Highlights (Page 65)

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകള്‍ തീര്‍പ്പാക്കാന്‍ കാലതാമസം നേരിടുന്നതായി റിപ്പോര്‍ട്ട്. 2015 മുതലുള്ള കേസുകള്‍ നിലവില്‍ കെട്ടിക്കിടക്കുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേകം കോടതിയില്ലാത്തതാണ് ഇതിന് പ്രധാന കാരണം.

അതേസമയം, പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ മാത്രമേ സുരക്ഷിതമല്ലാത്ത ഭക്ഷണം പിടിച്ചെടുക്കാനുള്ള പരിശോധനകളും കേസെടുക്കലും സൂക്ഷ്മമായി നടക്കുന്നുള്ളൂ. എന്നാല്‍, കേസുകള്‍ രജിസ്റ്റര്‍ ചെയ്താലും കോടതിയില്‍ നിന്ന് വേഗത്തില്‍ തീര്‍പ്പുണ്ടാകില്ല. ഭക്ഷ്യ സുരക്ഷാ കേസുകള്‍ക്കായി പ്രത്യേക കോടതി, ഫാസ്റ്റ് ട്രാക്ക് സംവിധാനം എന്നിവയ്ക്കുള്ള നടപടികള്‍ എങ്ങുമെത്താത്തതാണ് ഈ കാലതാമസം ഒഴിവാക്കാനാവാത്തത്. പരിശോധനകളില്‍ ക്രമക്കേട് കണ്ടെത്തിയവയും, സുരക്ഷിതമല്ലെന്ന് കണ്ടെത്തിയവയും ഉള്‍പ്പടെ 2015-16 മുതലുള്ള കേസുകള്‍ തിരുവനന്തപുരത്തെ വിവിധ കോടതികളില്‍ കിടക്കുകയാണ്. സംസ്ഥാനത്താകെ 1500ലധികം കേസുകളാണ് ഉള്ളത്.

എന്നാല്‍, കേസുകള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക കോടതി വന്നാലും പ്രശ്‌നങ്ങള്‍ മുഴുവനായി തീരില്ല. സര്‍ക്കാര്‍ ലാബുകള്‍ക്ക് വേണ്ട അംഗീകാരമില്ലാത്തത്, സാംപിളെടുത്തതില്‍ ഉണ്ടായ വീഴ്ച്ച ഇവയെല്ലാം വിചാരണ ഘട്ടത്തില്‍ വില്ലനാവും. സര്‍ക്കാര്‍ ലാബുകളുടെ പൂര്‍ണ എന്‍എബിഎല്‍ അംഗീകാരം പോലും ആകുന്നതേ ഉള്ളൂവെന്നത് പ്രധാന കാരണം. കാലപ്പഴക്കം കാരണം മാറിവന്ന ഉദ്യോഗസ്ഥരുടെ ധാരണക്കുറവ് മറ്റൊന്ന്. ചുരുക്കത്തില്‍, പിടിക്കപ്പെടുന്നവര്‍ക്ക് തിരുത്താന്‍ നോട്ടീസ് നല്‍കലും, പിഴയീടാക്കി കേസ് ഒഴിവാക്കലുമാണ് ഇപ്പോള്‍ നടക്കുന്ന പ്രധാന ശിക്ഷാ നടപടികള്‍. ഈ വര്‍ഷം മാത്രം 3244 കേസുകളാണ് പിഴയീടാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ് തന്നെ തീര്‍പ്പാക്കിയത്.

ന്യൂഡൽഹി: ഇത്തവണത്തെ യൂണിയൻ ബജറ്റിൽ ഇന്ത്യൻ റെയിൽവേയ്ക്കായി വലിയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് ബജറ്റ് അവതരണം നടത്തുക. ഹൈഡ്രജൻ ട്രെയിനുകളെ കുറിച്ചുള്ള പ്രഖ്യാപനവും ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുപതോളം ഹൈഡ്രജൻ ട്രെയിനുകളുടെ സർവീസ് ആരംഭിക്കുവാനാണ് റെയിൽവേ മന്ത്രാലയം പദ്ധതിയിടുന്നതെന്നാണ് പുറത്തു വരുന്ന വിവരം.

