ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചനയുമായി തൃണമൂല്‍

ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചനയുമായി തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് ശേഖര്‍ റേ. പ്രതിപക്ഷ ഐക്യ ശ്രമങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരും തങ്ങളെ അറിയിച്ചിട്ടില്ല എന്ന ആരോപണവും തൃണമൂല്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്നുണ്ട്.

‘പ്രതിപക്ഷ ഐക്യം എന്ന ആശയം 2019 മുതല്‍ മമത ബാനര്‍ജി മുന്നോട്ട് വെക്കുന്നതാണ്. എന്നാല്‍, ഇതിനോട് ആരും ഇതുവരെ ക്രിയാത്മകമായി സഹകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കിട്ടുന്ന ആകെ സീറ്റുകളെ അടിസ്ഥാനപ്പെടുത്തി തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യസാദ്ധ്യതകള്‍ ആവശ്യമെങ്കില്‍ മാത്രം പരിഗണിക്കും’- ശേഖര്‍ റേ വ്യക്തമാക്കി.

അതേസമയം, ബിജെപി മുക്ത ഭാരതം എന്ന മുദ്രാവാക്യവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും രാജ്യമൊട്ടാകെ സഞ്ചരിക്കുമ്‌ബോഴാണ്, പ്രതിപക്ഷ ഐക്യം എന്ന ആശയം ശക്തമായി മുന്നോട്ട് വെച്ച മമതയുടെ പിന്മാറ്റം എന്നത് ശ്രദ്ധേയമാണ്. എന്നാല്‍, തൃണമൂലിന്റെ പിന്മാറ്റം പ്രതിപക്ഷ ഐക്യ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.