Highlights (Page 90)

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. സംസ്ഥാനങ്ങൾക്കുള്ള അരി വിതരണവുമായി ബന്ധപ്പെട്ട കേന്ദ്രതീരുമാനത്തിനെതിരെയാണ് ജി ആർ അനിൽ വിമർശനം ഉന്നയിച്ചത്. അശാസ്ത്രീയമായ തീരുമാനങ്ങളാണ് കേന്ദ്ര സർക്കാർ എടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന് ആവശ്യമായ അരി നൽകുന്ന നിലപാട് കേന്ദ്രം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു സ്വകാര്യ ചാനലിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

നൽകുന്ന അരിയുടെ അളവ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. സംസ്ഥാനത്തിന് ആവശ്യമായ അരി നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സമീപിച്ചിരുന്നു. എന്നാൽ, കേരളത്തിന് കൂടുതൽ അരി അനുവദിക്കില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. സംസ്ഥാനങ്ങളുമായി ആലോചിച്ച് വേണം കേന്ദ്രസർക്കാർ തീരുമാനങ്ങളെടുക്കാനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, വരും ദിവസങ്ങളിൽ അരി വിലയിൽ വലിയ വർദ്ധനവ് ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് സാഹചര്യം വലിയ പ്രതിസന്ധി സൃഷ്ടിക്കും. രാജ്യത്ത് അരി ഉത്പാദനത്തിൽ 12 മില്യൺ ടണ്ണിന്റെ കുറവാണ് ഈ സീസണിൽ ഉള്ളത്.

ന്യൂഡല്‍ഹി: പരിണാമത്തിന്റെയും പരിഹാരത്തിന്റെയും നവീകരണത്തിന്റെയും അടിസ്ഥാനം ശാസ്ത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര-സംസ്ഥാന ശാസ്ത്ര കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിയുടെ വാക്കുകള്‍

’21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ സര്‍വതോന്മുഖ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതില്‍ ശാസ്ത്രം നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. അതിനാല്‍ ഇന്ത്യയുടെ ശാസ്ത്രനേട്ടങ്ങളെ നാം ആഘോഷിക്കണം. ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ അത്ഭുതങ്ങളാണ് കാണിക്കുന്നത്. അവര്‍ നമുക്ക് എല്ലായ്‌പ്പോഴും അഭിമാനിക്കാന്‍ അവസരം നല്‍കുന്നു. ശാസ്ത്രജ്ഞരുടേയും ഗവേഷകരുടേയും നേട്ടങ്ങളെ നാം ആഘോഷിക്കണം. അങ്ങനെ ചെയ്യുമ്പോള്‍ അത് നമ്മുടെ യുവജനങ്ങള്‍ക്ക് പ്രചോദനമാകുകയും ശാസ്ത്രം സമൂഹത്തിന്റേയും സംസ്‌കാരത്തിന്റേയും ഭാഗമാകുകയും ചെയ്യും. ഇന്ത്യയെ ഗവേഷണത്തിന്റേയും നവീകരണത്തിന്റേയും ആഗോള കേന്ദ്രമാക്കി മാറ്റാന്‍ നാം ശ്രമിക്കണം. ആവശ്യമെങ്കില്‍ അതിനായി സംസ്ഥാനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളുടെ മാതൃക സ്വീകരിക്കണം. ശാസ്ത്രാധിഷ്ഠിത വികസനം ഉറപ്പാക്കുന്നതിനുള്ള ഫലപ്രദമായ ചുവടുവെയ്പായിരിക്കും അത്. 2014 മുതല്‍ ശാസ്ത്ര സാങ്കേതിക മേഖലയിലെ നിക്ഷേപത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായി. കേന്ദ്രസര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലിലൂടെ ഇന്ത്യയുടെ ഗ്ലോബല്‍ ഇന്നവേഷന്‍ ഇന്‍ഡക്‌സ് 46 ആയി ഉയര്‍ന്നു. 2015-ല്‍ 81 ആയിരുന്നു റാങ്ക്. ഇന്ന്, ഇന്ത്യ നാലാം വ്യാവസായിക വിപ്ലവത്തിന് നേതൃത്വം നല്‍കുന്നതിലേക്ക് നീങ്ങുമ്പോള്‍, ശാസ്ത്രമേഖലയിലെ ഇന്ത്യയുടെ സംഭാവനകള്‍ക്കും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രധാനപ്പെട്ട പങ്കുണ്ട്.’

