Highlights (Page 67)

ന്യൂഡൽഹി: പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി കേന്ദ്ര സർക്കാർ. ആദായനികുതി ആനുകൂല്യങ്ങൾ ഇല്ലാത്ത മിക്ക പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടേയും പലിശ നിരക്കാണ് കേന്ദ്ര സർക്കാർ ഉയർത്തിയത്. ജനുവരി 1 മുതൽ പുതുക്കിയ പലിശ നിരക്ക് നിലവിൽ വരും. ചെറുകിട നിക്ഷേപങ്ങളുടെ പലിശ നിരക്ക് 1.1 ശതമാനം വരെ വർദ്ധിപ്പിച്ചതായാണ് ധനമന്ത്രാലയം വ്യക്തമാക്കുന്നത്.

മുതിർന്ന പൗരന്മാരുടെ സമ്പാദ്യ പദ്ധതി, കിസാൻ വികാസ് പത്ര ( കെവിപി) എന്നിവയുടെ പലിശ നിരക്ക് 1.1 ശതമാനം പോയിന്റ് വരെ വർദ്ധിപ്പിച്ചു. ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ത്രൈമാസ അടിസ്ഥാനത്തിൽ അറിയിക്കുമെന്നും ധനമന്ത്രാലയം ചൂണ്ടിക്കാട്ടി. അതേസമയം, ജനപ്രിയ നിക്ഷേപമായി പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), പെൺകുട്ടികൾക്ക് വേണ്ടിയുള്ള ചൈൽഡ് സേവിംഗ്‌സ് സ്‌കീമായ സുകന്യ സമൃദ്ധി എന്നിവയുടെ പലിശ നിരക്ക് ഉയർത്തിയിട്ടില്ല.

ഒരു വർഷത്തെ ടേം ഡെപ്പോസിറ്റിന് 6.6 ശതമാനം പലിശയും രണ്ട് വർഷത്തെ നിക്ഷേപത്തിന് 6.8 ശതമാനം പലിശയും മൂന്ന് വർഷത്തെ നിക്ഷേപത്തിന് 6.9 ശതമാനം പലിശയും അഞ്ച് വർഷത്തെ നിക്ഷേപത്തിന് 7 ശതമാനം പലിശയുമാണ് പോസ്റ്റ് ഓഫീസുകളിൽ ലഭിക്കുന്നത്. മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് ജനുവരി-മാർച്ച് കാലയളവിൽ 40 ബേസിസ് പോയിന്റുകൾ ഉയർന്ന് 8 ശതമാനമാകും. 7.2 ശതമാനമായാണ് കിസാൻ വികാസ് പത്രയുടെ പലിശ നിരക്ക് ഉയർത്തിയത്. നിലവിൽ 7 ശതമാനമാണ് ഇതിന്റെ പലിശ നിരക്ക്.

പ്രതിമാസ വരുമാന സ്‌കീം 40 ബേസിസ് പോയിന്റ് കൂടി 7.1 ശതമാനം പലിശ ലഭിക്കും. നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് (എൻഎസ്സി) 20 ബേസിസ് പോയിന്റ് 7 ശതമാനമാക്കി ഉയർത്തി.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യധാന്യ വിതരണം ഇന്ന് മുതൽ ആരംഭിക്കും. 81.35 കോടി ഗുണഭോക്താക്കൾക്ക് ദേശീയ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം ജനുവരി ഒന്നു മുതൽ ഒരു വർഷത്തേക്ക് സൗജന്യമായി ഭക്ഷ്യധാന്യം നൽകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം. പദ്ധതിയുടെ ചെലവ് രണ്ട് ലക്ഷം കോടി രൂപയാണ്.

കാബിനറ്റ് യോഗത്തിലാണ് പദ്ധതിയുമായി ബന്ധപ്പെട്ട തീരുമാനം സ്വീകരിച്ചത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ജനറൽ മാനേജർമാരോട് അവരുടെ അധികാരപരിധിയിലെ വിവിധ പ്രദേശങ്ങളിലെ മൂന്ന് റേഷൻ കടകൾ നിർബന്ധമായും സന്ദർശിച്ച് ദിവസേന റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.