ഹൈഡ്രജൻ ട്രെയിനുകൾ മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽപ്പെടുത്തി ഇതിനായി സ്വന്തമായി സാങ്കേതിക വിദ്യ വികസിപ്പിക്കുമെന്നാണ് വിവരം. നിലവിൽ ചൈനയിലും ജർമ്മനിയിലും ഓടുന്ന ഹൈഡ്രജൻ ട്രെയിനുകളുടെ മാതൃകയിലാവും പദ്ധതി നടപ്പിലാക്കുക. ആദ്യഘട്ടത്തിൽ ഇന്ത്യൻ റെയിൽവേയുടെ നാരോ ഗേജ് ഹെറിറ്റേജ് റൂട്ടുകളിലാവും ഹൈഡ്രജൻ പവർ ട്രെയിനുകൾ സർവ്വീസ് നടത്തുക.. ഈ ഡിസംബറോടെ ട്രെയിനുകൾ പുറത്തിറക്കാനാണ് റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ, നീലഗിരി മൗണ്ടൻ റെയിൽവേ, കൽക്ക ഷിംല റെയിൽവേ, മാഥേരൻ ഹിൽ റെയിൽവേ, കാൻഗ്ര വാലി, ബിൽമോറ വാഘായി, മാർവാർദേവ്ഗഢ് മദ്രിയ തുടങ്ങിയ ഇന്ത്യൻ റെയിൽവേയുടെ പൈതൃക റൂട്ടുകളെല്ലാം നാരോ ഗേജ് ആണ്. നിലവിൽ ഡീസൽ എഞ്ചിനുകളിലാണ് സർവീസ്. 2023 ഡിസംബർ മുതൽ ഹൈഡ്രജൻ ട്രെയിനുകൾ പൈതൃക റൂട്ടുകളിൽ പുറത്തിറക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിലും കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ട്രെയിൻ നിർണായക പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ശരീരത്തിലെ അര്‍ബുദകോശങ്ങളെ നശിപ്പിക്കാനും അര്‍ബുദം വീണ്ടും ഉണ്ടാകാതിരിക്കാനുമുള്ള ആന്റി കാന്‍സര്‍ വാക്‌സിന്‍ വികസിപ്പിച്ച് അമേരിക്കയിലെ ബോസ്റ്റണിലുള്ള ഗവേഷകര്‍. ബ്രിങ്ഹാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലെ സെന്റര്‍ ഫോര്‍ സ്റ്റെം സെല്‍ ആന്‍ഡ് ട്രാന്‍സ്ലേഷണല്‍ ഇമ്മ്യൂണോ തെറാപ്പിയിലാണ് (സിഎസ്ടിഐ) ഇത് സംബന്ധിച്ച ഗവേഷണം നടന്നത്.

ജനിതക എന്‍ജിനീയറിങ്ങിലൂടെ ജീവനുള്ള അര്‍ബുദകോശങ്ങളില്‍ മാറ്റം വരുത്തിയാണ് ഈ കാന്‍സര്‍ വാക്‌സിന്‍ വികസിപ്പിച്ചത്. സാധാരണ വാക്‌സീനുകള്‍ നിര്‍വീര്യമായ അര്‍ബുദകോശങ്ങളെയാണ് ഉപയോഗപ്പെടുത്താറുള്ളത്. എന്നാല്‍, ജീവനുള്ള അര്‍ബുദ കോശങ്ങള്‍ ഉപയോഗിക്കുന്നത് തലച്ചോറിലൂടെ ദീര്‍ഘദൂരം സഞ്ചരിക്കാന്‍ വാക്‌സീനെ സഹായിക്കുമെന്ന് സിഎസ്ടിഐയിലെ ഗവേഷകന്‍ ഖാലിദ് ഷാ അഭിപ്രായപ്പെടുന്നു. CRISPR-Cas9 എന്ന ടൂള്‍ ഉപയോഗിച്ചാണ് അര്‍ബുദ കോശങ്ങളെ ഗവേഷകര്‍ അര്‍ബുദങ്ങളെ നശിപ്പിക്കുന്ന ആന്റി കാന്‍സര്‍ ഏജന്റാക്കി മാറ്റിയത്. ജനിതക എന്‍ജിനീയറിങ് നടത്തപ്പെട്ട കോശങ്ങളെ പ്രതിരോധ സംവിധാനത്തിന് വീണ്ടും എളുപ്പത്തില്‍ കണ്ടെത്താവുന്ന രീതിയില്‍ രൂപകല്‍പന ചെയ്യുക വഴി ദീര്‍ഘകാല പ്രതിരോധം സാധ്യമാണെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

