Highlights (Page 91)

തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ ‘ഓണാഘോഷം 2022’ന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചലച്ചിത്ര താരങ്ങളായ ദുൽഖർ സൽമാൻ, അപർണ്ണ ബാലമുരളി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ആറ് ദിവസങ്ങൾ നീണ്ടു നിൽക്കുന്ന വിപുലമായ ആഘോഷ പരിപാടികളാണ് ടൂറിസം വകുപ്പ് വിവിധ ജില്ലകളിലായി നടത്താൻ തീരുമാനിച്ചത്. കോവിഡിന് ശേഷമുള്ള ഈ ഓണക്കാലം ഭംഗിയായി ആഘോഷിക്കാൻ എല്ലാവർക്കും സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.

പ്രളയത്തിന്റെയും കോവിഡിന്റെയും നാളുകൾക്ക് ശേഷം ആഘോഷത്തിനുള്ള അവസരമാണ് ഈ ഓണക്കാലം. 2018 ൽ സംസ്ഥാനം മഹാപ്രളയത്തെ നേരിടേണ്ടി വന്നു. 2019-ൽ കാലവർഷക്കെടുതി രൂക്ഷമായിരുന്നു. തുടർന്നുള്ള രണ്ട് വർഷങ്ങൾ കോവിഡ് രൂക്ഷമായ കാലമായിരുന്നു. കോവിഡ് ഭീതി പൂർണമായും ഒഴിഞ്ഞിട്ടില്ലെങ്കിലും നമുക്ക് ആഘോഷങ്ങൾക്കുള്ള സാഹചര്യമൊരുങ്ങി. കാലാവസ്ഥ വ്യതിയാനം ആശങ്ക സൃഷ്ടിക്കുന്നെങ്കിലും എല്ലാവർക്കും ഓണം ആഘോഷിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാകട്ടെയെന്നും എല്ലാവർക്കും ഓണാശംസകൾ നേരുന്നതായും അദദേഹം വ്യക്തമാക്കി.

ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുഖ്യാഥിതികളായ അപർണ്ണാ ബാലമുരളിയും ദുൽഖർ സൽമാനും മുഖ്യമന്ത്രിയിൽ നിന്നും ഉപഹാരങ്ങൾ ഏറ്റുവാങ്ങി.കലാമണ്ഡലം ശിവദാസും സംഘവും അവതരിപ്പിച്ച പാണ്ടിമേളത്തോടെയായിരുന്നു ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷ പരിപാടികൾ ആരംഭിച്ചത്.

ഗുരുഗോപിനാഥ് കലാഗ്രാമം ഒരുക്കിയ സൃത്തശിൽപം, വിജയ് യേശുദാസ് നയിച്ച സംഗീത നിശ തുടങ്ങിയവയും വേദിയിൽ അരങ്ങേറി. 32 വേദിയിലാണ് ഇത്തവണ ഓണാഘോഷം നടക്കുന്നത്. ഏഴ് ദിവസത്തെ പരിപാടികളിൽ എണ്ണായിരത്തിലേറെ കലാകാരന്മാർ പങ്കെടുക്കും. 12 ന് വൈകിട്ട് വെള്ളയമ്പലം മുതൽ കിഴക്കേകോട്ട വരെ വർണശബളമായ ഘോഷയാത്രയോടെ ഓണം വാരാഘോഷം സമാപിക്കും.

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം കാരണം തീരങ്ങളിലും മറ്റും ഉണ്ടാകുന്ന ആഘാതങ്ങളെ കുറിച്ച് പഠിക്കാന്‍ സമരക്കാരുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തിക്കൊണ്ട് പ്രത്യേക സമിതിയെ നിയോഗിക്കാന്‍
ഫിഷറീസ് മന്ത്രി വി.അബ്ദുറഹിമാന്‍, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവരുമായി നടത്തിയ സമര സമിതി നടത്തിയ ചര്‍ച്ചയില്‍ ധാരണയായി.

