Highlights (Page 66)

ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണി ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. 2022 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ ആകെ 4.13 ദശലക്ഷം പുതിയ വാഹനങ്ങള്‍ ഡെലിവറി ചെയ്യപ്പെട്ടതായാണ് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് നിക്കി ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

2021-ല്‍ ചൈന ആഗോള വാഹന വിപണിയില്‍ 26.27 ദശലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ചു. 15.4 ദശലക്ഷം വാഹനങ്ങളുമായി യുഎസ് രണ്ടാം സ്ഥാനത്തും 4.44 ദശലക്ഷം യൂണിറ്റുകളുമായി ജപ്പാന്‍ രണ്ടാം സ്ഥാനത്തും എത്തിയിരുന്നു. 2018-ല്‍ ഏകദേശം 4.4 ദശലക്ഷം വാഹനങ്ങള്‍ ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ടെങ്കിലും 2019-ല്‍ ഇതില്‍ അല്പം കുറവ് വന്നു. ബാങ്ക് ഇതര മേഖലയെ ബാധിച്ച വായ്പാ പ്രതിസന്ധിയെ തുടര്‍ന്ന് 4 ദശലക്ഷം യൂണിറ്റില്‍ താഴെയായി 2019 ലെ വില്‍പന. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ വില്‍പ്പന മൊത്തം 4.25 ദശലക്ഷം യൂണിറ്റിലെത്തി. ടാറ്റ മോട്ടോഴ്സും മറ്റ് വാഹന നിര്‍മ്മാതാക്കളും അവരുടെ വര്‍ഷാവസാന ഫലങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, ഇന്ത്യയിലെ വാഹന വില്‍പനയുടെ എണ്ണം ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

അതേസമയം, 2020-ലെ കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് വാഹന വില്‍പ്പന 3 ദശലക്ഷം യൂണിറ്റിന് താഴെയായി കുറയുകയും, 2021-ല്‍ വില്‍പ്പന വീണ്ടും ഉയര്‍ന്ന് 4 ദശലക്ഷം യൂണിറ്റിലേക്ക് എത്തുകയും ചെയ്തു. ഹൈബ്രിഡ് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ഗ്യാസോലിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വിറ്റത്തില്‍ ഭൂരിഭാഗവും. മാരുതി സുസുക്കിയ്ക്കൊപ്പം ടാറ്റ മോട്ടോഴ്സും മറ്റ് ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളും കഴിഞ്ഞ വര്‍ഷം വില്‍പ്പന വളര്‍ച്ച കൈവരിച്ചു.

ന്യൂഡല്‍ഹി: യൂറോപ്യന്‍ രാജ്യങ്ങള്‍ കഴിഞ്ഞ മാസം റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തലാക്കിയതോടെ ആര്‍ട്ടിക് മേഖലയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ക്രൂഡ് ഓയില്‍ ചൈനയിലേക്കും ഇന്ത്യയിലേക്കും കുറഞ്ഞ നിരക്കില്‍ കൂടുതലായി കയറ്റി അയച്ച് റഷ്യ. ആര്‍ട്ടിക് മേഖലയിലെ പ്രധാന ഉല്‍പാദകരായ ആര്‍ക്കോ ഉള്‍പ്പെടെയുള്ള കമ്പനികളാണ് കുറഞ്ഞ നിരക്കില്‍ ഇന്ത്യയുള്‍പ്പെടെയുള്ള കിഴക്കന്‍ രാജ്യങ്ങളിലേക്ക് എണ്ണ കയറ്റിയയ്ക്കുന്നത്.

അതേസമയം, യൂറോപ്യന്‍ യൂണിയന്‍, ജി-7 രാജ്യങ്ങള്‍, ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള ഇടങ്ങളിലേക്കായിരുന്നു സാധാരണയായി കയറ്റുമതി. യുക്രെയ്‌നുമായുള്ള യുദ്ധവും പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധവും ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ത്തിയെങ്കിലും വിലകുറച്ചു നല്‍കി വിപണി പിടിക്കാനുള്ള ശ്രമമാണ് റഷ്യയുടേത്. ഇന്ത്യയിലേക്കുള്ള ആര്‍ട്ടിക് ക്രൂഡ് കയറ്റുമതി കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ ക്രമാനുഗതമായി വര്‍ധിച്ചിരുന്നു. നവംബറില്‍ റെക്കോര്‍ഡ് 6.67 ദശലക്ഷം ബാരലും ഡിസംബറില്‍ 4.1 ദശലക്ഷം ബാരലും കയറ്റുമതി ചെയ്തു. ഗാസ്പ്രോം നെഫ്റ്റിന്റെ നേതൃത്വത്തിലുള്ള ആര്‍ക്കോ, ആര്‍ക്കോ/നോവി പോര്‍ട്ട് എന്നിവയില്‍ നിന്നായിരുന്നു കൂടുതല്‍ കയറ്റുമതിയും. കഴിഞ്ഞയാഴ്ച, വരാന്‍ഡെ ക്രൂഡില്‍നിന്നുള്ള കാര്‍ഗോയും ഇന്ത്യയില്‍ ആദ്യമായി ഇറക്കുമതി ചെയ്തു.