അതേസമയം, തലച്ചോറിലെ അര്‍ബുദത്തിനെതിരെയാണ് പരീക്ഷിക്കപ്പെട്ടതെങ്കിലും പലതരം അര്‍ബുദങ്ങള്‍ക്ക് എതിരെ ഇത് ഫലപ്രദമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ തലച്ചോറിലെ അര്‍ബുദമായ ഗ്ലിയോബ്ലാസ്റ്റോമയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഈ വാക്‌സീന് സാധിച്ചതായി സയന്‍സ് ട്രാന്‍സ്ലേഷണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

കോട്ടയം: കോട്ടയത്ത് ഭക്ഷ്യ വിഷബാധയേറ്റ് യുവതി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പാർക്ക് ഹോട്ടലിലെ മുഖ്യപാചകക്കാരൻ അറസ്റ്റിൽ. മലപ്പുറം സ്വദേശി മുഹമ്മദ് സിറാജുദ്ദീനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രശ്മി രാജ് എന്ന യുവതിയാണ് കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്.

രശ്മിയുടെ മരണത്തിൽ പോലീസ് നരഹത്യയ്ക്കാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. രശ്മിയുടെ മരണത്തിന് പിന്നാലെ സിറാജുദ്ദീൻ ഒളിവിൽ പോയി. കാടാമ്പുഴയിൽ നിന്നാണ് ഇയാൾ പിടിയിലായതെന്ന് പോലീസ് അറിയിച്ചു. പ്രതിയെ ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞ മാസം 29 നാണ് സംക്രാന്തിയിലെ പാർക്ക് ഹോട്ടലിൽ നിന്ന് രശ്മി ഭക്ഷണം കഴിച്ചത്. പിന്നാലെ രശ്മിക്ക് ശാരീരിക അസ്വാസ്ഥ്യമനുഭവപ്പെട്ടു. ഉടൻ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭക്ഷ്യവിഷബാധയെ തുടർന്ന് ആന്തരികാവയവങ്ങൾക്ക് അണുബാധയുണ്ടായതാണ് രശ്മിയുടെ മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്.

കാസർകോട്: കാസർകോട് ഭക്ഷ്യവിഷ ബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. ഭക്ഷ്യവിഷബാധയല്ല പെൺകുട്ടിയുടെ മരണകാരണമെന്നാണ് പുതിയ കണ്ടെത്തൽ. ഇത് വ്യക്തമാക്കുന്ന റിപ്പോർട്ടും പുറത്തു വന്നിട്ടുണ്ട്. മരണകാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

പെൺകുട്ടിയെ ചികിത്സിച്ച മംഗലാപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരും പോസ്റ്റ്‌മോർട്ടം നടന്ന പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരും രണ്ട് മെഡിക്കൽ കോളേജിൽ നിന്നുമുള്ള വിവരങ്ങൾ ശേഖരിച്ച കാസർകോട്ടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നൽകിയ പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അഞ്ജുശ്രീയുടെ മരണത്തിന് കാരണമായത് ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതിനാലാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വിഷം ഉള്ളിലെത്തിയാണ് മരണം സംഭവിച്ചതെന്നും എന്നാൽ അത് ഭക്ഷണത്തിലൂടെയല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഏത് തരം വിഷമാണ് ഉള്ളിൽ ചെന്നതെന്ന് തിരിച്ചറിയാൻ വിശദമായ രാസപരിശോധനാഫലം ലഭിക്കണമെന്നും പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വിശദീക്കുന്നു. കാസർകോട് ഭക്ഷ്യവിഷബാധ മൂലം മരിച്ച അഞ്ജുശ്രീയുടെ ആന്തരിക അവയവങ്ങൾ രാസപരിശോധന നടത്താൻ അയച്ചിട്ടുണ്ട്. വിദഗ്ധ പരിശോധനയ്ക്ക് ഫോറൻസിക് ലാബിലേക്ക് ആന്തരിക അവയവങ്ങൾ അയക്കും. മരണകാരണത്തിൽ വ്യക്തത വരുത്താനാണ് രാസപരിശോധന നടത്തുന്നത്.