‘സമരസമിതി ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കും. സമരക്കാരുടെ ഏഴ് ആവശ്യങ്ങളില്‍ അഞ്ചെണ്ണവും പരിഹരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വാടക നല്‍കി പുനരധിവസിപ്പിക്കുന്നതിനുള്ള നടപടി പ്രകാരം ക്യാമ്പുകളില്‍ കഴിയുന്ന മുഴുവന്‍ പേര്‍ക്കും തുക അനുവദിക്കും. പുനരധിവാസവുമായി ബന്ധപ്പെട്ട് മുട്ടത്തറയില്‍ ഏറ്റെടുത്ത എട്ടേക്കറില്‍ ഫ്ളാറ്റ് നിര്‍മ്മാണം എത്രയും വേഗം ആരംഭിക്കും’- ഫിഷറീസ് മന്ത്രി അറിയിച്ചു.

അതേസമയം, തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ച് പഠനം നടത്തണമെന്ന ആവശ്യം സമരപ്രതിനിധികള്‍ ശക്തമായി ഉന്നയിച്ചുവെങ്കിലും ഇക്കാര്യത്തില്‍ കോടതി വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് മണല്‍ കയറി ആഴം കുറഞ്ഞ് അപകടങ്ങള്‍ ഉണ്ടാകുന്ന വിഷയവും പ്രത്യേക സമിതിയുടെ പഠനത്തില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രിമാര്‍ അറിയിച്ചു.

തിരുവനന്തപുരം: ശനിയാഴ്ച തുമ്പയിലെ വിജയകരമായ പരീക്ഷണത്തിന് ശേഷം ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിക്കുന്ന റോക്കറ്റുകളെ തിരിച്ചിറക്കുന്ന സാങ്കേതിക വിദ്യ സ്വന്തമാക്കിയ മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. അമേരിക്കയും റഷ്യയും മാത്രമാണ് ആദ്യമേ ഈ നേട്ടം കൈവരിച്ച മറ്റു രാജ്യങ്ങള്‍.

നൂറു കിലോമീറ്ററോളം ഉയരെ എത്തിയ രോഹിണി എന്ന റോക്കറ്റിനെയാണ് കൃത്യമായി കടലില്‍ തിരിച്ചിറക്കിയത്. അതേസമയം, ശ്രീഹരിക്കോട്ടയില്‍ നടത്തുന്ന അടുത്ത പരീക്ഷണത്തില്‍ ജിഎസ്എല്‍വി തിരിച്ചിറക്കുന്നതു കൂടി വിജയിച്ചാല്‍ സ്‌പെയ്‌സ് സ്റ്റേഷനിലേക്കും ചൊവ്വയിലേക്കും ശുക്രനിലേക്കുമുള്ള ഭാവി ദൗത്യങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവും.

ഐഎഡി ഘടിപ്പിച്ച് വിക്ഷേപിച്ച രോഹിണി ആര്‍.എച്ച്-300 സൗണ്ടിംഗ് റോക്കറ്റ് 84 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് ബഹിരാകാശത്ത് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് പ്രവര്‍ത്തനം നിര്‍ത്തുകയും ഉടന്‍ ഐഎഡി വിടര്‍ത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കി റോക്കറ്റിനെ സുരക്ഷിതമായി കടലില്‍ തിരിച്ചിറക്കുകയായിരുന്നു.

ലണ്ടൻ: ബ്രിട്ടണിൽ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട് ലിസ് ട്രസ്. ഇന്ത്യൻ വംശജൻ ഋഷി സുനാക്കിനെ പിന്തള്ളിയാണ് ബ്രീട്ടീഷ് വിദേശകാര്യ മന്ത്രിയായിരുന്ന ലിസ് ട്രസ് പധാനമന്ത്രിപദത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ബ്രിട്ടീഷ് ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ലിസ്. 2025 വരെ ലിസ് ട്രസിന് പ്രധാനമന്ത്രിയായി തുടരാം.