സംസ്ഥാനത്ത് 652 ലഹരിക്കേസുകളാണ് കഴിഞ്ഞ തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്. എറണാകുളത്തും, തൃശൂരുമാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 775 കിലോഗ്രാം കഞ്ചാവാണ് പലരില്‍ നിന്നായി പിടിച്ചെടുത്തത്. ഈ നാല് ദിവസത്തിനിടയില്‍ ഒന്നര കിലോ എംഡിഎംഎയും പിടിച്ചെടുത്തു.

അതേസമയം, കേരളത്തിലേക്ക് എംഡിഎംഎ എത്തുന്നത് വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. പിടിച്ചവയില്‍ ബ്രൗണ്‍ഷുഗറും,ഹെറോയിനും, എല്‍എസ്ഡി സ്റ്റാമ്പും ഉള്‍പ്പെടും. അനധികൃതമായി കടത്താന്‍ ശ്രമിച്ച 490 ലിറ്റര്‍ സ്പിരിറ്റും പിടിച്ചെടുത്തിട്ടുണ്ട്. 2886 അബ്കാരി കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

ലണ്ടന്‍: ചാള്‍സ് മൂന്നാമന്‍ ഇന്ന് ബ്രിട്ടിഷ് രാജവംശത്തിന്റെ പുതിയ രാജാവായി അധികാരമേല്‍ക്കും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2.30ന് സെന്റ് ജയിംസ് കൊട്ടാരത്തിലാണ് സ്ഥാനാരോഹണ ചടങ്ങ്. തുടര്‍ന്ന് പുതിയ രാജാവിന്റെ ആദ്യ പൊതു പ്രഖ്യാപനവും ഉണ്ടാകും. കൊട്ടാരത്തിന്റെ ഫ്രിയറി കോര്‍ട്ട് ബാല്‍ക്കണിയില്‍ നിന്നുള്ള പ്രഖ്യാപനത്തിന് പിന്നാലെ ഹൈഡ്ഡ് പാര്‍ക്കിലും ടവര്‍ ഓഫ് ലണ്ടനിലും ഗണ്‍സല്യട്ടും ഉണ്ടാകും. ഒരു മണിക്കൂറിനു ശേഷം ലണ്ടന്‍ നഗരത്തിലെ റോയല്‍ എക്‌സ്‌ചേഞ്ചില്‍ രണ്ടാമത്തെ പ്രഖ്യാപനവും നടത്തും.

അതേസമയം, ചരിത്രത്തില്‍ ആദ്യമായാണ് സ്ഥാനാരോഹണം തല്‍സമയം സംപ്രേഷണം ചെയ്യുന്നത്. എന്നാല്‍, ദുഃഖാചരണം കഴിഞ്ഞതിനുശേഷം മാത്രമേ ഔദ്യോഗിക ചടങ്ങുകള്‍ ഉണ്ടാകുകയുള്ളൂ. ജോര്‍ജ് ആറാമന്‍ രാജാവ് മരിച്ചതിനു പിന്നാലെ എലിസബത്ത് രാജ്ഞിയുടെ സ്ഥാനാരോഹണം നടത്തിയെങ്കിലും പൂര്‍ണ ചടങ്ങുകളോടെ ഔദ്യോഗിക നടപടിക്രമങ്ങള്‍ ദുഃഖാചരണത്തിന്റെ കാലം കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷമാണ് നടന്നത്.

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം കഴിഞ്ഞ് ഏഴു ദിവസം വരെയാണ് ദുഃഖാചരണം. പകുതി താഴ്ത്തിക്കെട്ടിയ പതാക പുതിയ രാജാവിന്റെ വാഴിക്കലിന്റെ സമയം ഒരു മണിക്കൂര്‍ നേരം ഉയര്‍ത്തിക്കെട്ടും. പിന്നീടും വീണ്ടും ദുഃഖാചരണത്തിന്റെ ഭാഗമായി പതാക പകുതി താഴ്ത്തിക്കെട്ടും.

ചാന്ദിപൂർ: ഇന്ത്യയുടെ അതിവേഗ മിസൈൽ പരീക്ഷണം വിജയകരം. ഡിആർഡിഒ ആണ് ഇക്കാര്യം അറിയിച്ചത്. കരയിൽ നിന്നും തൊടുക്കാവുന്ന ക്വിക് റിയാക്ഷൻ സർഫസ് ടു എയർ (ക്യുആർഎസ്എഎം) വിഭാഗത്തിലെ മിസൈലുകൾ ഒഡീഷയിലെ ചാന്ദിപൂരിൽ നിന്നാണ് വിക്ഷേപിച്ചത്. മിസൈലുകൾ ഇന്ത്യൻ കരസേനയ്ക്ക് ലഭ്യമാക്കും മുമ്പുള്ള പരീക്ഷണമാണ് വിജയകരമായി നടന്നതെന്ന് ഡിആർഡിഒ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പുലർച്ചെയാണ് രണ്ട് മിസൈലുകളും വിക്ഷേപിച്ചത്.

