യുകെയെ പിന്തള്ളി ഇന്ത്യ; ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറി

യുകെയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയെന്ന് റിപ്പോര്‍ട്ട്. സമ്പദ്വ്യവസ്ഥയുടെ കാര്യത്തില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യ യുകെയെ പിന്നിലാക്കുന്നത്. ഇതിന് മുമ്പ് 2019ലാണ് ഇന്ത്യ യുകെയെ മറികടന്നത്. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ചിലെ അവസാന പാദത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ‘നാമമാത്ര’ മൂല്യം 854.7 ബില്യണ്‍ ഡോളറായിരുന്നു. എന്നാല്‍, യുകെയില്‍ ഇത് 814 ബില്യണ്‍ ഡോളറായിരുന്നു.

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം 2024 വരെ നീണ്ടു നില്‍ക്കുന്ന സാമ്പത്തികമാന്ദ്യ ഭീഷണിയും രാജ്യം നേരിടുന്നുണ്ട്. അതേസമയം, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഈ വര്‍ഷം 7 ശതമാനത്തിലധികം വളര്‍ച്ച നേടുമെന്നാണ് കണക്കു കൂട്ടല്‍.

അതേസമയം, സമ്പദ്വ്യവസ്ഥയുടെ കാര്യത്തില്‍ അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മ്മനി എന്നിവയ്ക്ക് പിന്നിലാണ് നിലവില്‍ ഇന്ത്യ. 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളില്‍ ഇന്ത്യയുടെ സ്ഥാനം 11-ാമത് ആയിരുന്നു. എന്നാല്‍, യുകെ അന്ന് 5-ാം സ്ഥാനത്തായിരുന്നു. 2022 ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 2021-22 പാദത്തിലെ 20.1 ശതമാനം വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ 13.5 ശതമാനം ഉയര്‍ന്നതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.