സമുദായത്തിനുള്ളിലെ സ്ത്രീ ശാക്തീകരണം; അമ്പത് പത്മ കഫേകള്‍ തുടങ്ങാനൊരുങ്ങി എന്‍എസ്എസ്‌

ചങ്ങനാശ്ശേരി: സമുദായത്തിനുള്ളിലെ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് അടുത്ത ഒരു വര്‍ഷത്തിനകം അമ്പത് പത്മ കഫേകള്‍ തുടങ്ങാനൊരുങ്ങി എന്‍എസ്എസ്.

ചേര്‍ത്തലയില്‍ കഴിഞ്ഞ ദിവസം അഞ്ചാമത്തെ പത്മ കഫേ തുറന്നിരുന്നു. മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ മേല്‍നോട്ടത്തിലാണ് കഫേയുടെ പ്രവര്‍ത്തനം. ഓരോ പത്മ കഫേയിലൂടെയും അമ്പതിലധികം സ്ത്രീകള്‍ക്ക് പ്രത്യക്ഷമായും അതിലധികം പേര്‍ക്ക് പരോക്ഷമായും ജോലി ലഭിക്കുമെന്നും, ഇത്തരം പ്രവര്‍ത്തനത്തിലൂടെ സ്ത്രീകളുടെ സാമ്പത്തിക ഉന്നമനമാണ് സംഘടന ലക്ഷ്യമിടുന്നതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

അതേസമയം, 300 സ്വയം സഹായ സംഘങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത് പരിശീലിപ്പിച്ച 30 വനിതകളുടെ മേല്‍നോട്ടത്തിലാണ് ഓരോ പത്മ കഫേയും പ്രവര്‍ത്തിക്കുക. രാവിലെ ഏഴു മുതല്‍ രാത്രി 9 വരെയാണ് പ്രവര്‍ത്തന സമയം. വൃത്തിയുള്ള അന്തരീക്ഷത്തില്‍ ശുദ്ധമായ വെജിറ്റേറിയന്‍ ഭക്ഷണം കുറഞ്ഞ നിരക്കില്‍ സൗഹൃദത്തോടെ നല്‍കുന്ന പത്മ കഫേ എല്ലാ താലൂക്കുകളിലും തുടങ്ങാനാണ് എന്‍എസ്എസ് പദ്ധതി. സമുദായാചാര്യന്റെ സ്വപ്‌നമാണ് ഇവിടെ യാഥാര്‍ഥ്യമായതെന്നും പത്തനംതിട്ട യൂണിയനെ അഭിനന്ദിക്കുന്നുവെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യുന്ന മന്നം സ്മാരക കണ്‍വന്‍ഷന്‍ സെന്റര്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും വിവാഹ ആവശ്യങ്ങള്‍ക്കായി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.