Highlights (Page 92)

തിരുവനന്തപുരം: ഓണാഘോഷത്തിന് മാറ്റുകൂട്ടി സെപ്തംബർ അഞ്ചിന് തിരുവനന്തപുരത്ത് പുലികളി സംഘമെത്തുന്നു. തൃശൂരിൽ നിന്നുള്ള പുലികളി സംഘമാണ് തിരുവനന്തപുരം നഗരവീഥികളിലെത്തുന്നത്. വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ വിളംബരഘോഷയാത്രയുടെ ഭാഗമായാണ് പുലികളി നടത്തുന്നത്.

തിങ്കളാഴ്ച്ച രാവിലെ 10 ന് കനകക്കുന്നിൽ ആരംഭിക്കുന്ന പുലികളി നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ കളിക്കിറങ്ങും. ചതയ ദിനത്തിൽ തൃശൂർ സ്വരാജ് റൗണ്ടിൽ പുലികളി നടത്തുന്ന സതീഷ് നെടുമ്പുരയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവനന്തപുരത്തെത്തുന്നത്. വിവിധ ജനപ്രതിനിധികളും സാംസ്‌കാരിക പ്രവർത്തകരുമടങ്ങുന്ന സംഘവും പുലികൾക്കൊപ്പമുണ്ടാകും. പരമ്പരാഗത രീതിയിൽ ഓണക്കാലത്ത് തൃശൂരിൽ കളിക്കിറങ്ങുന്ന ‘സൂപ്പർ സ്റ്റാർ’ പദവിയുള്ള പുലികളാണ് തിരുവനന്തപുരത്തെത്തുന്നത്.

തിരുവനന്തപുരം: സിൽവർ ലൈനിനുള്ള സാമൂഹിക ആഘാത പഠനം തുടരാനൊരുങ്ങി സംസ്ഥാന സർക്കാർ. വിവിധ ജില്ലകളിൽ പഠനം നടത്തുന്ന ഏജൻസികളെ കൊണ്ട് പഠനം തുടരാമെന്നാണ് അഡ്വക്കേറ്റ് ജനറൽ റവന്യൂ വകുപ്പിന് നൽകിയിരിക്കുന്ന നിയമോപദേശം.

സാമൂഹിക ആഘാത പഠനം ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നായിരുന്നു ചട്ടം. എന്നാൽ കഴിഞ്ഞ മാസം ആറ് മാസമെന്ന കാലാവധി അവസാനിച്ച് പഠനം നിലച്ചു. ഇതോടെയാണ് റവന്യൂവകുപ്പ് നിയമോപദേശം തേടിയത്.

ഏജൻസികളുടെ പ്രശ്‌നം കൊണ്ടല്ല പഠനം പൂർത്തിയാക്കാൻ കഴിയാത്തതെന്ന് വിലയിരുത്തിയ ശേഷമാണ് സാമൂഹികാഘാത പഠനം തുടരാൻ അഡ്വക്കേറ്റ് ജനറൽ നിയമോപദേശം നൽകിയത്. അതേ ഏജൻസികളെ കൊണ്ട് പഠനം തുടരാമെന്ന് അഡ്വക്കേറ്റ് ജനറൽ നിയമപദേശം നൽകി. വിവിധ ജില്ലകളിൽ ജില്ലാ കളക്ടർമാർ വിവിധ ഏജൻസികളെ കൊണ്ടാണ് പഠനം നടത്തുന്നത്.

ഇന്ത്യന്‍ നാവികസേനയുടെ പുതിയ പതാക ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ അനാച്ഛാദനം ചെയ്യും. എന്നാല്‍, പുതിയ പതാകയുടെ ഡിസൈന്‍ ഇതുവരെ പരസ്യമാക്കിയിട്ടില്ല. പല പുതിയ ഡിസൈനുകള്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്തിമ ഡിസൈന്‍ ചടങ്ങില്‍ അനാച്ഛാദനം ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