സബ്സിഡിയുള്ള ഭക്ഷ്യധാന്യങ്ങൾ ഒരു കിലോ അരിക്ക് 3 രൂപയ്ക്കും ഗോതമ്പിന് 2 രൂപയ്ക്കും ഒരു കിലോ നാടൻ ധാന്യത്തിനും ഒരു രൂപ നിരക്കിൽ NFSA പ്രകാരം ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തിരുന്നു. ഇതാണ് നിലവിൽ സൗജന്യമായി നൽകാൻ തീരുമാനിച്ചത്.

ന്യൂഡൽഹി: കോവിഡ് വാക്സിനേഷൻ സ്വീകരിക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ഓഫറുകളുമായി ഹെൽത്ത് ഇൻഷൂറൻസ് കമ്പനികൾ. കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവർക്ക്, ആരോഗ്യ ഇൻഷൂറൻസിന്റെ പ്രീമിയത്തിൽ 2.5 ശതമാനം ഡിസ്‌കൗണ്ട് അനുവദിക്കുമെന്ന് റിലയൻസ് ജനറൽ ഇൻഷൂറൻസ് കമ്പനി അറിയിച്ചു. റിലയൻസ് ഹെൽത്ത് ഇൻഫിനിറ്റി ഇൻഷൂറൻസ് പോളിസി എടുത്ത ഉപഭോക്താക്കൾക്കാണ് ഈ ഡിസ്‌കൗണ്ട് ലഭിക്കുന്നത്. പുതിയതായി ഈ ഹെൽത്ത് ഇൻഷൂറൻസ് പോളിസി എടുക്കുന്നവർക്കും നിലവിലെ ഉപഭോക്താക്കൾ പോളിസി പുതുക്കുന്ന വേളയിലും ഈ ഓഫർ ലഭ്യമാകും.

ഹ്യൂമൻ പാപ്പിലോമവൈറസ് വാക്സിൻ, ന്യൂമോകോക്കൽ വാക്സിൻ പോലെയുള്ള മറ്റ് വാക്സിനുകൾ സ്വീകരിച്ചവർക്കും പ്രീമിയത്തിൽ 2.5 ശതമാനം കിഴിവ് ലഭിക്കും. വാർത്താക്കുറിപ്പിലൂടെയാണ് റിലയൻസ് ജനറൽ ഇൻഷൂറൻസ് കമ്പനി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഉത്തരപടിഞ്ഞാറൻ മേഖലയിൽ ശീതതരംഗം പോലെുള്ള പ്രവചനാതീതമായ കാലാവസ്ഥാ ദുരിതങ്ങളും കോവിഡ് വ്യാപനം സംബന്ധിച്ച് ഉയരുന്ന ആശങ്കകളും മറ്റ് വൈറസ് ബാധകളുടേയും പശ്ചാത്തലത്തിൽ മുൻകരുതലെന്ന നിലയിൽ വാക്സിൻ സ്വീകരിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതിനും ക്ഷേമവും ആരോഗ്യ സുരക്ഷയും ഉറപ്പാക്കുന്നതിനുമായാണ് ഹെൽത്ത് ഇൻഷൂറൻസ് പോളിസിയിൽ കിഴിവ് അനുവദിക്കുന്നതെന്ന് കമ്പനി ചൂണ്ടിക്കാട്ടി.

ന്യൂഡൽഹി: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ പണമിടപാടുകൾക്കായി യുപിഐ, ക്യുആർ കോഡ് സംവിധാനം ഏർപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ. ജനുവരി 1 മുതലായിരിക്കും ക്യു ആർ കോഡ് സംവിധാനം ഏർപ്പെടുത്തുക. റിപ്പോർട്ടുകൾ അനുസരിച്ച് ഭൂനികുതി, ട്രാഫിക് ലംഘനങ്ങൾക്കുള്ള പിഴ തുടങ്ങിയ എല്ലാ സർക്കാർ പണമിടപാടുകളും യുപിഐ വഴി നടത്താം. സർക്കാർ ഓഫീസുകളെ കൂടുതൽ ഡിജിറ്റൽവത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്നാണ് വിവരം.