വിവിധ ഗ്രേഡുകളിലുള്ള ക്രൂഡ് ഓയില്‍ വന്‍ വിലക്കിഴിവില്‍ ഇന്ത്യയ്ക്കു വില്‍ക്കാന്‍ റഷ്യ തയാറാണെന്നാണ് ഇന്ത്യന്‍ റിഫൈനറി അധികൃതര്‍ നല്‍കുന്ന വിവരം. യൂറോപ്പ്, മെഡിറ്ററേനിയന്‍, സൂയസ് കനാല്‍ വഴി എത്തിയ 9,00,000 ബാരല്‍ എണ്ണ ഡിസംബര്‍ 27നു കേരളത്തിലെ കൊച്ചി തുറമുഖത്ത് എത്തിയിരുന്നു. ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് റിഫൈനറിയിലേക്കാണ് ഇത് എത്തിയത്. നവംബര്‍ അവസാനം കയറ്റിവിട്ട 600,000 ബാരലിന്റെ രണ്ടു കാര്‍ഗോകള്‍ നെതര്‍ലന്‍ഡസിലെ റോട്ടര്‍ഡാമിലാണ് ഇറക്കിയത്.

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കം ചെയ്യുന്ന ബില്ല് രാഷ്ട്രപതിക്ക് വിടുമെന്ന സൂചന നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ കൂടി ബാധിക്കുന്ന ബില്ലിൽ തനിക്ക് മുകളിലുള്ളവർ തീരുമാനമെടുക്കട്ടെയെന്നാണ് ഗവർണർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. നയപ്രഖ്യാപനത്തിനുള്ള സർക്കാർ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു. സർക്കാരിന്റെ നടത്തിപ്പിൽ ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, സർവകലാശാല ബില്ലിൽ ഒഴികെ മറ്റു ബില്ലുകളിൽ ഗവർണർ ഒപ്പുവെച്ചു. നിയമസഭ പാസാക്കിയ ബില്ലുകളിലാണ് ഗവർണർ ഒപ്പുവെച്ചത്. യൂണിവേഴ്സിറ്റി ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ നീക്കുന്നതാണ് സർവകലാശാല ബിൽ. ചാൻസലർ ബില്ലിൽ കൂടുതൽ പരിശോധകൾക്ക് ശേഷം തീരുമാനമെടുക്കുമെന്ന് രാജ്ഭവൻ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലെ മറ്റു ബില്ലുകൾക്കെല്ലാം അദ്ദേഹം അംഗീകാരം നൽകി. സർവ്വകലാശാല ബില്ലിൽ നിയമോപദേശം തേടിയ ശേഷം ഭരണഘടനാ വിദഗ്ധരുമായും കൂടിയാലോചന നടത്തിയ ശേഷമായിരിക്കും ഗവർണർ തുടർ തീരുമാനം സ്വീകരിക്കുക. ചാൻസലർ സ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്ന ബില്ലിൽ അതിവേഗം തീരുമാനമെടുക്കില്ലെന്ന് ഗവർണർ നേരത്തെ അറിയിച്ചിരുന്നു.