ന്യൂയോര്‍ക്ക്: 20 കോടിയോളം ട്വിറ്റര്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഉപഭോക്താക്കളുടെ ഇ-മെയില്‍, വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നെന്നാണ് വെളിപ്പെടുത്തല്‍. ഇസ്രായേലി സൈബര്‍ സുരക്ഷാ വിദഗ്ധന്‍ അലന്‍ ഗല്‍ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവരുടെ ഇ-മെയില്‍ വിവരങ്ങളും മറ്റും ചോര്‍ന്നുവെന്നാണ് അലന്‍ ഗലിന്റെ വെളിപ്പെടുത്തല്‍. വിവരങ്ങള്‍ ഓണ്‍ലൈന്‍ ഹാക്കിംഗ് പ്ലാറ്റ്‌ഫോമില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നതായും ലിങ്ക്ഡ് ഇന്‍ അക്കൗണ്ടിലെ പോസ്റ്റിലൂടെ അദ്ദേഹം അവകാശപ്പെടുന്നു.

എന്നാല്‍, ട്വിറ്റര്‍ ഔദ്യോഗിക വൃത്തങ്ങള്‍ ഇതുവരെ സംഭവത്തോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ട്വിറ്റര്‍ ഉടമയായ എലോണ്‍ മസ്‌ക് അടക്കമുള്ളവര്‍ വിഷയത്തില്‍ മൗനം പാലിക്കുകയാണ്.

തിരുവനന്തപുരം: ഇന്ത്യയില്‍ ആകെയുള്ള പാസ്പോര്‍ട്ടുകളുടെ 11.8 ശതമാനം കേരളത്തിലെന്ന് റിപ്പോര്‍ട്ട്. കേരളത്തിലെ ജനംസംഖ്യയില്‍ 31.6 ശതമാനം പേര്‍ക്ക് പാസ്പോര്‍ട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

അതേസമയം, പാസ്പോര്‍ട്ട് ഉടമകളുടെ എണ്ണത്തില്‍ മലപ്പുറം മൂന്നാം സ്ഥാനത്താണ്. ജില്ലയില്‍ 1932622 പാസ്പോര്‍ട്ടുകളാണുള്ളത്. മുംബൈയും, ബംഗളൂരുവുമാണ് മലപ്പുറത്തിന് മുന്‍പിലുള്ളത്. ഇവിടെ യഥാക്രമം 3556067, 3463405 പാസ്പോര്‍ട്ടുകളാണ് നല്‍കിയിട്ടുള്ളത്.

കേരളത്തിന് പിന്നിലായി പാസ്പോര്‍ട്ടുകളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയും തമിഴ്‌നാടുമാണുമുള്ളത്. തമിഴ്‌നാട്ടില്‍ ജനസംഖ്യയുടെ 12.7 ശതമാനത്തിനും, മഹാരാഷ്ട്രയില്‍ ജനംസംഖ്യയുടെ 8.4ശതമാനത്തിനുമാണ് പാസ്പോര്‍ട്ടുള്ളത്. 2022 ഡിസംബര്‍ എട്ടുവരെയുള്ള കണക്കുപ്രകാരം ഇന്ത്യയില്‍ 9.58 കോടി പാസ്പോര്‍ട്ട് ഉടമകളാണുള്ളത്.

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ 2.0 പദ്ധതിയിൽ കേരളത്തിലെ ഡെസ്റ്റിനേഷനുകളെയും ഉൾപ്പെടുത്തി. സംസ്ഥാന ടൂറിസം വകുപ്പിന്റെ നിർദേശം പരിശോധിച്ച് കേന്ദ്ര ടൂറിസം മന്ത്രാലയം കുമരകം, ബേപ്പൂർ എന്നീ ഡെസ്റ്റിനേഷനുകളെയാണ് സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തിയത്.

ഈ ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതിയിലൂടെ സാധിക്കുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. വിശദമായ പദ്ധതി രേഖയുടെ അടിസ്ഥാനത്തിൽ മികച്ച സൗകര്യങ്ങളാകും ഈ ഡെസ്റ്റിനേഷനുകളിൽ ഒരുക്കുക. ബേപ്പൂരിലെ ഉരു ടൂറിസം, ജലാസാഹസിക ടൂറിസം, കുമരകത്തെ കായൽ ടൂറിസം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാകും പദ്ധതികൾ.

