ആന്ധ്രാപ്രദേശിൽ വികസനക്കുതിപ്പ്; പുതുതായി നിർമ്മിക്കാനൊരുങ്ങുന്നത് ഏഴു വിമാനത്താവളങ്ങൾ

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ വികസന പദ്ധതികൾ വേഗത്തിലാക്കുന്നു. സംസ്ഥാനത്ത് ഏഴു വിമാനത്താവളങ്ങളാണ് പുതുതായി നിർമ്മിക്കാനൊരുങ്ങുന്നത്. ഒരു ജില്ലയിൽ ഒരു വിമാനത്താവളം എന്ന പദ്ധതിക്ക് കീഴിലാണ് പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കുന്നതെന്ന് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡി വ്യക്തമാക്കി.

ഭോഗാപുരം, ദഗദർത്തി വിമാനത്താവളങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കാനും ആന്ധ്രാപ്രദേശ് സർക്കാർ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. നാടിന്റെ വികസനം ആളുകളുടെ യാത്രാസൗകര്യവും വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് വിമാനത്താവളങ്ങളുടെ എണ്ണം വർധിപ്പിക്കുന്നത്. വികസനത്തിനൊപ്പം വലിയൊരു തൊഴിൽ സാധ്യത കൂടിയാണ് ജനങ്ങൾക്ക് ലഭിക്കാൻ പോകുന്നതെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി അറിയിച്ചു.

13 ജില്ലകളിലാണ് നിലവിൽ ആന്ധ്രാപ്രദേശിൽ വിമാനത്താവളങ്ങളുള്ളത്. വിശാഖപട്ടണം, വിജയവാഡ, തിരുപ്പതി, രാജമഹേന്ദ്രവാരം, കുർണൂൽ, കടപ്പ തുടങ്ങിയ ജില്ലകളിലെല്ലാം വിമാനത്താവളങ്ങളുണ്ട്. പുതുതായി 12 ജില്ലകൾ കൂടി രൂപീകരിക്കാനുള്ള തയ്യാറെടുപ്പ് സർക്കാർ നടത്തുന്നുണ്ട്. എന്നാൽ പുതുതായി രൂപം കൊള്ളുന്ന ഓരോ ജില്ലയിലും വിമാനത്താവളം ഉണ്ടാകുമോയെന്ന കാര്യം വ്യക്തമല്ല.