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ബുധനാഴ്ച്ച 547 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വൃത്തിഹീനമായി പ്രവർത്തിച്ച 18 സ്ഥാപനങ്ങളുടേയും ലൈസൻസ് ഇല്ലാതിരുന്ന 30 സ്ഥാപനങ്ങളുടേയും ഉൾപ്പെടെ 48 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വയ്പ്പിച്ചു. 142 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ശക്തമായ പരിശോധന തുടരുന്നതാണെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് വലിയ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ കാമ്പയിന്റെ ഭാഗമായി ഓപ്പറേഷൻ ഷവർമ, ഓപ്പറേഷൻ മത്സ്യ, ഓപ്പറേഷൻ ജാഗറി, ഓപ്പറേഷൻ ഓയിൽ, ഓപ്പറേഷൻ ഹോളിഡേ തുടങ്ങിവ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ഷവർമ മാർഗനിർദേശം പുറത്തിറക്കി. വിവിധ ഓപ്പറേഷനുകളിലൂടെ സംസ്ഥാനത്താകെ കഴിഞ്ഞ ജൂലൈ മുതൽ ഡിസംബർ വരെ 46,928 പരിശോധനകൾ നടത്തിയെന്ന് വീണാ ജോർജ് വിശദീകരിച്ചു.

9,248 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 97.60 ലക്ഷം രൂപ പിഴ ഈടാക്കി. നിയമ നടപടികളുടെ ഭാഗമായി 149 സ്ഥാപനങ്ങൾ അടപ്പിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിരന്തര ഇടപെടലിലൂടെ കഴിഞ്ഞ ആറു മാസ കാലയളവിനുള്ളിൽ 82,406 സ്ഥാപനങ്ങൾക്ക് രജിസ്‌ട്രേഷനും 18,037 സ്ഥാപനങ്ങൾക്ക് ലൈസൻസും ലഭ്യമാക്കിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കൊച്ചി: കൃത്രിമ ഗർഭധാരണ നിയന്ത്രണ നിയമത്തിൽ നിർണ്ണായക വിധി പുറപ്പെടുവിച്ച് കേരളാ ഹൈക്കോടതി. 50 വയസ് കഴിഞ്ഞ സത്രീകൾക്കും 55 വയസ് പിന്നിട്ട പുരുഷനും ചികിത്സ നിഷേധിക്കുന്ന ചട്ടത്തിലാണ് ഹൈക്കോടതി നിർണായക വിധി പുറപ്പെടുവിച്ചത്. കേന്ദ്രസർക്കാർ നിയമഭേദഗതി കൊണ്ടുവന്ന സമയം ചികിത്സ തുടങ്ങിയവർക്ക് ചികിത്സ തുടരാമെന്ന് ഹൈക്കോടതി വിധിച്ചു. 2021 അവസാനമാണ് പാർലമെന്റ് കൃത്രിമ ഗർഭധാരണ ക്ലിനിക്കുകളെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള ആർടി ബിൽ പാസാക്കിയത്.

ഇത് നിയമമായതോടെ പ്രായമേറിയ ദമ്പതികൾ പ്രതിസന്ധിയിലായി. 50വയസ് തികഞ്ഞ സ്ത്രീകൾക്കും 55 വയസ് തികഞ്ഞ പുരുഷൻമാർക്കും ഇതിലെ 21ജി ചട്ടം ചികിത്സാ അവകാശങ്ങൾ നിഷേധിക്കുന്നു. നിയമം പ്രാബല്യത്തിൽ വന്ന സമയം ചികിത്സ നടത്തുന്നവർക്കും ഈ ചട്ടങ്ങൾ ബാധകമായി. തുടർന്ന് ഇതിനെതിരെ 30 ദമ്പതികൾ ഹൈക്കോടതിയിൽ ഹർജി നൽകി. ഇതിൽ 28 ഹർജികൾ ഒരുമിച്ച് പരിഗണിച്ചാണ് ജസ്റ്റിസ് വിജി അരുൺ നിർണായക വിധി പുറപ്പെടുവിച്ചത്.

