കൊച്ചി: കൃത്രിമ ഗർഭധാരണ നിയന്ത്രണ നിയമത്തിൽ നിർണ്ണായക വിധി പുറപ്പെടുവിച്ച് കേരളാ ഹൈക്കോടതി. 50 വയസ് കഴിഞ്ഞ സത്രീകൾക്കും 55 വയസ് പിന്നിട്ട പുരുഷനും ചികിത്സ നിഷേധിക്കുന്ന ചട്ടത്തിലാണ് ഹൈക്കോടതി നിർണായക വിധി പുറപ്പെടുവിച്ചത്. കേന്ദ്രസർക്കാർ നിയമഭേദഗതി കൊണ്ടുവന്ന സമയം ചികിത്സ തുടങ്ങിയവർക്ക് ചികിത്സ തുടരാമെന്ന് ഹൈക്കോടതി വിധിച്ചു. 2021 അവസാനമാണ് പാർലമെന്റ് കൃത്രിമ ഗർഭധാരണ ക്ലിനിക്കുകളെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള ആർടി ബിൽ പാസാക്കിയത്.
ഇത് നിയമമായതോടെ പ്രായമേറിയ ദമ്പതികൾ പ്രതിസന്ധിയിലായി. 50വയസ് തികഞ്ഞ സ്ത്രീകൾക്കും 55 വയസ് തികഞ്ഞ പുരുഷൻമാർക്കും ഇതിലെ 21ജി ചട്ടം ചികിത്സാ അവകാശങ്ങൾ നിഷേധിക്കുന്നു. നിയമം പ്രാബല്യത്തിൽ വന്ന സമയം ചികിത്സ നടത്തുന്നവർക്കും ഈ ചട്ടങ്ങൾ ബാധകമായി. തുടർന്ന് ഇതിനെതിരെ 30 ദമ്പതികൾ ഹൈക്കോടതിയിൽ ഹർജി നൽകി. ഇതിൽ 28 ഹർജികൾ ഒരുമിച്ച് പരിഗണിച്ചാണ് ജസ്റ്റിസ് വിജി അരുൺ നിർണായക വിധി പുറപ്പെടുവിച്ചത്.
അതേസമയം, പുതുതായി ചികിത്സ തേടാൻ ആഗ്രഹിക്കുന്ന പ്രായപരിധി പിന്നിട്ടവർക്ക് വേണ്ടിയും ഹൈക്കോടതി സിംഗിൾ ബഞ്ച് ഇടപെടൽ നടത്തി. ഉയർന്ന പ്രായപരിധി സംബന്ധിച്ച് പുനപരിശോധന നടത്തുന്നതിനായി നാഷണൽ അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്‌നോളജി ആൻറ് സറോഗസി ബോർഡ് കേന്ദ്രസർക്കാരിനെ സമീപിക്കണം. ഇതിലെ റിപ്പോർട്ട് മൂന്ന് മാസത്തിനുള്ളിൽ ബോർഡ് ഹൈക്കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

