തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കം ചെയ്യുന്ന ബില്ല് രാഷ്ട്രപതിക്ക് വിടുമെന്ന സൂചന നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ കൂടി ബാധിക്കുന്ന ബില്ലിൽ തനിക്ക് മുകളിലുള്ളവർ തീരുമാനമെടുക്കട്ടെയെന്നാണ് ഗവർണർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. നയപ്രഖ്യാപനത്തിനുള്ള സർക്കാർ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു. സർക്കാരിന്റെ നടത്തിപ്പിൽ ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, സർവകലാശാല ബില്ലിൽ ഒഴികെ മറ്റു ബില്ലുകളിൽ ഗവർണർ ഒപ്പുവെച്ചു. നിയമസഭ പാസാക്കിയ ബില്ലുകളിലാണ് ഗവർണർ ഒപ്പുവെച്ചത്. യൂണിവേഴ്സിറ്റി ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ നീക്കുന്നതാണ് സർവകലാശാല ബിൽ. ചാൻസലർ ബില്ലിൽ കൂടുതൽ പരിശോധകൾക്ക് ശേഷം തീരുമാനമെടുക്കുമെന്ന് രാജ്ഭവൻ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലെ മറ്റു ബില്ലുകൾക്കെല്ലാം അദ്ദേഹം അംഗീകാരം നൽകി. സർവ്വകലാശാല ബില്ലിൽ നിയമോപദേശം തേടിയ ശേഷം ഭരണഘടനാ വിദഗ്ധരുമായും കൂടിയാലോചന നടത്തിയ ശേഷമായിരിക്കും ഗവർണർ തുടർ തീരുമാനം സ്വീകരിക്കുക. ചാൻസലർ സ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്ന ബില്ലിൽ അതിവേഗം തീരുമാനമെടുക്കില്ലെന്ന് ഗവർണർ നേരത്തെ അറിയിച്ചിരുന്നു.