അതേസമയം, പുതുതായി ചികിത്സ തേടാൻ ആഗ്രഹിക്കുന്ന പ്രായപരിധി പിന്നിട്ടവർക്ക് വേണ്ടിയും ഹൈക്കോടതി സിംഗിൾ ബഞ്ച് ഇടപെടൽ നടത്തി. ഉയർന്ന പ്രായപരിധി സംബന്ധിച്ച് പുനപരിശോധന നടത്തുന്നതിനായി നാഷണൽ അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്‌നോളജി ആൻറ് സറോഗസി ബോർഡ് കേന്ദ്രസർക്കാരിനെ സമീപിക്കണം. ഇതിലെ റിപ്പോർട്ട് മൂന്ന് മാസത്തിനുള്ളിൽ ബോർഡ് ഹൈക്കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ന്യൂഡൽഹി: സമൂഹത്തിൽ വേർതിരിവ് നേരിടുന്നൊരു വിഭാഗങ്ങളിലൊന്നാണ് ലൈംഗിക തൊഴിലാളികൾ. ചികിത്സ ഉൾപ്പെടെ സാധാരണക്കാർക്ക് ലഭിക്കുന്ന പല കാര്യങ്ങളും നേടാൻ ഇവർ ഒട്ടേറെ പ്രയാസം അനുഭവിക്കാറുണ്ട്. ലൈംഗിക തൊഴിലാളികൾക്ക് വേണ്ടി മാത്രമായുള്ള ചികിത്സാകേന്ദ്രങ്ങൾ ആരംഭിക്കണമെന്നത് ഏറെക്കാലമായി ഉയർന്നുകേൾക്കുന്ന ആവശ്യങ്ങളിലൊന്നാണ്. എന്നാൽ, ഡൽഹിയിൽ അത്തരമൊരു ക്ലിനിക് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ഡൽഹിയിൽ റെഡ്‌ലൈറ്റ് ഏരിയയിൽ ജി ബി റോഡിലായാണ് ക്ലിനിക് പ്രവർത്തനം ആരംഭിച്ചത്. പുതുവർഷപ്പിറവി ദിനത്തിൽ പ്രവർത്തനമാരംഭിച്ച ഈ ക്ലിനിക്കിന് തുടക്കമിട്ടത് സേവാഭാരതിയും ഉത്കർഷും ചേർന്നാണ്. നഗരത്തിൽ വേറെ എവിടെയെങ്കിലും ആശുപത്രിയിൽ പോകാൻ തങ്ങൾക്ക് പേടിയാണെന്നും എങ്ങനെയായിരിക്കും ഇവിടങ്ങളിലെ അനുഭവമെന്നത് പ്രവചിക്കാൻ സാധിക്കില്ലെന്നും ലൈംഗിക തൊഴിലാളികൾ പയുന്നു. ഡോക്ടർമാരാണെങ്കിൽ പോലും ലൈംഗികത്തൊഴിലാളി ആണെന്ന് മനസിലാക്കിയാൽ പിന്നെ മറ്റൊരു രീതിയിലാണ് പെരുമാറുകയെന്നും പ്രധാനമായിട്ടും ഭയങ്കര വേർതിരിവാണ് തങ്ങൾ നേരിടുകയെന്നും ഇവർ വ്യക്തമാക്കുന്നു.

ലൈംഗികത്തൊഴിലാളികൾക്ക് മാത്രമല്ല, ഇവരുടെ വീട്ടുകാർക്കും ഈ ക്ലിനിക്കിൽ ചികിത്സ തേടിയെത്താം. ഏഴ് ഡോക്ടർമാരാണ് തുടക്കത്തിൽ ക്ലിനിക്കിലുണ്ടാവുക. ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്ന- മാറ്റിനിർത്തപ്പെടുന്ന ഒരു വിഭാഗത്തിന് പരിഗണന ഉറപ്പാക്കിക്കൊണ്ട് ഈ വർഷം തുടങ്ങുകയെന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യമെന്ന് ഡൽഹി സേവാഭാരതി ജനറൽ സെക്രട്ടറി സുശീൽ ഗുപ്ത അറിയിച്ചു. ഈ ഭാഗത്ത് ഇത്തരമൊരു ക്ലിനിക് തുടങ്ങുന്നത് ഇതാദ്യമായാണ്. ആരോഗ്യപ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുക, ചികിത്സ നൽകുക എന്നതിൽക്കവിഞ്ഞ് ഇതെല്ലാം മാന്യമായി ഉറപ്പാക്കുകയെന്നതാണ് ഈ ക്ലിനിക്കിലൂടെ തങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: സജി ചെറിയാന്റെ മന്ത്രിസഭ പുനഃപ്രവേശനം സംബന്ധിച്ച് വിശദമായ പരിശോധന നടത്തുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടനയുടെ അന്തസിനെ അപമാനിച്ചതിനാണ് സജി ചെറിയാനെതിരെ കേസെടുത്തതെന്നും കേസിന്റെ പുരോഗതിയിൽ എന്തു മാറ്റമുണ്ടായെന്ന് പരിശോധിക്കണമെന്നും അദ്ദേഹം അറിയിച്ചു.