20,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ലിസ് ട്രസ് വിജയിച്ചത്. 81,326 വോട്ട് ലിസ് ട്രസിന് ലഭിച്ചു. അതേസമയം, 60,399 വോട്ട് ഋഷി സുനാകിന് ലഭിച്ചു. രാജിവെച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പിൻഗാമിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങളിൽ കൺസർവേറ്റീവ് പാർട്ടി എം.പി.മാരുടെ പിന്തുണ മുൻ ധനമന്ത്രിയായ ഋഷി സുനാക്കിനായിരുന്നു. എന്നാൽ, പിന്നീട് ഇതിന് ഇടിവ് സംഭവിച്ചു.

ആദ്യ റൗണ്ട് വോട്ടിങ്ങിൽ 358 എം.പി.മാരിൽ 88 വോട്ടുകൾ നേടി ഋഷി ഒന്നാമതായിരുന്നു. വോട്ടെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ എത്തിയപ്പോൾ ഋഷി സുനാക് 137 വോട്ടും ട്രോസ്സ് 113 വോട്ടുമാണ് കരസ്ഥമാക്കിയത്.

ന്യൂഡൽഹി: 2029 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഉയരുമെന്ന് റിപ്പോർട്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഏഴുവർഷം കൊണ്ട് ജപ്പാനെയും ജർമ്മനിയെയും മറികടന്ന് ഇന്ത്യ മുന്നേറുമെന്നും എസ്ബിഐ എക്കണോമിക് റിസേർച്ച് ഡിപ്പാർട്ട്‌മെന്റ് റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.

2014 ൽ ലോകസാമ്പത്തിക ശക്തികളിൽ 11-ാം സ്ഥാനത്തായിരുന്ന ഇന്ത്യ. എട്ടുകൊല്ലം കൊണ്ടാണ് ബ്രിട്ടനെ മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചത്. എസ്ബിഐ റിപ്പോർട്ട് പ്രകാരം 2021 ഡിസംബറിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയിരുന്നു. 2022-23 വർഷത്തെ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.7 ശതമാനം മുതൽ 7.7 ശതമാനം ആയിരിക്കുമെന്നാണ് എസ്ബിഐ പ്രവചിച്ചിട്ടുള്ളത്.

നിക്ഷേപ മേഖലയിലെ ചൈനയുടെ പിന്നോട്ടുപോക്കിന്റെ പ്രയോജനങ്ങൾ ഏറ്റവുമധികം കരസ്ഥമാക്കി മുന്നേറുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യയെ സുരക്ഷിത നിക്ഷേപ കേന്ദ്രമായി ആഗോള തലത്തിൽ വിലയിരുത്തുന്നതായും റിപ്പോർട്ടിൽ വിശദമാക്കുന്നു. രാജ്യം സാമ്പത്തിക വളർച്ചാ നിരക്ക് കൈവരിക്കുമ്പോഴും ആളോഹരി വരുമാനത്തിൽ ഇന്ത്യയ്ക്ക് ഇനിയും മുന്നേറാനുണ്ടെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചനയുമായി തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് ശേഖര്‍ റേ. പ്രതിപക്ഷ ഐക്യ ശ്രമങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരും തങ്ങളെ അറിയിച്ചിട്ടില്ല എന്ന ആരോപണവും തൃണമൂല്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്നുണ്ട്.

‘പ്രതിപക്ഷ ഐക്യം എന്ന ആശയം 2019 മുതല്‍ മമത ബാനര്‍ജി മുന്നോട്ട് വെക്കുന്നതാണ്. എന്നാല്‍, ഇതിനോട് ആരും ഇതുവരെ ക്രിയാത്മകമായി സഹകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കിട്ടുന്ന ആകെ സീറ്റുകളെ അടിസ്ഥാനപ്പെടുത്തി തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യസാദ്ധ്യതകള്‍ ആവശ്യമെങ്കില്‍ മാത്രം പരിഗണിക്കും’- ശേഖര്‍ റേ വ്യക്തമാക്കി.