സർക്കാർ ഓഫീസുകളിൽ പണം സ്വീകരിക്കുന്നത് തുടരുമെങ്കിലും ഫിസിക്കൽ രസീത് ലഭിക്കുകയില്ല. നിലവിൽ എല്ലാ പണമിടപാടുകൾക്കും രസീത് നൽകുന്നുണ്ട്. എന്നാൽ, ജനുവരി 1 മുതൽ, നേരിട്ടോ ഡിജിറ്റൽ രീതിയിലോ പണമടയ്ക്കുന്നവർക്ക് എസ്എംഎസ് വഴിയാകും രസീത് നൽകുകയെന്നാണ് വിവരം. ഓൺലൈൻ ചലാൻ പേയ്മെന്റുകൾക്കുള്ള ചലാൻ നമ്പർ ഉപഭോക്താവിന്റെ ഫോണിലേക്ക് മെസേജ് ആയി ലഭിക്കുന്നതാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെയോ സ്ഥാപനത്തിന്റെയോ ഫോണിലോ കമ്പ്യൂട്ടറിലോ ഉള്ള ക്യുആർ കോഡ് സ്‌കാൻ ചെയ്തുകൊണ്ട് ഗൂഗിൾ പേ പോലെയുള്ള യുപിഐ പ്ലാറ്റ്‌ഫോമുകൾ വഴി പേയ്മെന്റുകൾ നടത്താം. ക്യുആർ കോഡുകൾ പൊതുവായി പ്രദർശിപ്പിക്കില്ല. വ്യത്യസ്ത സേവനങ്ങൾക്കായി വ്യത്യസ്ത അക്കൗണ്ടുകൾ വഴി സർക്കാരിന് പണം ലഭിക്കുന്നതിനാൽ, ഒരു ഓഫീസിന് പൊതുവായ ക്യുആർ കോഡ് ഉണ്ടാകില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ സർക്കാർ ജീവനക്കാർ സാമ്പത്തിക തട്ടിപ്പുകൾ നടത്താനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. പണമിടപാടുകളെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ മേലുദ്യോഗസ്ഥർക്ക് ലഭ്യമാകുന്നതാണ്.

തിരുവനന്തപുരം: 60 വയസ്സുകഴിഞ്ഞവരും അനുബന്ധരോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കരുതൽഡോസ് വാക്സിൻ എടുക്കണമെന്ന് നിർദ്ദേശം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗമാണ് ഇക്കാര്യം നിർദ്ദേശിച്ചത്. 7000 പരിശോധനയാണ് ഇപ്പോൾ സംസ്ഥാനത്ത് ശരാശരി നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ 474 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 72 പേർ ആശുപത്രിയിലാണ്. 13 പേർ ഐസിയുവിൽ ഉണ്ട്.

ആവശ്യത്തിന് ഓക്സിജൻ ഉത്പാദനം നടക്കുന്നുണ്ട്. എല്ലാ ജില്ലാ ആശുപത്രികളിലും ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. മരുന്നുകൾ, മാസ്‌ക്, പി പി ഇ കിറ്റ് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാൻ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് നിർദ്ദേശം നൽകിയിട്ടുണ്ട്. വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് മോണിറ്ററിംഗ് സെൽ പുനരാരംഭിക്കുകയും റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കുകയും ചെയ്തു. ഐ.ഇ.സി ബോധവൽക്കരണം ശക്തമാക്കിയെന്നും മന്ത്രി പറഞ്ഞു. ആൾക്കൂട്ടങ്ങൾ ഉണ്ടാവുന്ന പ്രദേശങ്ങൾ, എസി മുറികൾ, പൊതുയിടങ്ങൾ എന്നിവിടങ്ങളിൽ സന്ദർഭത്തിനനുസരിച്ച് മാസ്‌ക് ധരിക്കുന്നത് ഉചിതമാകുമെന്ന് യോഗം വിലയിരുത്തി.

പുതിയ വൈറസ് വകഭേദത്തിന് വലിയതോതിൽ വ്യാപനശേഷി ഉള്ളതിനാൽ നല്ല ജാഗ്രതയും കരുതലും കാണിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗൗരവത്തോടെ നീങ്ങേണ്ടതുണ്ട്. ആരോഗ്യവകുപ്പിന്റെ കൂടെ തദ്ദേശസ്വയംഭരണ വകുപ്പ് കൂടി ജാഗരൂഗരാകണം. കോവിഡുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ അതേ രീതിയിൽ നടപ്പാക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ജില്ലാ കളക്ടർമാർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