ശത്രുവിമാനങ്ങളും മിസൈലുകളും ലക്ഷ്യം വയ്ക്കാവുന്ന മിസൈലുകളാണ് കരസേനയ്ക്കായി വികസിപ്പിക്കുന്നത്. ഇതേ മിസൈലുകളെ വിവിധ വേഗതിയിലേയ്ക്ക് ചുരുക്കാൻ കഴിയുമെന്നും ദൂരപരിധി ക്രമീകരിക്കാൻ കഴിയുമെന്നും ഡിആർഡിഒ വ്യക്തമാക്കി. റഡാറുകളിൽ നിന്നും ശത്രുലക്ഷ്യങ്ങൾ കണ്ടെത്തിയായിരിക്കും മിസൈലുകൾ പായുന്നത്. രാത്രി കാലത്ത് മിസൈലുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പരീക്ഷണവും ഡിആർഡിഒ നടത്തി. മിസൈലിലെ എല്ലാ സംവിധാനങ്ങളും തദ്ദേശീയമായി വികസിപ്പിച്ചതാണ്.

രാജ്യത്ത് വിലക്കയറ്റവും ഭക്ഷ്യക്ഷാമവും നേരിടാന്‍ കേന്ദ്രത്തിന്റെ നടപടി. ഇതേത്തുടര്‍ന്ന് പൊടി പച്ചരിയുടെ കയറ്റുമതി നിരോധിച്ചു.

നേരത്തെയുള്ള കരാറുകള്‍ക്ക് സെപ്റ്റംബര്‍ 15 വരെ ഇളവ്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് അരി ഉത്പാദനം ഇത്തവണ കുറയുമെന്ന സാഹചര്യത്തിലാണ് തീരുമാനം. ബസുമതി ഒഴികെയുള്ള അരി ഇനങ്ങള്‍ക്ക് ഇന്നുമുതല്‍ 20 ശതമാനം കയറ്റുമതി ചുങ്കം.

ലണ്ടൻ: എലിസബത്ത് രാജ്ഞി അന്തരിച്ചു. ഏറ്റവും കൂടുതൽ കാലം ബ്രിട്ടിഷ് രാജസിംഹാസനത്തിലിരുന്ന വ്യക്തിയെന്ന റെക്കോർഡ് സ്വന്തമായുള്ള എലിസബത്ത് രാജ്ഞിയ്ക്ക് 96 വയസ്സായിരുന്നു. ആരോഗ്യനില മോശമായതിനെത്തുടർന്ന് കുറച്ചുദിവസങ്ങളായി ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു എലിസബത്ത് രാജ്ഞി. ബാൽമോറലിലെ വസതിയിലായിരുന്നു ജൂലൈ മുതൽ എലിസബത്ത് രാജ്ഞി കഴിഞ്ഞിരുന്നത്.

1952 ഫെബ്രുവരി ആറിനാണ് എലിസബത്ത് രാജ്ഞി പദവിയിൽ എത്തിയത്. ബ്രിട്ടിഷ് രാജപദവിയിലെത്തിയ നാൽപതാമത്തെ വ്യക്തിയാണ് എലിസബത്ത്. അമേരിക്കൻ വനിതയെ വിവാഹം ചെയ്യാൻ, പിതൃസഹോദരൻ എഡ്വേഡ് എട്ടാമൻ സ്ഥാനത്യാഗം ചെയ്തതിനെത്തുടർന്നാണ് എലിസബത്തിന്റെ പിതാവ് ജോർജ് ആറാമൻ രാജാവായത്. അദ്ദേഹത്തിന്റെ മരണത്തോടെ അധികാരം എലിസബത്തിനു വന്നു ചേർന്നു. എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് വിൻസ്റ്റൺ ചർച്ചിൽ മുതൽ ലിസ് ട്രസ് വരെ 15 പേർ ബ്രിട്ടിഷ് പ്രധാനമന്ത്രിമാരായി. ലോകത്ത് ഏറ്റവും കൂടുതൽ കറൻസികളിൽ പടമുള്ള ഭരണാധികാരിയെന്ന നിലയിൽ രാജ്ഞി ഗിന്നസ് ബുക്കിൽ ഇടംനേടിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ രാജ്ഞി ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ പ്രിൻസസ് ആനിയും എലിസബത്ത് രാജ്ഞിയോടൊപ്പം ബാൽമോർ കൊട്ടാരത്തിലുണ്ടായിരുന്നു.