അതേസമയം, ബിജെപി മുക്ത ഭാരതം എന്ന മുദ്രാവാക്യവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും രാജ്യമൊട്ടാകെ സഞ്ചരിക്കുമ്‌ബോഴാണ്, പ്രതിപക്ഷ ഐക്യം എന്ന ആശയം ശക്തമായി മുന്നോട്ട് വെച്ച മമതയുടെ പിന്മാറ്റം എന്നത് ശ്രദ്ധേയമാണ്. എന്നാല്‍, തൃണമൂലിന്റെ പിന്മാറ്റം പ്രതിപക്ഷ ഐക്യ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

റാഞ്ചി: ഗോത്രവര്‍ഗ, ദളിത് പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ബംഗ്ലാദേശില്‍ നിന്നും ഝാര്‍ഖണ്ഡിലേക്ക് സംഘങ്ങള്‍ വരുന്നതായി ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞു. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്നും ദുബെ ആരോപിച്ചു.

‘പ്രായപൂര്‍ത്തിയാകാത്ത ദളിത്, ഗോത്രവര്‍ഗ പെണ്‍കുട്ടികളെ ബംഗ്ലാദേശി മുസ്ലീം ആണ്‍കുട്ടികള്‍ ചൂഷണം ചെയ്യുന്ന ‘ഗ്രൂമിംഗ് സംഘങ്ങള്‍’ ജാര്‍ഖണ്ഡില്‍ സജീവമാണ്. അതേസമയം, സോറന്‍ സര്‍ക്കാര്‍ ഗാഢനിദ്രയിലാണ്’-ദുബെ ട്വീറ്റ് ചെയ്തു. ഝാര്‍ഖണ്ഡിലെ ദുംകയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ബി ജെ പി എം.പിയുടെ പരാമര്‍ശം.

അതേസമയം, വെള്ളിയാഴ്ച രാവിലെയാണ് ദുംകയില്‍ 14 വയസുള്ള ആദിവാസി പെണ്‍കുട്ടിയെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. അര്‍മാന്‍ അന്‍സാരി എന്ന യുവാവാണ് കേസില്‍ അറസ്റ്റിലായത്. അമ്മായിയോടൊപ്പം ദുംകയില്‍ താമസിച്ചിരുന്ന പെണ്‍കുട്ടി അന്‍സാരിയുമായി ഇഷ്ടത്തിലാവുകയും എന്നാല്‍ വിവാഹം കഴിക്കാന്‍ യുവാവിനോട് ആവശ്യപ്പെട്ടപ്പോള്‍ കൊലപ്പെടുത്തുകയുമായിരുന്നു എന്നും പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരായ സമരം ശക്തമാക്കാനൊരുങ്ങി ലത്തീന്‍ അതിരൂപത. ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കും വരെ സമരം തുടരണം എന്ന് പള്ളികളില്‍ ഞായറാഴ്ച ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോ സര്‍ക്കുലര്‍ വായിച്ചു.

‘വിഴിഞ്ഞം തുറമുഖ നിര്‍മാണം മൂലമുള്ള തീരശോഷണത്തിന് ശാശ്വത പരിഹാരം കാണണം. തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് പഠനം നടത്തണം. തീരശോഷണത്തില്‍ വീട് നഷ്ടപെട്ടവരെ വാടക നല്‍കി മാറ്റി പാര്‍പ്പിക്കണം’- സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു.

