങ്ങൾ ഇപ്പോൾ നിങ്ങളുടെ ഗുണ്ടകൾ പൊലീസ് സ്റ്റേഷനിൽ തന്നെ എത്തിക്കുന്നതിനാൽ അവരുടെ ജോലിയും സമാധാനപരമായി നടക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം പാർട്ടി സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കളും പ്രതിനിധികളും കിടപ്പിലാണ്. എല്ലാവർക്കും കോവിഡ് മഹാമാരി കടന്നുപിടിച്ചത്രേ. കോവിഡിനെ പിടിച്ചുകെട്ടുമെന്ന് സമ്മേളനത്തിൽ പ്രമേയം പാസാക്കിയിട്ടും ‘അങ്ങേർക്കത്’ മനസിലായില്ലെന്ന് തോന്നുന്നു. എല്ലാത്തിനും ‘കാരണഭൂതനായ’ അങ്ങ് എ കെ ബാലൻ ഇന്ന് ദേശാഭിമാനിയിൽ പറഞ്ഞതുപോലെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ‘അമേരിക്കയിൽ’ സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും സുധാകരൻ കത്തിൽ പറയുന്നു.

കെ സുധാകരന്റെ കത്ത്:

കാബിനറ്റ് മീറ്റിംഗിൽ ഓൺലൈനായി പങ്കെടുത്ത മുഖ്യമന്ത്രിയുടെ വാക്കുകൾ ഞങ്ങൾ കേട്ടു. താങ്കൾ സുഖമായി ഇരിക്കുന്നു എന്നറിഞ്ഞതിൽ ഞങ്ങൾക്കെല്ലാം വളരെ സന്തോഷം. പ്രിയപ്പെട്ട വിജയൻ അങ്ങയുടെ നാട്ടിൽ കേരളത്തിൽ പ്രജകൾ വളരെ സങ്കടത്തിലാണ്. കൊവിഡ് വ്യാപനം രൂക്ഷമാണ്. തലസ്ഥാനത്ത് നിയന്ത്രണാതീതമായി പടരുകയാണ്. മരുമകൻ തലസ്ഥാനത്ത് ഉണ്ട് എന്നതിൽ സന്തോഷം. അങ്ങ് ഞങ്ങളെ തനിച്ചാക്കിയില്ലല്ലോ.അങ്ങ് അമേരിക്കയിലേക്ക് പുറപ്പെടുമ്പോൾ ഞങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി ചുമതലപ്പെടുത്തിയ മരുമകനും കോടിയേരിയും തങ്ങളുടെ ഉത്തരവാദിത്തം ‘ന്നായി’ തന്നെ നിർവഹിക്കുന്നുണ്ട് എന്നറിയുക.

അസഹനീയമായ ചികിത്സ കൊണ്ടാവാം കോടിയേരിക്ക് ചിലപ്പോഴൊക്കെ ഉച്ചക്കിറുക്ക് സംഭവിക്കുന്നു എന്നുള്ളത് താങ്കൾ അറിയണം. വിജയന്റെ അമേരിക്കയിലേക്കുള്ള യാത്രയ്ക്കുശേഷം കേരള പൊലീസിനും സുഖമാണ് എന്നറിയുമല്ലോ. കാരണം കുത്തിമലർത്തിയ ശവശരീരങ്ങൾ ഇപ്പോൾ നിങ്ങളുടെ ഗുണ്ടകൾ പൊലീസ് സ്റ്റേഷനിൽ തന്നെ എത്തിക്കുന്നതിനാൽ അവരുടെ ജോലിയും സമാധാനപരമായി നടക്കുന്നു.തിരുവനന്തപുരം പാർട്ടി സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കളും പ്രതിനിധികളും കിടപ്പിലാണ്. എല്ലാവർക്കും കോവിഡ് മഹാമാരി കടന്നുപിടിച്ചത്രേ. കോവിഡിനെ പിടിച്ചുകെട്ടുമെന്ന് സമ്മേളനത്തിൽ പ്രമേയം പാസാക്കിയിട്ടും ‘അങ്ങേർക്കത്’ മനസിലായില്ലെന്ന് തോന്നുന്നു. എല്ലാത്തിനും ‘കാരണഭൂതനായ’ അങ്ങ് എ കെ ബാലൻ ഇന്ന് ദേശാഭിമാനിയിൽ പറഞ്ഞതുപോലെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ‘അമേരിക്കയിൽ’ സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്.