അരുണാചല്‍ പ്രദേശില്‍ നിന്ന് ഒരു പ്രത്യേക തരം ഫംഗസായ കീഡ ജഡി അപഹരിക്കാന്‍ ചൈനീസ് സൈനികര്‍ക്കു ലക്ഷ്യമുണ്ടായിരുന്നെന്ന വെളിപ്പെടുത്തലുമായി ഇന്‍ഡോ-പസിഫിക് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍സിന്റെ റിപ്പോര്‍ട്ട്. കോര്‍ഡിസെപ്സ് എന്നാണ് ഈ ഫംഗസിന്റെ ഇംഗ്ലിഷിലെ പേര്. ചൈനയില്‍തിബറ്റന്‍ പീഠഭൂമിയിലാണ് ഇത് ഉള്ളത്. സമുദ്ര നിരപ്പില്‍ നിന്നും 3000 മുതല്‍ 5000 മീറ്റര്‍ വരെ ഉയരുമുള്ള പ്രദേശങ്ങളിലാണ് ഇത് കാണപ്പെടുന്നത്. ചൈനയിലെ ക്വിങ്ഗായ് മേഖലയിലാണ് ഇതിന്റെ വിളവെടുപ്പ് ഏറ്റവും കൂടുതല്‍ നടക്കുന്നത്.

അതേസമയം, യര്‍സഗുംബയെന്നാണ് ഈ മരുന്നുഫംഗസ് ചൈനയിലും നേപ്പാളിലും അറിയപ്പെടുന്നത്. 2010ല്‍ ഒന്നരലക്ഷം കിലോ വരെ ഉത്പാദിപ്പിച്ചിരുന്ന ഈ ഫംഗസിന്റെ തോത് കുറഞ്ഞ് 2018ല്‍ 41200 കിലോയെന്ന നിലയിലെത്തിയിരുന്നു. ഇതു മൂലമാകാം അരുണാചലിലെ കീഡ ജഡി സമ്പത്ത് അപഹരിക്കാന്‍ ചൈന ശ്രമിച്ചതെന്ന് ഇന്‍ഡോ പസിഫിക് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍ റിപ്പോര്‍ട്ട് പറയുന്നു.

രാജ്യാന്തര വിപണിയില്‍ കിലോയ്ക്ക് 10 മുതല്‍ 12 ലക്ഷം വരെ വിലയുള്ളതാണ് കീഡ ജഡി. കോര്‍ഡിസെപിന്‍ എന്ന ഔഷധമൂല്യമുള്ളതിനാല്‍ ബ്രൗണ്‍ നിറത്തില്‍ നിറമുള്ള ഈ മരുന്നു ഫംഗസിന് 2 ഇഞ്ച് വരെ നീളം വയ്ക്കും. വൈറസ്ജന്യ രോഗങ്ങള്‍, അര്‍ബുദം എന്നിവയുടെ ചികിത്സയില്‍ കോര്‍ഡിസെപ്സ് ഉപയോഗപ്രദമാകുമെന്നാണു കരുതപ്പെടുന്നത്. ലൈംഗികശേഷി വര്‍ധിപ്പിക്കാനുള്ള മരുന്നായും ചൈനീസ് പാരമ്പര്യവൈദ്യത്തില്‍ ഉപയോഗിക്കുന്നതിനാല്‍ ഹിമാലയന്‍ വയാഗ്രയെന്നും ഇതറിയപ്പെടുന്നു. കീടനാശിനിയായും ഇതുപയോഗിക്കപ്പെടുന്നുണ്ട്. ഒഫിയോകോര്‍ഡിസെപ്സ് സിനെസിസ് എന്നാണു ഫംഗസിന്റെ ശാസ്ത്രീയനാമം.