അതേസമയം, തുറമുഖത്തിന്റെ നിര്‍മാണം തടസ്സപ്പെടുത്തി സമരം നടത്തരുതെന്ന ഹൈക്കോടതിയുടെ അനുകൂല വിധി നേടിയെടുക്കാന്‍ അദാനി ഗ്രൂപ്പിന് സര്‍ക്കാരിന്റെ സഹായം ലഭിച്ചുവെന്നും സര്‍ക്കുലറില്‍ ആരോപിക്കുന്നുണ്ട്. ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ഈ മാസം 13 വരെ സമരം തുടരാനാണ് അതിരൂപതയുടെ തീരുമാനം. ഇതിന്റെ ഭാഗമായി മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസെപാക്യവും നിലവിലെ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും തിങ്കളാഴ്ച സമരപന്തലില്‍ ഉപവാസം നടത്തും.

യുകെയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയെന്ന് റിപ്പോര്‍ട്ട്. സമ്പദ്വ്യവസ്ഥയുടെ കാര്യത്തില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യ യുകെയെ പിന്നിലാക്കുന്നത്. ഇതിന് മുമ്പ് 2019ലാണ് ഇന്ത്യ യുകെയെ മറികടന്നത്. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ചിലെ അവസാന പാദത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ‘നാമമാത്ര’ മൂല്യം 854.7 ബില്യണ്‍ ഡോളറായിരുന്നു. എന്നാല്‍, യുകെയില്‍ ഇത് 814 ബില്യണ്‍ ഡോളറായിരുന്നു.

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം 2024 വരെ നീണ്ടു നില്‍ക്കുന്ന സാമ്പത്തികമാന്ദ്യ ഭീഷണിയും രാജ്യം നേരിടുന്നുണ്ട്. അതേസമയം, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഈ വര്‍ഷം 7 ശതമാനത്തിലധികം വളര്‍ച്ച നേടുമെന്നാണ് കണക്കു കൂട്ടല്‍.

അതേസമയം, സമ്പദ്വ്യവസ്ഥയുടെ കാര്യത്തില്‍ അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മ്മനി എന്നിവയ്ക്ക് പിന്നിലാണ് നിലവില്‍ ഇന്ത്യ. 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളില്‍ ഇന്ത്യയുടെ സ്ഥാനം 11-ാമത് ആയിരുന്നു. എന്നാല്‍, യുകെ അന്ന് 5-ാം സ്ഥാനത്തായിരുന്നു. 2022 ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 2021-22 പാദത്തിലെ 20.1 ശതമാനം വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ 13.5 ശതമാനം ഉയര്‍ന്നതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ആർടിഒ ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ്. ഏജന്റുമാരിൽ നിന്ന് പണം വാങ്ങുന്നുവെന്ന വിവരത്തെ തുടർന്നാണ് സംസ്ഥാന വ്യാപകമായി ആർടിഒ ഓഫീസുകളിൽ പരിശോധന നടത്തുന്നത്. ഓപ്പറേഷൻ ജാസൂസ് എന്ന പേരിലാണ് പരിശോധന.

ഏജന്റുമാരുടെ സ്ഥാപനങ്ങൾ, ഡ്രൈവിംഗ് സ്‌കൂളുകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് വിജിലൻസ് പരിശോധന നടത്തുന്നത്. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസിന്റെ നിർദ്ദേശപ്രകാരമാണ് റെയ്ഡ്. വിജിലൻസ് പോലീസ് ഇൻസ്‌പെക്ടർ ജനറൽ വെങ്കിടേഷ് ഐപിഎസ്, പൊലീസ് സൂപ്രണ്ട് ഇ.എസ് ബിജുമോൻ, ഹെഡ് ക്വാർട്ടേഴ്‌സ് ഡിവൈഎസ്പി വിനോദ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും പങ്കെടുത്തു.

അതേസമയം, എസ്പിമാർ നാളെ പരിശോധനാ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് നൽകും. പാറശാല, വർക്കല എന്നിവിടങ്ങളിൽ ഉൾപ്പെടെയുള്ള ആർടിഒ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന നടത്തിയിരുന്നു.