തിരുവനന്തപുരം: സജി ചെറിയാന്റെ മന്ത്രിസഭ പുനഃപ്രവേശനം സംബന്ധിച്ച് വിശദമായ പരിശോധന നടത്തുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടനയുടെ അന്തസിനെ അപമാനിച്ചതിനാണ് സജി ചെറിയാനെതിരെ കേസെടുത്തതെന്നും കേസിന്റെ പുരോഗതിയിൽ എന്തു മാറ്റമുണ്ടായെന്ന് പരിശോധിക്കണമെന്നും അദ്ദേഹം അറിയിച്ചു.
വിഷയത്തിൽ നിയമോപദേശകന്റെ അഭിപ്രായം പരിഗണിക്കും. നിയമോപദേശം തേടുന്നത് സ്വാഭാവിക നടപടിയാണ്. പുനഃപ്രവേശനം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അറിയിപ്പ് കിട്ടിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് പോലും അംഗീകരിക്കാൻ കഴിയാത്തത് കൊണ്ടാണ് സജി ചെറിയാന് രാജി വയ്‌ക്കേണ്ടി വന്നത്. വിഷയത്തിൽ കഴമ്പ് ഉണ്ടെന്ന് കണ്ടാണ് മുഖ്യമന്ത്രി അന്ന് രാജി ആവശ്യപ്പെട്ടത്. ഈ സാഹചര്യം മാറിയോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മന്ത്രിയായുള്ള സജി ചെറിയാന്റെ സത്യപ്രതിജ്ഞ തടയാനാകില്ലെന്നാണ് രാജ്ഭവന്റെ സ്റ്റാൻഡിംഗ് കോൺസൽ കഴിഞ്ഞ ദിവസം നിയമോപദേശം നൽകിയിരുന്നത്.
സജി ചെറിയാന്റെ പരാമർശവുമായി ബന്ധപ്പെട്ട് കോടതികളിലുള്ള നിയമപ്രശ്നങ്ങൾ അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് തിരിച്ചുകൊണ്ടുവരുന്നത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെച്ചത്. ഈ വർഷം ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയിൽ വച്ചാണ് സജി ചെറിയാന്റെ രാജിയിലേക്ക് നയിച്ച വിവാദ പരാമർശം നടത്തിയത്. രാജ്യത്തെ ജനങ്ങളെ ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ സഹായിക്കുന്നതിന് വേണ്ടിയുള്ളതാണ് ഇന്ത്യൻ ഭരണഘടനയെന്നായിരുന്നു സജി ചെറിയാന്റെ പരാമർശം.