അഹമ്മദബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെന്നിന്റെ സംസ്‌കാരം ഗാന്ധിനഗറിലെ ശ്മാശനത്തില്‍ നടന്നു. നരേന്ദ്ര മോദി ചിതയ്ക്ക് തീകൊളുത്തി, കൈക്കൂപ്പി ആദരാഞ്ജലി അര്‍പ്പിച്ച ശേഷം അന്ത്യകര്‍മങ്ങളും നടത്തി. ആശുപത്രിയില്‍ നിന്ന് മൃതദേഹം വഹിച്ചുകൊണ്ടുള്ള യാത്രയെ ബന്ധുക്കള്‍ അടക്കം അനുഗമിച്ചു. അഹമ്മദാബാദിലെ യു എന്‍ മേത്ത ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു ഹീരാബെന്നിന്റെ അന്ത്യം. നൂറ്റാണ്ട് നീണ്ട ത്യാഗഭരിതമായ ജീവിതമായിരുന്നു അമ്മയുടേതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ചയായിരുന്നു ഹീരാബെന്‍ മോദിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിച്ചതിന് പിന്നാലെ പ്രധാനമന്ത്രി കഴിഞ്ഞ ആഴ്ച അഹമ്മദാബാദിലെത്തി മാതാവിനെ സന്ദര്‍ശിച്ചിരുന്നു. 1923 ജൂണ്‍ 18 നാണ് ഹീരാബെന്‍ മോദി ജനിച്ചത്. ഗുജറാത്തിലെ മെഹ്സാനയിലെ വഡ്നഗര്‍ ആണ് സ്വദേശം. ചായ വില്‍പനക്കാരനായ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദിയെ ചെറുപ്പത്തില്‍തന്നെ വിവാഹം കഴിച്ചു. ആറു മക്കളില്‍ മൂന്നാമാനാണ് മോദി. നരേന്ദ്ര മോദി, പങ്കജ് മോദി, സോമ മോദി, അമൃത് മോദി, പ്രഹ്ലാദ് മോദി, മകള്‍ വാസന്തിബെന്‍ ഹസ്മുഖ്ലാല്‍ മോദി എന്നിവരാണ് മക്കള്‍. പ്രധാനമന്ത്രിയുടെ ഇളയ സഹോദരന്‍ പങ്കജ് മോദിക്കൊപ്പം ഗാന്ധിനഗറിനടുത്തുള്ള റെയ്സന്‍ ഗ്രാമത്തിലാണ് ഹീരാബെന്‍ മോദി താമസിച്ചിരുന്നത്.

ഹിരാബെന്‍ മോദിയുടെ നിര്യാണത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു, രാഹുല്‍ ഗാന്ധി, കേന്ദ്ര മന്ത്രിമാര്‍ പ്രമുഖ ദേശീയ നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഗവര്‍ണര്‍മാരും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും അനുശോചിച്ചു. അതേസമയം, പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികളില്‍ മാറ്റമില്ല. പശ്ചിംബംഗാളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കും.

ന്യൂഡൽഹി: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ച് സിബിഎസ്ഇ. ഫെബ്രുവരി 15 മുതൽ മാർച്ച് 21 വരെയാണ് പത്താം ക്ലാസ് പരീക്ഷ. ഫെബ്രുവരി 15 മുതൽ ഏപ്രിൽ 4 വരെയാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടക്കുക. രാവിലെ 10.30 നാണ് എല്ലാ പരീക്ഷകളും ആരംഭിക്കുന്നതെന്ന് സിബിഎസ്ഇ അറിയിച്ചു.

ജെ.ഇ.ഇ ഉൾപ്പെടെ വിവിധ മത്സരപ്പരീക്ഷകളുടെ ക്രമം വിലയിരുത്തിയാണ് ടൈംടേബിൾ തീരുമാനിച്ചിരിക്കുന്നതെന്ന് സിബിഎസ്ഇ വ്യക്തമാക്കി. തയ്യാറെടുപ്പുകൾക്ക് കൂടുതൽ സമയം ലഭിക്കാനാണ് പരീക്ഷകൾ നേരത്തെ പ്രഖ്യാപിച്ചതെന്നും സിബിഎസ്ഇ കൂട്ടിച്ചേർത്തു.

മുംബൈ: സംസ്ഥാനം ഒരിഞ്ച് ഭൂമി വിട്ടുനൽകില്ലെന്നും ആവശ്യമെങ്കിൽ സുപ്രീം കോടതിയെയും കേന്ദ്രത്തെയും സമീപിക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. മഹാരാഷ്ട്ര-കർണാടക അതിർത്തി തർക്കം സംബന്ധിച്ച മഹാരാഷ്ട്ര നിയമസഭ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കർണാടകയിലെ മറാത്തി സംസാരിക്കുന്ന 865 ഗ്രാമങ്ങളെ നിയമപരമായി സംസ്ഥാനത്തിൽ ഉൾപ്പെടുത്താനാണ് പ്രമേയം അവതരിപ്പിച്ചത്.