കൊളോണിയല്‍ കാലഘട്ടത്തില്‍ രൂപം നല്‍കിയ ഇന്ത്യന്‍ നാവികസേന 1934 ഒക്ടോബര്‍ 2-ന് റോയല്‍ ഇന്ത്യന്‍ നേവി എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം റോയല്‍ ഇന്ത്യന്‍ നേവിയെ റോയല്‍ ഇന്ത്യന്‍ നേവി, റോയല്‍ പാകിസ്ഥാന്‍ നേവി എന്നിങ്ങനെ വിഭജിച്ചു. 1950 ജനുവരി 26-ന് ഇന്ത്യ റിപ്പബ്ലിക്കായപ്പോള്‍ ‘റോയല്‍’ എന്ന വാക്ക് ഒഴിവാക്കി അത് ഇന്ത്യന്‍ നാവിക സേനയായി. ബ്രിട്ടീഷ് ഭരണകാലത്ത് ഉപയോഗിച്ചിരുന്ന വെളുത്ത പശ്ചാത്തലത്തില്‍ ചുവന്ന ജോര്‍ജ്ജ് കുരിശും മുകളില്‍ ഇടത് മൂലയില്‍ യൂണിയന്‍ ജാക്കും അടങ്ങിയ പതാക 1950 ജനുവരി 26നാണ് ത്രിവര്‍ണ പതാക ഉള്‍പ്പെടുത്തി പരിഷ്‌കരിച്ചത്. 2001-ല്‍ ജോര്‍ജിന്റെ കുരിശിന് പകരം വെള്ള പതാകയുടെ മദ്ധ്യത്തില്‍ നാവിക ചിഹ്നം സ്ഥാപിച്ച് മാറ്റം വരുത്തിയിരുന്നു. നാവികസേനാ ചിഹ്നത്തിന്റെ നീലനിറം കാരണം കടലില്‍ പതാകയെ വേര്‍തിരിച്ചറിയില്ലെന്ന് പരാതി ഉയര്‍ന്നപ്പോള്‍ 2004-ല്‍ സെന്റ് ജോര്‍ജ്ജ് ക്രോസ് തിരിച്ചു കൊണ്ടുവന്ന് മദ്ധ്യത്തില്‍ അശോക സ്തംഭം ചേര്‍ത്തു. 2014-ല്‍ അശോക ചിഹ്നത്തിന് താഴെ ‘സത്യമേവ ജയതേ’യും വന്നു.

അതേസമയം, ആസ്ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ രാജ്യങ്ങളുടെ നാവിക സേനയും പുതിയ പതാകയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 20,000 കോടി രൂപ ചെലവില്‍ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യത്തെ വിമാന വാഹിനിക്കപ്പലായ ഐ.എന്‍.എസ് വിക്രാന്ത് കമ്മീഷന്‍ ചെയ്യുന്ന വേളയില്‍ പുതിയ പതാക ഉപയോഗിക്കും. കപ്പല്‍ശാലയില്‍ രാവിലെ 9.30നാണ് സമര്‍പ്പണ ചടങ്ങ്. ദേശീയപതാകയും തുടര്‍ന്ന് നാവികസേനയുടെ പതാകയും പ്രധാനമന്ത്രി കപ്പലില്‍ ഉയര്‍ത്തും. ഇതോടെ കപ്പല്‍ ഐ.എന്‍.എസ് വിക്രാന്ത് എന്ന് അറിയപ്പെടും.

ഒറ്റനോട്ടത്തില്‍

നീളം: 262 മീറ്റര്‍

വീതി -62 മീറ്റര്‍

ഭാരം -43,000 ടണ്‍

സഞ്ചാരശേഷി -7,500 നോട്ടിക്കല്‍ മൈല്‍

വേഗത -28 നോട്ടിക്കല്‍ മൈല്‍

ജീവനക്കാര്‍ -1600

കാബിനുകള്‍ -2200

പങ്കെടുത്ത തൊഴിലാളികള്‍

കപ്പല്‍ ശാല ഉദ്യോഗസ്ഥര്‍ 2000

അനുബന്ധ വ്യവസായം 13,000

വഹിക്കുന്ന വിമാനങ്ങള്‍

ആകെ 30

അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടറുകള്‍

ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റുകള്‍

മിഗ് 29 കെ യുദ്ധവിമാനങ്ങള്‍,

കമോവ് 31

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി മെട്രോ പാത നീട്ടൽ നാടിന് സമർപ്പിക്കുന്ന വേദിയിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് സഹായം അഭ്യർത്ഥിച്ചത്. കേരളത്തിലെ ഗതാഗതകുരുക്കിന് പരിഹാരം കാണാൻ കേന്ദ്ര സഹായം വേണമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. കെ റെയിൽ പേര് എടുത്തു പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ അഭ്യർത്ഥന.