തിരുവനന്തപുരം: നിലവിലെ കോവിഡ് സാഹചര്യത്തിൽ ജനുവരി 23, 30 (ഞായറാഴ്ച) തീയതികളിൽ സംസ്ഥാനത്ത് അവശ്യ സർവീസുകൾ മാത്രം അനുവദിച്ചാൽ മതിയെന്ന് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ആശുപത്രികളിൽ അഡ്മിറ്റ് ആകുന്നവരുടെ എണ്ണം കണക്കാക്കി ജില്ലാ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരോഗ്യവകുപ്പ് ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾക്ക് എല്ലാ വ്യാഴാഴ്ചകളിലും നൽകണം. ഇതിന്റെ അടിസ്ഥാനത്തിൽ ദുരന്തനിവാരണ അതോറിറ്റി ജില്ലകളെ എ, ബി, സി എന്നിങ്ങനെ മൂന്നായി തിരിക്കും. എല്ലാ വെള്ളിയാഴ്ചകളിലും ദുരന്തനിവാരണ അതോറിറ്റി ഇത് പ്രഖ്യാപിക്കും.

എ കാറ്റഗറിയിൽ സാമൂഹ്യ, സാംസ്‌കാരിക, മത-സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർക്ക് പങ്കെടുക്കാം. ബി കാറ്റഗറിയിൽ സാമൂഹ്യ, സാംസ്‌കാരിക, മത, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സി കാറ്റഗറിയിൽ സാമൂഹ്യ, സാംസ്‌കാരിക, മത, രാഷ്ട്രീയ, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തണം. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സിനിമ തീയേറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല. ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനൽ ഇയർ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും (ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇത് ബാധകമല്ല.

ഇന്നത്തെ(20 ജനുവരി) നില പ്രകാരം എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളാണ് എ കാറ്റഗറിയിൽ വരുന്നത്. പാലക്കാട്, ഇടുക്കി തിരുവനന്തപുരം, പത്തനംതിട്ട, വയനാട് ജില്ലകളാണ് ബി കാറ്റഗറിയിൽ. സി കാറ്റഗറിയിൽ വരുന്ന ജില്ലകൾ ഇപ്പോൾ ഇല്ല. സർക്കാർ / സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രണ്ടു വയസിനു താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാർ, ക്യാൻസർ രോഗികൾ, തീവ്ര രോഗബാധിതർ എന്നിവർക്ക് വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാൻ അനുവദിക്കും. ഇവർ ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. വ്യാപാരസ്ഥാപനങ്ങൾ, മാളുകൾ, ബീച്ചുകൾ, തീം പാർക്കുകൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആൾക്കൂട്ടം ഉണ്ടാവുന്നില്ലെന്നും കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഉറപ്പാക്കണം. ഇവിടങ്ങളിൽ നിശ്ചിത മീറ്ററിനകത്ത് സാനിറ്റൈസർ ലഭ്യമാക്കണം.

പുതിയ വകഭേദമായ ഒമിക്രോൺ അതി വേഗതയിലാണു വ്യാപിക്കുന്നതെന്നതിനാൽ സംസ്ഥാനത്ത് നല്ല ജാഗ്രത ഉണ്ടാകണമെന്നു മുഖ്യമന്ത്രി പറഞ്ഞു. രോഗബാധിതർ കൂടുതലും വീടുകളിലാണുള്ളത്. അതിനാൽ ടെലിമെഡിസിൻ വ്യാപകമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇതിൽ പ്രധാന പങ്കു വഹിക്കാനാകും. വീടുകളിൽ കഴിയുന്നവർക്ക് ഗൃഹ പരിചരണം ഉറപ്പുവരുത്താൻ ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. വാർഡ്തല സമിതികൾ വീടുകൾ കേന്ദ്രീകരിച്ച് രോഗികളുടെ സൗകര്യങ്ങൾ ഉറപ്പാക്കണം. മെഡിക്കൽ കോളേജ് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നതിന് കൃത്യമായ മാനദണ്ഡം നിശ്ചയിക്കണം. റഫർ ചെയ്യുന്ന ഗുരുതര രോഗാവസ്ഥയിലുള്ളവരെ മാത്രം പ്രവേശിപ്പിച്ചാൽ മതിയാകും. അവിടെ ഗുരുതര അവസ്ഥയിൽ എത്തുന്നവരെ മുതിർന്ന ഡോക്ടർമാർ കൂടി പരിശോധിക്കണം.

കോവിഡ് ബ്രിഗേഡിൽ സേവനമനുഷ്ഠിച്ചവരെ ആവശ്യാനുസരണം നിയമിക്കാൻ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിന് നിർദേശം നൽകി. സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പു വരുത്തണം. അവിടെ രോഗികളെ പ്രവേശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. 108 ആംബുലൻസുകളുടെ ഉപയോഗം പരമാവധി ഉറപ്പു വരുത്തണം. പ്രാഥമിക സമ്പർക്ക പട്ടികയിൽപെട്ടവർക്ക് നൽകുന്ന ഏഴു ദിവസത്തെ സ്‌പെഷ്യൽ കാഷ്വൽ ലീവ് അനുവദിക്കേണ്ടതില്ല എന്ന് യോഗം തീരുമാനിച്ചു.

