തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ആർടിഒ ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ്. ഏജന്റുമാരിൽ നിന്ന് പണം വാങ്ങുന്നുവെന്ന വിവരത്തെ തുടർന്നാണ് സംസ്ഥാന വ്യാപകമായി ആർടിഒ ഓഫീസുകളിൽ പരിശോധന നടത്തുന്നത്. ഓപ്പറേഷൻ ജാസൂസ് എന്ന പേരിലാണ് പരിശോധന.
ഏജന്റുമാരുടെ സ്ഥാപനങ്ങൾ, ഡ്രൈവിംഗ് സ്കൂളുകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് വിജിലൻസ് പരിശോധന നടത്തുന്നത്. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസിന്റെ നിർദ്ദേശപ്രകാരമാണ് റെയ്ഡ്. വിജിലൻസ് പോലീസ് ഇൻസ്പെക്ടർ ജനറൽ വെങ്കിടേഷ് ഐപിഎസ്, പൊലീസ് സൂപ്രണ്ട് ഇ.എസ് ബിജുമോൻ, ഹെഡ് ക്വാർട്ടേഴ്സ് ഡിവൈഎസ്പി വിനോദ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും പങ്കെടുത്തു.
അതേസമയം, എസ്പിമാർ നാളെ പരിശോധനാ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് നൽകും. പാറശാല, വർക്കല എന്നിവിടങ്ങളിൽ ഉൾപ്പെടെയുള്ള ആർടിഒ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന നടത്തിയിരുന്നു.