കേരളത്തിന് ഓണസമ്മാനമായി 4600 കോടിയുടെ പദ്ധതി സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി അറിയിച്ചു. അടുത്ത 25 വർഷക്കാലം മഹത്തായ വികസന ലക്ഷ്യമാണ് മുന്നോട്ട് വെയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് ഒരു ലക്ഷം കോടിയുടെ പദ്ധതി നൽകും. കാലം മാറുന്നതിനനുസരിച്ചുള്ള വികസനം എല്ലാ രംഗത്തും ഉണ്ടാകണം. അതിന് വേണ്ടിയുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് കേന്ദ്രം സഹായം നൽകും. മെട്രോ പുതിയപാത കൊച്ചിയുടെ വികസനത്തിന് പുതിയമുഖം നൽകുമെന്നും ഗതാഗതക്കുരുക്കും മലീനീകരണവും കുറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനം അദ്ദേഹം നിർവ്വഹിച്ചു. പേട്ട- എസ്.എൻ ജംഗ്ഷൻ പാത അദ്ദേഹം ഉദ്ഘാടനം ചെയ്തു. എൻഎസ് ജംഗ്ഷനിൽ നിന്നുള്ള ട്രെയിനും അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു. എറണാകുളം ജംഗ്ഷൻ, എറണാകുളം, ടൗൺ സ്റ്റേഷൻ, കൊല്ലം സ്റ്റേഷൻ എന്നീ റെയിൽവേ വികസന പദ്ധതികളുടെ പുനർനവീകരണത്തിന് അദ്ദേഹം തുടക്കം കുറിച്ചു. കൊല്ലം-പുനലൂർ പാതയുടെ വൈദ്യുതീകരണവും അദ്ദേഹം രാജ്യത്തിന് സമർപ്പിച്ചു. കുറുപ്പന്തറ-കോട്ടയം -ചിങ്ങവനം സെക്ഷന്റെ വികസനത്തിനും അദ്ദേഹം തുടക്കമിട്ടു. കോട്ടയം-എറണാകുളം സ്പെഷ്യൽ ട്രെയിനും കൊല്ലം- പുനലൂർ സ്പെഷ്യൽ ട്രെയ്നും അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു.

അതേസമയം, കോട്ടയം ഇരട്ടപ്പാത വികസനത്തെക്കുറിച്ചും പ്രധാനമന്ത്രി വിവരിച്ചു. കേരളത്തിന്റെ റെയിൽവേ വികസനത്തിലെ നാഴികകല്ലാകും പദ്ധതി. ശബരിമല തീർത്ഥാടകർക്കും സാധാരണക്കാർക്കും ഏറ്റവും ഗുണം ചെയ്യുന്നതാണ് പദ്ധതി. രാജ്യത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള വികസനം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികളുടെ കൊടി വ്യവസായ സ്ഥാപനങ്ങളുടെയും പുതിയ പദ്ധതികളുടെയും മുന്നിൽ കുത്താനുള്ളതല്ലെന്ന് മന്ത്രി പി രാജീവ്. 2022ലെ കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗര പ്രദേശ വികസനങ്ങളും സംബന്ധിച്ച ചർച്ചയ്ക്ക് മറുപടി നൽകവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഏത് പാർട്ടിയുടേതായാലും അത് പാടില്ലെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. തലശ്ശേരിയിൽ വ്യവസായികളായ ദമ്പതിമാർ നാടുവിട്ട സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ന്യായീകരണം ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യവസായ സംരംഭക സംസ്ഥാനമെന്ന് അവകാശപ്പെടുമ്പോഴും മുതൽമുടക്കാൻ എത്തുന്നവർക്ക് എതിർപ്പുകൾ കാരണം സംസ്ഥാനത്ത് നിന്നും ഓടിപ്പോകേണ്ട സാഹചര്യമാണെന്ന് തലശേരിയിലെ വ്യവസായികളായ ദമ്പതികളെ പരമാർശിച്ച് പ്രതിപക്ഷം വിമർശിച്ചിരുന്നു. എന്നാൽ ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് എ.എൻ.ഷംസീർ പറഞ്ഞിരുന്നെങ്കിലും മന്ത്രി പിന്തുണച്ചില്ല.

സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ന്യായീകരണങ്ങൾ പൂർണമായും ശരിയല്ല എന്നതു കൊണ്ടാണ് അവർക്കെതിരെ നടപടി ഉണ്ടായതെന്ന് പി രാജീവ് അറിയിച്ചു. കേരളത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും തൊഴിലാളി യൂണിയനുകളുടെയും സഹകരണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഹിന്ദി മേഖലയില്‍ നിന്നു തന്നെ പ്രസിഡന്റ് വേണോ എന്ന ചോദ്യത്തിന്‌ ഹിന്ദിയില്‍ തന്നെ മറുപടി നല്‍കി ശശി തരൂര്‍ എംപി. അങ്ങനെ വേണമെങ്കില്‍ തിരഞ്ഞെടുപ്പിലൂടെ വരട്ടെയെന്നു അദ്ദേഹം പറഞ്ഞു.

‘ഭാരതീയനാവുകയാണ് പ്രധാനം. മത്സരം പാര്‍ട്ടിക്ക് ഗുണം ചെയ്യും. കോണ്‍ഗ്രസെന്നാല്‍ ഒരു വ്യക്തിയല്ല. ഒരു കുടുംബത്തില്‍നിന്ന് പ്രസിഡന്റ് വേണോ കുടുംബത്തിന്റെ പ്രതിനിധി വേണോ പുറത്തു നിന്നു ആളു വേണോ എന്നു മത്സരത്തിലൂടെ കണ്ടെത്തട്ടെ. പാര്‍ട്ടിയില്‍ മുന്‍പും മത്സരം നടന്നിട്ടുണ്ട്. ഞാന്‍ മാത്രമല്ല മറ്റു പലരും മത്സരത്തിനു തയാറെടുക്കുന്നുണ്ട്’- തരൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

അതേസമയം, കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാള്‍ സ്ഥാനാര്‍ഥിയായാല്‍ എതിരായി ജി 23 സംഘത്തിന്റെ പ്രതിനിധി ശശി തരൂര്‍ മത്സരിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടതു ശരിയായില്ലെന്ന വികാരം സംഘാംഗങ്ങള്‍ക്കിടയിലുണ്ട്. ഹൈക്കമാന്‍ഡിന്റെ സ്ഥാനാര്‍ഥിയെ എല്ലാവരും അംഗീകരിച്ച്, പ്രസിഡന്റായി അവരോധിക്കുന്ന പതിവു രീതി വേണ്ടെന്നാണ് ഭൂരിപക്ഷാഭിപ്രായം.

കൊച്ചി: കൊച്ചി മെട്രോയുടെ പേട്ട മുതല്‍ എസ്.എന്‍.ജംഗ്ഷന്‍ വരെയുള്ള 1.7 കിലോമീറ്റര്‍ ദൂരത്തിലെ സര്‍വ്വീസ് നാളെ വൈകിട്ട് ആറ് മണിക്ക് സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ചടങ്ങില്‍ പങ്കാളികളാവും.

അതേസമയം, പാതയില്‍ മെട്രോ റെയില്‍ സേഫ്റ്റി കമ്മീഷണര്‍ അഭയ് റായിയുടെ നേതൃത്വത്തിലുള്ള ടെലികമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ അടങ്ങിയ സംഘം പരിശോധന നടത്തിയിരുന്നു. ട്രെയിന്‍ ഓടിച്ചു നോക്കിയും അനുബന്ധ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുകയുമാണ് സംഘം ചെയ്തത്. പുതിയതായി തുറക്കുന്ന വടക്കേക്കോട്ട, എസ്.എന്‍ ജംഗ്ഷന്‍ എന്നീ സ്റ്റേഷനുകളിലെ എസ്‌കലേറ്റര്‍, പ്ലാറ്റ് ഫോം സൗകര്യങ്ങള്‍,സിഗ്‌നലിംഗ്,സ്റ്റേഷന്‍ കണ്‍ട്രോള്‍ റൂം,അഗ്‌നി സുരക്ഷാ ഉപകരണങ്ങള്‍ എന്നിവയെല്ലാം സംഘം പരിശോധിച്ചു.