വിഷയത്തിൽ നിയമോപദേശകന്റെ അഭിപ്രായം പരിഗണിക്കും. നിയമോപദേശം തേടുന്നത് സ്വാഭാവിക നടപടിയാണ്. പുനഃപ്രവേശനം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അറിയിപ്പ് കിട്ടിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് പോലും അംഗീകരിക്കാൻ കഴിയാത്തത് കൊണ്ടാണ് സജി ചെറിയാന് രാജി വയ്‌ക്കേണ്ടി വന്നത്. വിഷയത്തിൽ കഴമ്പ് ഉണ്ടെന്ന് കണ്ടാണ് മുഖ്യമന്ത്രി അന്ന് രാജി ആവശ്യപ്പെട്ടത്. ഈ സാഹചര്യം മാറിയോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മന്ത്രിയായുള്ള സജി ചെറിയാന്റെ സത്യപ്രതിജ്ഞ തടയാനാകില്ലെന്നാണ് രാജ്ഭവന്റെ സ്റ്റാൻഡിംഗ് കോൺസൽ കഴിഞ്ഞ ദിവസം നിയമോപദേശം നൽകിയിരുന്നത്.

സജി ചെറിയാന്റെ പരാമർശവുമായി ബന്ധപ്പെട്ട് കോടതികളിലുള്ള നിയമപ്രശ്നങ്ങൾ അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് തിരിച്ചുകൊണ്ടുവരുന്നത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെച്ചത്. ഈ വർഷം ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയിൽ വച്ചാണ് സജി ചെറിയാന്റെ രാജിയിലേക്ക് നയിച്ച വിവാദ പരാമർശം നടത്തിയത്. രാജ്യത്തെ ജനങ്ങളെ ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ സഹായിക്കുന്നതിന് വേണ്ടിയുള്ളതാണ് ഇന്ത്യൻ ഭരണഘടനയെന്നായിരുന്നു സജി ചെറിയാന്റെ പരാമർശം.

തിരുവനന്തപുരം: ശ്രദ്ധനേടി ഓട്ടോ ടാക്സി ബുക്കിങ് ആപ്ലിക്കേഷനായ ‘ടുക്സി’. 2021 ലാണ് ഈ ആപ്ലിക്കേഷൻ ആരംഭിച്ചത്. ഓട്ടോതൊഴിലാളികളെ സംഘടിപ്പിച്ച് അവർക്ക് കൃത്യമായ വരുമാനം ഉറപ്പുവരുത്തുക എന്ന ആശയത്തിലാണ് ടുക്സി ആവിഷ്‌ക്കരിച്ചത്.

ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് ഗവൺമെന്റ് അംഗീകൃത മീറ്റർ ചാർജ് ഉറപ്പുവരുത്തുക, സുരക്ഷിതമായ യാത്രയും താങ്ങാവുന്ന നിരക്കും ഉറപ്പാക്കുക തുടങ്ങിയവയാണ് ആപ്പിന്റെ ലക്ഷ്യം. റോഡിലെ തിരക്കോ കാലാവസ്ഥയിലെ മാറ്റങ്ങളോ ഒന്നും ടുക്സിയിൽ നിരക്ക് കൂട്ടുന്നതിന് കാരണമാകില്ല. ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം പുറപ്പെടുന്ന സ്ഥലവും എത്തിച്ചേരേണ്ട ഇടവും ചേർക്കുമ്പോൾ തന്നെ ഏറ്റവും അടുത്തുള്ള ഡ്രൈവർക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നു.

സുതാര്യമായ പെയ്മെന്റ് ഇടപാടുകളാണ് ടുക്സിയുടേതെന്നാണ് കമ്പനി അധികൃതർ വ്യക്തമാക്കുന്നത്. ബുക്കിങ് നടത്തുമ്പോൾ ഈടാക്കുന്ന ചെറിയൊരു ചാർജാണ് തങ്ങളുടെ വരുമാനമെന്നും കമ്പനി വിശദീകരിച്ചു. എറണാകുളം, തിരുവനന്തപുരം, തൃശൂർ തുടങ്ങിയ ജില്ലകളിൽ 4,500-ലധികം ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് ടുക്സിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2023 ജനുവരിയോടെ കൊച്ചിയിലും തിരുവനന്തപുരത്തും ടാക്‌സി സേവനങ്ങൾ അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നതായാണ് വിവരങ്ങൾ.

