ന്യൂഡൽഹി: 2029 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഉയരുമെന്ന് റിപ്പോർട്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഏഴുവർഷം കൊണ്ട് ജപ്പാനെയും ജർമ്മനിയെയും മറികടന്ന് ഇന്ത്യ മുന്നേറുമെന്നും എസ്ബിഐ എക്കണോമിക് റിസേർച്ച് ഡിപ്പാർട്ട്മെന്റ് റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.
2014 ൽ ലോകസാമ്പത്തിക ശക്തികളിൽ 11-ാം സ്ഥാനത്തായിരുന്ന ഇന്ത്യ. എട്ടുകൊല്ലം കൊണ്ടാണ് ബ്രിട്ടനെ മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചത്. എസ്ബിഐ റിപ്പോർട്ട് പ്രകാരം 2021 ഡിസംബറിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയിരുന്നു. 2022-23 വർഷത്തെ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.7 ശതമാനം മുതൽ 7.7 ശതമാനം ആയിരിക്കുമെന്നാണ് എസ്ബിഐ പ്രവചിച്ചിട്ടുള്ളത്.
നിക്ഷേപ മേഖലയിലെ ചൈനയുടെ പിന്നോട്ടുപോക്കിന്റെ പ്രയോജനങ്ങൾ ഏറ്റവുമധികം കരസ്ഥമാക്കി മുന്നേറുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യയെ സുരക്ഷിത നിക്ഷേപ കേന്ദ്രമായി ആഗോള തലത്തിൽ വിലയിരുത്തുന്നതായും റിപ്പോർട്ടിൽ വിശദമാക്കുന്നു. രാജ്യം സാമ്പത്തിക വളർച്ചാ നിരക്ക് കൈവരിക്കുമ്പോഴും ആളോഹരി വരുമാനത്തിൽ ഇന്ത്യയ്ക്ക് ഇനിയും മുന്നേറാനുണ്ടെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