453 കോടി രൂപ നിര്‍മാണചിലവ് വന്ന ഈ പദ്ധതി 2019 ഒക്ടോബറിലാണ് ആരംഭിച്ചത്. വടക്കേക്കോട്ട,എസ്.എന്‍ ജംഗ്ഷന്‍ എന്നിങ്ങനെ രണ്ട് സ്റ്റേഷനുകള്‍ കൂടി തുറക്കുന്നതോടെ കൊച്ചി മെട്രോ സ്റ്റേഷനുകളുടെ എണ്ണം ഇരുപത്തിനാലായി ഉയരും.

ഇന്ന് ഗണേശ ചതുർത്ഥി. ഹിന്ദുമത വിശ്വാസികൾ ആഘോഷിക്കുന്ന ഉത്സവങ്ങളിലൊന്നാണ് ഗണേശ ചതുർത്ഥി. ഭാദ്രപദ മാസത്തിലെ ശുക്ല പക്ഷത്തിലെ ചതുർത്ഥി തിഥിയിലാണ് ഗണപതി ജനിച്ചത്. ഈ ദിവസം വലിയ പന്തലുകൾ സ്ഥാപിച്ച് അതിലാണ് ഗണപതി പൂജ നടത്തുന്നത്. ഇതിന് പുറമെ, 10 ദിവസം ഭക്തർ ഗണപതിയ്ക്ക് മധുരപലഹാരങ്ങളും നിവേദ്യങ്ങളും അർപ്പിക്കും. ചതുർത്ഥി തിഥിയിൽ തുടങ്ങി അനന്ത ചതുർദശിയിൽ അവസാനിക്കുന്ന ഉത്സവമാണ് ഗണേശ ചതുർത്ഥി. ഗണേശോത്സവം എന്നും അറിയപ്പെടുന്ന ഈ ഉത്സവം രാജ്യത്തുടനീളം വിപുലമായി ആഘോഷിക്കാറുണ്ട്.

ഗണപതിയെ സൃഷ്ടിച്ചത് പാർവതി ദേവിയാണെന്നാണ് ഹിന്ദു പുരാണങ്ങളിൽ പറയുന്നത്. ശിവ ഭഗവാന്റെ അഭാവത്തിൽ കുളിക്കുമ്പോൾ തന്റെ കാവലിനായി പാർവ്വതി ദേവി ചന്ദനം ഉപയോഗിച്ച് ഗണപതിയെ സൃഷ്ടിച്ചുവെന്നാണ് പുരാണങ്ങൾ പറയുന്നത്. തുടർന്ന് പാർവ്വതി ദേവി കുളി കഴിഞ്ഞ് പോകുകയും ശിവൻ കുളിക്കാൻ എത്തുകയും ചെയ്തുവെന്നും. കുളിക്കാനെത്തിയ ശിവനെ ഗണപതി തടഞ്ഞെന്നുമാണ് പുരാണം. എന്നാൽ ഇത് ശിവനെ പ്രകോപിപ്പിക്കുകയും ഇരുവരും യുദ്ധത്തിൽ ഏർപ്പെടുകയും അതിന്റെ ഫലമായി ശിവൻ ഗണപതിയുടെ തല വെട്ടിയെടുക്കുകയും ചെയ്തുവെന്നും പുരാണങ്ങളിൽ പറയുന്നുണ്ട്. തുടർന്ന് പാർവ്വതി ദേവി കോപാകുലയായി കാളിയായി രൂപം മാറുകയും പ്രപഞ്ചം മുഴുവൻ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പരിഭ്രാന്തരായി മറ്റ് ദേവന്മാർ ശിവനോട് ഇതിനൊരു പരിഹാരം കാണണമെന്ന് അഭ്യർത്ഥിച്ചു. തുടർന്ന് ശിവൻ ഒരു ആനയുടെ തല കുട്ടിയുടെ ശരീരത്തിൽ ചേർത്തു വച്ച് ഗണേശന് പുനർജന്മം നൽകി. ഇത് കണ്ട പാർവതി ദേവി കോപം അടക്കി തന്റെ യഥാർത്ഥ രൂപത്തിലേക്ക് മടങ്ങി. അന്നുമുതലാണ് എല്ലാ വർഷവും ഗണേശ ചതുർത്ഥി ആഘോഷിക്കുന്നത്.