ചങ്ങനാശ്ശേരി: സമുദായത്തിനുള്ളിലെ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് അടുത്ത ഒരു വര്‍ഷത്തിനകം അമ്പത് പത്മ കഫേകള്‍ തുടങ്ങാനൊരുങ്ങി എന്‍എസ്എസ്.

ചേര്‍ത്തലയില്‍ കഴിഞ്ഞ ദിവസം അഞ്ചാമത്തെ പത്മ കഫേ തുറന്നിരുന്നു. മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ മേല്‍നോട്ടത്തിലാണ് കഫേയുടെ പ്രവര്‍ത്തനം. ഓരോ പത്മ കഫേയിലൂടെയും അമ്പതിലധികം സ്ത്രീകള്‍ക്ക് പ്രത്യക്ഷമായും അതിലധികം പേര്‍ക്ക് പരോക്ഷമായും ജോലി ലഭിക്കുമെന്നും, ഇത്തരം പ്രവര്‍ത്തനത്തിലൂടെ സ്ത്രീകളുടെ സാമ്പത്തിക ഉന്നമനമാണ് സംഘടന ലക്ഷ്യമിടുന്നതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

അതേസമയം, 300 സ്വയം സഹായ സംഘങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത് പരിശീലിപ്പിച്ച 30 വനിതകളുടെ മേല്‍നോട്ടത്തിലാണ് ഓരോ പത്മ കഫേയും പ്രവര്‍ത്തിക്കുക. രാവിലെ ഏഴു മുതല്‍ രാത്രി 9 വരെയാണ് പ്രവര്‍ത്തന സമയം. വൃത്തിയുള്ള അന്തരീക്ഷത്തില്‍ ശുദ്ധമായ വെജിറ്റേറിയന്‍ ഭക്ഷണം കുറഞ്ഞ നിരക്കില്‍ സൗഹൃദത്തോടെ നല്‍കുന്ന പത്മ കഫേ എല്ലാ താലൂക്കുകളിലും തുടങ്ങാനാണ് എന്‍എസ്എസ് പദ്ധതി. സമുദായാചാര്യന്റെ സ്വപ്‌നമാണ് ഇവിടെ യാഥാര്‍ഥ്യമായതെന്നും പത്തനംതിട്ട യൂണിയനെ അഭിനന്ദിക്കുന്നുവെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യുന്ന മന്നം സ്മാരക കണ്‍വന്‍ഷന്‍ സെന്റര്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും വിവാഹ ആവശ്യങ്ങള്‍ക്കായി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗയ: ചൈനക്കെതിരെ ബുദ്ധമത ആത്മീയ നേതാവ് ദലൈലാമ. ചൈന ആസൂത്രിതമായി ബുദ്ധമതത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ബുദ്ധനിലുള്ള ജനങ്ങളുടെ വിശ്വാസം തകർക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ, പത്മസംഭവ പ്രതിമ ചൈനീസ് സർക്കാർ തകർത്തിരുന്നു. ഈ സംഭവം പരാമർശിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ചൈന ബുദ്ധമതത്തെ തകർക്കാൻ സാധ്യമായതെല്ലാം ചെയ്തു. എങ്കിലും ബുദ്ധമതം അതിന്റെ സ്ഥാനത്ത് നിൽക്കുന്നു. ബുദ്ധമതത്തിൽ വിശ്വസിക്കുന്ന ധാരാളം ആളുകൾ ചൈനയിലും ഉണ്ട്. ആരെയെങ്കിലും ദ്രോഹിക്കുന്നത് ആരുടെയും മതത്തെ അപകടത്തിലാക്കില്ല. ഇന്നും ചൈനയിലെ ബുദ്ധമത അനുയായികൾ ബുദ്ധന് മുന്നിൽ പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, കോവിഡിൽ നിന്നും ആണവായുധങ്ങളിൽ നിന്നും ലോകത്തെ മോചിപ്പിക്കുന്നതിനായി അദ്ദേഹം കാലചക്ര ഗ്രൗണ്ടിൽ പ്രാർഥന നടത്തി. ഗെലുക്ക് ടിബറ്റൻ ബുദ്ധമത പാരമ്പര്യത്തിൽ അർപ്പിക്കുന്ന പ്രാർത്ഥനയിലും അദ്ദേഹം പങ്കെടുക്കും. പരിപാടിയിൽ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30 ലക്ഷം രൂപയും ബിഹാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയും അദ്ദേഹം സംഭാവന നൽകി.