സ്‌പെഷൽ സ്‌കൂളുകൾ അടച്ചിടേണ്ടതില്ല. അവിടെ ക്ലസ്റ്റർ രൂപപ്പെട്ടാൽ മാത്രം അടക്കും. കോവിഡിതര രോഗികളുടെ കാര്യത്തിൽ കൃത്യമായ ക്രമീകരണം ഉണ്ടാക്കണം. സെക്രട്ടറിയേറ്റിൽ കോവിഡ് വാർ റും പ്രവർത്തിക്കും. ഡിസാസ്റ്റർ മാനേജ്‌മെന്റ് ഫണ്ടിൽ നിന്ന് ജില്ലകൾക്ക് 22 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമ്പോൾ അധ്യാപകർ സ്‌കൂളിൽത്തന്നെ ഉണ്ടാകണം. അധ്യയനവർഷത്തിന്റെ അവസാനഘട്ടമായതിനാൽ ഇത് പ്രധാനമാണ്. ജില്ലകളുടെ ആവശ്യമനുസരിച്ച് കരുതൽ വാസകേന്ദ്രങ്ങൾ ആരംഭിക്കാവുന്നതാണ്. മരുന്നുകൾക്കും ടെസ്റ്റിംഗ് കിറ്റുകൾക്കും ദൗർലഭ്യം ഉണ്ടാവരുത്. ക്ലസ്റ്ററുകൾ രൂപപ്പെടുന്ന സ്ഥലങ്ങളിൽ സെക്ടറൽ മജിസ്‌ട്രേറ്റ്മാരെ നിയോഗിക്കാം. നിർമ്മാണപ്രവർത്തനങ്ങൾ സാമൂഹ്യ അകലം പാലിച്ച് നടത്താം.

ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ രോഗം പകരാതിരിക്കാൻ കോവിഡ് മാനദണ്ഡമനുസരിച്ച് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തണം. എന്നാൽ കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനു തടസമില്ല. ജില്ലകളിൽ അതത് മേഖലകളുടെ സവിശേഷ സാഹചര്യങ്ങൾക്കനുസൃതമായി നിയന്ത്രണങ്ങൾ വരുത്താൻ ജില്ലാ കലക്ടർമാർക്ക് അധികാരം നൽകി. ചീഫ് സെക്രട്ടറിയുമായി ആലോചിച്ച് കലക്ടർമാർക്ക് ഇക്കാര്യം തീരുമാനിക്കാവുന്നതാണെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.

കാറ്റഗറി 1 (Threshold 1)

ആശുപതിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ബേസ് ലൈൻ തീയതിയിൽ നിന്ന് (ജനുവരി 1) ഇരട്ടിയാവുകയാണെങ്കിൽ, ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് 50 ശതമാനത്തിൽ കൂടുതലാവുകയാണെങ്കിൽ അവ കാറ്റഗറി 1 ൽ ഉൾപ്പെടും.

• നിലവിൽ എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളാണ് കാറ്റഗറി 1 ൽ ഉള്ളത്.

നിയന്ത്രണങ്ങൾ

ഈ ജില്ലകളിൽ എല്ലാ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർക്ക് പങ്കെടുക്കാവുന്നതാണ്.

കാറ്റഗറി 2 (Threshold 2)

ജില്ലയിൽ ആശുപതിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളിൽ 10 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികൾ ആകുന്നുവെങ്കിൽ, ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് ബേസ് ലൈൻ തീയതിയിൽ നിന്ന് (ജനുവരി 1) ഇരട്ടിയാവുകയാണെങ്കിൽ അവ കാറ്റഗറി 2 ൽ ഉൾപ്പെടും.

• നിലവിൽ തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളാണ് കാറ്റഗറി 2ൽ ഉള്ളത്.

നിയന്ത്രണങ്ങൾ

1. ഈ ജില്ലകളിൽ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല.
2.  മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്.
3. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.

കാറ്റഗറി 3 (Threshold 3)

ജില്ലയിൽ ആശുപതിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളിൽ 25 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികൾ ആകുന്നുവെങ്കിൽ, അവ കാറ്റഗറി 3 ൽ ഉൾപ്പെടും.

• നിലവിൽ ഒരു ജില്ലയും ഈ കാറ്റഗറിയിൽ ഇല്ല.

നിയന്ത്രണങ്ങൾ

1. ഈ  ജില്ലകളിൽ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമുദായിക പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല.
2. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്.
3. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.
4. സിനിമ തീയേറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല.
5. ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനൽ ഇയർ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും (ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇത് ബാധകമല്ല