ന്യൂഡല്‍ഹി: ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന് സൂചന. ‘ബിജെപിയെ വെല്ലുവിളിക്കാന്‍ പര്യാപ്തമായ കോണ്‍ഗ്രസിനെയാണ് ഞങ്ങള്‍ക്ക് ആവശ്യം’ എന്ന തലക്കെട്ടില്‍ കഴിഞ്ഞദിവസം മാതൃഭൂമി ഡോട്ട് കോമിന്റെ ഇംഗ്ലീഷ് എഡിഷനില്‍ ശശി തരൂര്‍ ലേഖനം എഴുതിയിരുന്നു.

‘സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടപടികള്‍ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ആരോഗ്യപരമായ മാര്‍ഗമാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രമല്ല, കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലെ മറ്റു സ്ഥാനങ്ങളിലേക്കും പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടതായിരുന്നു. ഒട്ടേറെ സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തേക്ക് മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷ. പാര്‍ട്ടിക്കും രാജ്യത്തിനും വേണ്ടി അവരുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നത് പൊതുജനതാത്പര്യത്തെ ഉത്തേജിപ്പിക്കും’- എന്നിങ്ങനെയായിരുന്നു ലേഖനത്തിലെ പരാമര്‍ശം.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന്റെ പിറ്റേദിവസമാണ് ജി-23 നേതാക്കളിലൊരാളായ ശശി തരൂര്‍ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന്റെ ആവശ്യകതയെക്കുറിച്ച് തന്റെ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

.

മോസ്‌കോ: ഇന്ത്യയെ പ്രകീർത്തിച്ച് റഷ്യൻ സ്ഥാനപതി. ഇന്ത്യക്ക് എല്ലാ മേഖലകളിലും വ്യക്തമായ നിലപാടുകളുണ്ടെന്ന് ഇന്ത്യയിലെ റഷ്യൻ സ്ഥാനപതി ഡെനിസ് അലിപോവ് അറിയിച്ചു. അമേരിക്കയ്ക്ക് കീഴടങ്ങിയ യൂറോപ്പിനെ പോലെയല്ല ഇന്ത്യ. ഊർജ്ജ മേഖലയിലെ നിലപാട് ഇന്ത്യ പരസ്യമായി വ്യക്തമാക്കി കഴിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയിൽ നിന്നും ഇന്ധനം വാങ്ങുന്നതിന് ഇന്ത്യയെ വിമർശിക്കുന്ന പാശ്ചാത്യ രാജ്യങ്ങളെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. ഊർജ്ജ ആവശ്യങ്ങൾക്കായി പാശ്ചാത്യ രാജ്യങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ഇന്നും റഷ്യയെയാണ് ആശ്രയിക്കുന്നത്. ഈ അവസരത്തിൽ ഇന്ത്യക്കെതിരായ പാശ്ചാത്യ രാജ്യങ്ങളുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് റഷ്യൻ സ്ഥാനപതി ചൂണ്ടിക്കാട്ടി.

അമേരിക്കയെ പ്രീണിപ്പിക്കാൻ പരിശ്രമിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ സ്വാതന്ത്ര്യം ഏതാണ്ട് അടിയറവ് വെച്ചത് പോലെയാണ് പെരുമാറുന്നത്. ലോകത്താകമാനം ഇന്ധന വിലവർദ്ധനവിന് കാരണമായിരിക്കുന്നത് അമേരിക്കയുടെയും യൂറോപ്പിന്റെയും വികലമായ നയങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.