വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം; ആഘാതങ്ങളെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം കാരണം തീരങ്ങളിലും മറ്റും ഉണ്ടാകുന്ന ആഘാതങ്ങളെ കുറിച്ച് പഠിക്കാന്‍ സമരക്കാരുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തിക്കൊണ്ട് പ്രത്യേക സമിതിയെ നിയോഗിക്കാന്‍
ഫിഷറീസ് മന്ത്രി വി.അബ്ദുറഹിമാന്‍, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവരുമായി നടത്തിയ സമര സമിതി നടത്തിയ ചര്‍ച്ചയില്‍ ധാരണയായി.

‘സമരസമിതി ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കും. സമരക്കാരുടെ ഏഴ് ആവശ്യങ്ങളില്‍ അഞ്ചെണ്ണവും പരിഹരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വാടക നല്‍കി പുനരധിവസിപ്പിക്കുന്നതിനുള്ള നടപടി പ്രകാരം ക്യാമ്പുകളില്‍ കഴിയുന്ന മുഴുവന്‍ പേര്‍ക്കും തുക അനുവദിക്കും. പുനരധിവാസവുമായി ബന്ധപ്പെട്ട് മുട്ടത്തറയില്‍ ഏറ്റെടുത്ത എട്ടേക്കറില്‍ ഫ്ളാറ്റ് നിര്‍മ്മാണം എത്രയും വേഗം ആരംഭിക്കും’- ഫിഷറീസ് മന്ത്രി അറിയിച്ചു.

അതേസമയം, തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ച് പഠനം നടത്തണമെന്ന ആവശ്യം സമരപ്രതിനിധികള്‍ ശക്തമായി ഉന്നയിച്ചുവെങ്കിലും ഇക്കാര്യത്തില്‍ കോടതി വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് മണല്‍ കയറി ആഴം കുറഞ്ഞ് അപകടങ്ങള്‍ ഉണ്ടാകുന്ന വിഷയവും പ്രത്യേക സമിതിയുടെ പഠനത്തില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രിമാര്‍ അറിയിച്ചു.