തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരായ സമരം ശക്തമാക്കാനൊരുങ്ങി ലത്തീന്‍ അതിരൂപത. ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കും വരെ സമരം തുടരണം എന്ന് പള്ളികളില്‍ ഞായറാഴ്ച ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോ സര്‍ക്കുലര്‍ വായിച്ചു.
‘വിഴിഞ്ഞം തുറമുഖ നിര്‍മാണം മൂലമുള്ള തീരശോഷണത്തിന് ശാശ്വത പരിഹാരം കാണണം. തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് പഠനം നടത്തണം. തീരശോഷണത്തില്‍ വീട് നഷ്ടപെട്ടവരെ വാടക നല്കി മാറ്റി പാര്‍പ്പിക്കണം’- സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു.
അതേസമയം, തുറമുഖത്തിന്റെ നിര്‍മാണം തടസ്സപ്പെടുത്തി സമരം നടത്തരുതെന്ന ഹൈക്കോടതിയുടെ അനുകൂല വിധി നേടിയെടുക്കാന്‍ അദാനി ഗ്രൂപ്പിന് സര്‍ക്കാരിന്റെ സഹായം ലഭിച്ചുവെന്നും സര്‍ക്കുലറില്‍ ആരോപിക്കുന്നുണ്ട്. ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ഈ മാസം 13 വരെ സമരം തുടരാനാണ് അതിരൂപതയുടെ തീരുമാനം. ഇതിന്റെ ഭാഗമായി മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസെപാക്യവും നിലവിലെ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും തിങ്കളാഴ്ച സമരപന്തലില്‍ ഉപവാസം നടത്തും.