കോവിഡാനന്തരം സംസ്ഥാനത്തെ പ്രധാന ഡെസ്റ്റിനേഷനുകളുടെ വികസനത്തിനുള്ള സാധ്യതകൾ സംസ്ഥാന ടൂറിസം വകുപ്പ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. പദ്ധതികൾ സമബന്ധിതമായി നടപ്പാക്കാനുള്ള ഇടപെടലും സഹായവും ടൂറിസം വകുപ്പ് ഒരുക്കും.സംസ്ഥാനത്തെ സമഗ്ര ടൂറിസം കേന്ദ്രമാക്കാനുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികൾ നടപ്പാക്കുന്നതിന് ഈ തീരുമാനം സഹായകരമാകും. കൊവിഡാനന്തരം അന്തർദേശീയ തലത്തിൽ തന്നെ കേരള ടൂറിസം ശ്രദ്ധേയമായ മുന്നേറ്റം സാധ്യമാക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ നിർദേശം അംഗീകരിച്ച് ഡെസ്റ്റിനേഷനുകളെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തിയ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെന്നൈ: മദ്യാസക്തി വര്‍ധിക്കുകയും പ്രായപൂര്‍ത്തിയെത്തിയിട്ടില്ലാത്ത വിദ്യാര്‍ഥികള്‍ പലരും മദ്യത്തിന് അടിമയാവുകയും ചെയ്യുന്നതിനാല്‍ മദ്യം വാങ്ങാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിഷയം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനും പോലീസ് മേധാവിക്കും നിര്‍ദ്ദേശം നല്‍കുന്ന കാര്യം പരിഗണിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

21 വയസ്സ് തികയാത്തവര്‍ക്ക് മദ്യം വില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ലൈസന്‍സ് ഏര്‍പ്പെടുത്തണം. ലൈസന്‍സുള്ളവര്‍ക്കു മാത്രമേ മദ്യം വാങ്ങാനും കഴിക്കാനും പറ്റുകയുള്ളൂവെന്ന് ഉറപ്പാക്കണം. സംസ്ഥാനസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടാസ്മാക് മദ്യശാലകളുടെ വില്‍പ്പനസമയം ഉച്ചയ്ക്കു രണ്ടുമുതല്‍ രാത്രി എട്ടുവരെയാക്കി ചുരുക്കണമെന്നുമാണ് കോടതിയുടെ നിര്‍ദ്ദേശം.

അതേസമയം, ബാറുകളുടെയും പബ്ബുകളുടെയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടാസ്മാക് മദ്യശാലകളുടെയും പ്രവര്‍ത്തനസമയം കുറയ്ക്കണമെന്നും പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് മദ്യം വില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുള്ള രണ്ടുഹര്‍ജികള്‍ പരിഗണിച്ചാണ് ജസ്റ്റിസ് ആര്‍. മഹാദേവന്റെയും ജസ്റ്റിസ് സത്യനാരായണ പ്രസാദിന്റെയും ബെഞ്ച് ഈ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചത്.

ടോക്കിയോ: ജപ്പാനിൽ കോവിഡ് കേസുകളും മരണ നിരക്കും ഉയരുന്നു. വെള്ളിയാഴ്ച മാത്രം 456 കോവിഡ് മരണങ്ങളാണ് ജപ്പാനിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജപ്പാനിലെ എക്കാലത്തെയും വലിയ കോവിഡ് മരണനിരക്കാണ് വെള്ളിയാഴ്ച്ച രേഖപ്പെടുത്തിയിട്ടുള്ളത്. ആയിരത്തോളം പേരാണ് കഴിഞ്ഞ 30 ദിവസത്തിനിടെ കോവിഡ് മൂലം ജപ്പാനിൽ മരിച്ചത്.

നിലവിൽ ജപ്പാൻ കടന്നു പോകുന്നത് കോവിഡിന്റെ എട്ടാം തരംഗത്തിലൂടെയാണ്. പുതുവർഷ ആഘോഷങ്ങൾക്ക് പിന്നാലെ കോവിഡ് കേസുകളും മരണനിരക്കുകളും വർദ്ധിക്കുമെന്ന് നേരത്തെ ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.

നവംബർ മാസം മുതൽ ജപ്പാനിൽ കോവിഡ് മരണനിരക്ക് ഉയരുകയാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മൂന്നുമാസത്തിനിടെ ജപ്പാനിലുണ്ടായ കോവിഡ് മരണങ്ങളുടെ കണക്ക് തൊട്ടു മുമ്പത്തെ വർഷത്തെ അപേക്ഷിച്ച് പതിനാറ് മടങ്ങ് കൂടുതലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.