തിരുവനന്തപുരം: എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭേദചിന്തകൾക്കതീതമായ മനുഷ്യമനസ്സുകളുടെ ഒരുമ വിളംബരം ചെയ്യുന്ന സങ്കൽപ്പമാണ് ഓണത്തിന്റേതെന്ന് അദ്ദേഹം പറഞ്ഞു. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും സ്വപ്നങ്ങളുടെ സാക്ഷാത്കാരമായാണ് മലയാളി ഓണത്തെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരുവിധത്തിലുള്ള അസമത്വവും ഇല്ലാത്തതും മനുഷ്യരെല്ലാം തുല്യരായി പുലരേണ്ടതുമായ ഒരു കാലം ഉണ്ടായിരുന്നുവെന്ന് ഓണ സങ്കൽപ്പം നമ്മോടു പറയുന്നു. വരുംകാലത്ത് സമാനമായ സാമൂഹ്യക്രമം സാധിച്ചെടുക്കാനുള്ള ശ്രമങ്ങൾക്ക് ഊർജം പകരുന്ന ചിന്തയാണിത്. ആ നിലയ്ക്ക് ഓണത്തെ ഉൾക്കൊള്ളാനും എല്ലാ വേർതിരിവുകൾക്കും അതീതമായി ഒരുമിക്കാനും നമുക്ക് കഴിയണം. ഐശ്വര്യപൂർണമായ ഓണം ലോകത്തെവിടെയുമുള്ള മലയാളിക്ക് ഉണ്ടാവട്ടെ എന്ന് ഹൃദയപൂർവം ആശംസിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡല്‍ഹി: പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തില്‍ കഴിഞ്ഞ ദിവസം ട്രയല്‍ റണ്‍ നടത്തിയിരുന്നു. പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ട്രെയിനിന്റെ എല്ലാ കോച്ചുകളും പ്രത്യേകം ഘടിപ്പിച്ച മോട്ടോറിലാണ് ഓടുന്നത്. പരീക്ഷണയോട്ടത്തില്‍ ‘ബ്രിം ടെസ്റ്റി’ല്‍ കോച്ചിലെ സ്നാക്സ് ടേബിളില്‍ വക്ക് വരെ വെള്ളം നിറച്ച ഗ്‌ളാസ് 180-183 കിലോ മീറ്റര്‍ സ്പീഡിലും തുളുമ്ബാതെ നിന്നു.

അതേസമയം, സാധാരണ ട്രെയിന്‍ പോലെ പ്രധാന എന്‍ജിന്‍ ഇതിന് ഇല്ല. ഓട്ടോമാറ്റിക്ക് വാതിലുകളുള്ള ശീതീകരിച്ച ചെയര്‍ കാര്‍ കോച്ചുകളില്‍ വശങ്ങളിലേക്ക് തിരിച്ചിട്ട് പുറത്തേക്ക് നോക്കിയിരിക്കാന്‍ കഴിയുന്ന വിധത്തില്‍ 180 ഡിഗ്രി വരെ തിരിക്കാന്‍ പറ്റുന്ന കസേരകളാണ് വന്ദേ ഭാരതിനുള്ളത്. വളരെ കുറഞ്ഞ സമയം കൊണ്ട് ഉയര്‍ന്ന നിലവാരത്തില്‍ വന്ദേഭാരത് കോച്ചുകള്‍ നിര്‍മ്മിച്ചതില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് സന്തോഷം പ്രകടിപ്പിച്ചിരുന്നു. കുറഞ്ഞ സമയം കൊണ്ട് ലോകോത്തര നിലവാരത്തില്‍ നിര്‍മ്മിച്ച ട്രെയിന്‍ യാത്രക്കാര്‍ക്ക് പുത്തന്‍ അനുഭവമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കൊച്ചി: കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് അനുമതി നൽകി കേന്ദ്ര സർക്കാർ. കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം. 1957.05 കോടിയാണ് രണ്ടാം ഘട്ടത്തിന്റെ ചെലവ്. കഴിഞ്ഞ ദിവസം കൊച്ചി മെട്രോ പേട്ട-എസ്എൻ ജംഗ്ഷൻ പാത ഉദ്ഘാടനം നടന്നിരുന്നു. സിയാൽ കൺവെൻഷൻ സെന്ററിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചടങ്ങിൽ പങ്കെടുത്തിരുന്നു. തൃപ്പൂണിത്തുറ വരെയുള്ള പാതയുടെ നിർമാണ ഉദ്ഘാടനവും അന്ന് നടന്നിരുന്നു.

കൊച്ചി മെട്രോയ്ക്ക് 22 സ്റ്റേഷനുകളാണ് നിലവിൽ ഉള്ളത്. എസ്.എൻ ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ വരെയുള്ള പാതയുടെ നിർമ്മാണമാണ് ഇനി നടക്കാനുള്ളത്.