തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ ‘ഓണാഘോഷം 2022’ന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചലച്ചിത്ര താരങ്ങളായ ദുൽഖർ സൽമാൻ, അപർണ്ണ ബാലമുരളി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ആറ് ദിവസങ്ങൾ നീണ്ടു നിൽക്കുന്ന വിപുലമായ ആഘോഷ പരിപാടികളാണ് ടൂറിസം വകുപ്പ് വിവിധ ജില്ലകളിലായി നടത്താൻ തീരുമാനിച്ചത്. കോവിഡിന് ശേഷമുള്ള ഈ ഓണക്കാലം ഭംഗിയായി ആഘോഷിക്കാൻ എല്ലാവർക്കും സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.
പ്രളയത്തിന്റെയും കോവിഡിന്റെയും നാളുകൾക്ക് ശേഷം ആഘോഷത്തിനുള്ള അവസരമാണ് ഈ ഓണക്കാലം. 2018 ൽ സംസ്ഥാനം മഹാപ്രളയത്തെ നേരിടേണ്ടി വന്നു. 2019-ൽ കാലവർഷക്കെടുതി രൂക്ഷമായിരുന്നു. തുടർന്നുള്ള രണ്ട് വർഷങ്ങൾ കോവിഡ് രൂക്ഷമായ കാലമായിരുന്നു. കോവിഡ് ഭീതി പൂർണമായും ഒഴിഞ്ഞിട്ടില്ലെങ്കിലും നമുക്ക് ആഘോഷങ്ങൾക്കുള്ള സാഹചര്യമൊരുങ്ങി. കാലാവസ്ഥ വ്യതിയാനം ആശങ്ക സൃഷ്ടിക്കുന്നെങ്കിലും എല്ലാവർക്കും ഓണം ആഘോഷിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാകട്ടെയെന്നും എല്ലാവർക്കും ഓണാശംസകൾ നേരുന്നതായും അദദേഹം വ്യക്തമാക്കി.
ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുഖ്യാഥിതികളായ അപർണ്ണാ ബാലമുരളിയും ദുൽഖർ സൽമാനും മുഖ്യമന്ത്രിയിൽ നിന്നും ഉപഹാരങ്ങൾ ഏറ്റുവാങ്ങി.കലാമണ്ഡലം ശിവദാസും സംഘവും അവതരിപ്പിച്ച പാണ്ടിമേളത്തോടെയായിരുന്നു ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷ പരിപാടികൾ ആരംഭിച്ചത്.
ഗുരുഗോപിനാഥ് കലാഗ്രാമം ഒരുക്കിയ സൃത്തശിൽപം, വിജയ് യേശുദാസ് നയിച്ച സംഗീത നിശ തുടങ്ങിയവയും വേദിയിൽ അരങ്ങേറി. 32 വേദിയിലാണ് ഇത്തവണ ഓണാഘോഷം നടക്കുന്നത്. ഏഴ് ദിവസത്തെ പരിപാടികളിൽ എണ്ണായിരത്തിലേറെ കലാകാരന്മാർ പങ്കെടുക്കും. 12 ന് വൈകിട്ട് വെള്ളയമ്പലം മുതൽ കിഴക്കേകോട്ട വരെ വർണശബളമായ ഘോഷയാത്രയോടെ ഓണം വാരാഘോഷം സമാപിക്കും.