ബെൽഗാം, നിപാനി, കാർവാർ, ബിദർ, ഭാൽക്കി എന്നിവയുൾപ്പെടെ 865 വില്ലേജുകളിലെ ഒരിഞ്ച് ഭൂമി തങ്ങൾ വിട്ടുനൽകില്ല. കർണാടക തങ്ങളെ വെല്ലുവിളിക്കരുത്. മറാത്തി സംസാരിക്കുന്ന ജനങ്ങളോടുള്ള അനീതി തടയാൻ നിയമപരമായി തങ്ങൾ എന്തും ചെയ്യും. സുപ്രീം കോടതിയും കേന്ദ്ര സർക്കാറും വിഷയത്തിൽ ഇടപെടണമെന്ന് തങ്ങൾ ആവശ്യപ്പെടുമെന്നും അദ്ദേഹം വിശദീകരിച്ചു. മഹാരാഷ്ട്ര സർക്കാർ അതിർത്തി പ്രദേശങ്ങളിലെ മറാഠി സംസാരിക്കുന്ന ജനതക്കായി നിലകൊള്ളും. ഈ പ്രദേശങ്ങൾ മഹാരാഷ്ട്രയുടെ ഭാഗമാക്കുന്നതിന് സുപ്രീം കോടതിയിൽ നിയമപോരാട്ടത്തിന് പോകുമെന്ന് പ്രമേയത്തിൽ പറയുന്നു.

അതേസമയം, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മഹാരാഷ്ട്ര പ്രമേയം പാസിക്കിയതിനെ അപലപിച്ച് രംഗത്തെത്തിയിരുന്നു. നേരത്തെ കർണാടകയും പ്രമേയം പാസാക്കിയിരുന്നു. കർണ്ണാടകയുടെ ഭൂമി, ജലം, ഭാഷ, കന്നഡക്കാരുടെ താൽപ്പര്യം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നായിരുന്നു ഈ പ്രമേയത്തിൽ വ്യക്തമാക്കിയിരുന്നത്.

മോസ്‌കോ: യൂറോപ്യൻ യൂണിയനിൽ അംഗങ്ങളായ രാജ്യങ്ങളിലേക്കുള്ള എണ്ണ വിതരണം നിർത്തി വെയ്ക്കാൻ റഷ്യ. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇതുസംബന്ധിച്ച ഉത്തരവിൽ ഒപ്പുവച്ചു. റഷ്യൻ എണ്ണയുടെ വില പരിധി നിശ്ചയിച്ച യൂറോപ്യൻ യൂണിയനുള്ള മറുപടിയാണ് റഷ്യ നൽകിയത്. നിരോധനം 2023 ഫെബ്രുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും.

ഈ വർഷം ജൂലൈ ഒന്നുവരെയാണ് ഇത് ബാധകമാവുക. പ്രത്യേക സാഹചര്യങ്ങളിൽ നിരോധനത്തിൽ ഇളവ് നൽകാനും പുടിന് അധികാരമുണ്ട്. തങ്ങളുടെ എണ്ണയ്ക്ക് വില പരിധി ഏർപ്പെടുത്തുന്ന ഒരു രാജ്യത്തിനും എണ്ണ വിൽക്കില്ലെന്ന് നേരത്തെ പുടിൻ വ്യക്തമാക്കിയിരുന്നു. യുക്രൈൻ- റഷ്യ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ജി7 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഓസ്ട്രേലിയയും റഷ്യയുടെ എണ്ണ വാങ്ങുന്നതിന് ക്രൂഡ് ഓയിലിന് ബാരലിന് 60 ഡോളർ വില നിശ്ചയിച്ചത്. തങ്ങളുടെ പരമാധികാരത്തിന് മുകളിലുള്ള കൈ കടത്തലായാണ് ഈ നടപടിയെ റഷ്യ നോക്കി കണ്ടത്.

അതേസമയം, യൂറോപ്യൻ രാജ്യങ്ങൾക്ക് എണ്ണ വിതരണം നിർത്തുമെന്ന പുട്ടിന്റെ തീരുമാനം അന്താരാഷ്ട്ര വിപണിയിൽ വിലക്കയറ്റത്തിന് കാരണമായേക്കുമെന്നാണ് റിപ്പോർട്ടുകൾ.