Highlights (Page 64)

ന്യൂഡൽഹി: നേപ്പാളിലെ പൊഖാറ വിമാനാപകടത്തിൽ മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. വിമാനാപകടത്തിൽ മരിച്ചവരിൽ മൂന്ന് പേർ കേരളത്തിൽ വന്ന് മടങ്ങുന്നതിനിടെയാണ് വിമാന ദുരന്തം ഉണ്ടായതെന്നാണ് പുറത്തു വരുന്ന വിവരം. രാജു ടക്കൂരി, റബിൻ ഹമാൽ, അനിൽ ഷാഹി തുടങ്ങിയ നേപ്പാൾ സ്വദേശികളാണ് കേരളത്തിൽ വന്ന് മടങ്ങുന്നതിനിടെ വിമാന അപകടത്തിൽ മരിച്ചതെന്നാണ് റിപ്പോർട്ട്. പത്തനംതിട്ടയിലാണ് ഇവർ എത്തിയിരുന്നത്.

പത്തനംതിട്ട ആനിക്കാട്ടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. 5 അംഗ സംഘമായിരുന്നു നേപ്പാളിൽ നിന്നെത്തിയത്. നേപ്പാളിൽ സുവിശേഷകനായിരുന്ന ആനിക്കാട് നൂറോൻമാവ് സ്വാദേശി മാത്യു ഫിലിപ്പിന്റെ സംസ്‌കാര ചടങ്ങിനാണ് ഇവർ എത്തിയത്.

അതേസമയം, നേപ്പാളിലുണ്ടായ വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ടവരിൽ 68 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. വിമാനത്തിൽ അഞ്ച് ഇന്ത്യാക്കാരടക്കം 14 വിദേശികളുണ്ടായിരുന്നു. 53 നേപ്പാൾ സ്വദേശികളും നാല് റഷ്യൻ പൗരന്മാരും രണ്ട് കൊറിയക്കാരും അയർലണ്ട്, അർജന്റീന, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെല്ലാം മരണപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.

തിരുവനന്തപുരം: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. മതപരമായ ആചാരങ്ങളെ ഒഴിവാക്കി ഭേദഗതികളോടെ കരട് ബിൽ നിയമവകുപ്പ്, ആഭ്യന്തര വകുപ്പ് വഴി മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഗണനയ്ക്ക് അയച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചാൽ മന്ത്രിസഭ ചർച്ച ചെയ്തശേഷം നിയമസഭയിൽ അവതരിപ്പിക്കേണ്ട ബില്ലുകളുടെ പട്ടികയിൽ ഉൾപ്പെടുത്തും. അഗ്നിക്കാവടി, കുത്തിയോട്ടം, തൂക്കം അടക്കമുള്ള ആചാരങ്ങളെ നിയമഭേദഗതിയിൽ നിന്നും ഒഴിവാക്കണമെന്നാണ് നിയമവകുപ്പ് നൽകിയിരിക്കുന്ന ശുപാർശ.

ബില്ലിലെ വ്യവസ്ഥകൾ മതാചാരങ്ങളെ ബാധിക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് മതങ്ങളിലെ ആചാരങ്ങളെ പരിശോധനയ്ക്കുശേഷം ബില്ലിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നവർക്ക് ഒരു വർഷം മുതൽ ഏഴു വർഷം വരെ ശിക്ഷയും 5,000 മുതൽ 50,000 രൂപവരെ പിഴയുമാണു കരട് ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. അനാചാരത്തിനിടെ മരണം സംഭവിച്ചാൽ ഐപിസിയിൽ കൊലപാതകത്തിന് നൽകുന്ന ശിക്ഷ (ഐപിസി 300) നൽകണമെന്നും ഗുരുതരമായ പരുക്കാണെങ്കിൽ ഐപിസി 326 അനുസരിച്ചാണ് ശിക്ഷ നൽകണമെന്നും ബില്ലിൽ വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: ഇന്ത്യ – ശ്രീലങ്ക കാര്യവട്ടം ഏകദിനം ഇന്ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഉച്ചക്ക് ഒന്നര മുതല്‍ നടക്കും. രണ്ട് മത്സരങ്ങളും ജയിച്ച് പരമ്ബര നേടിയതിനാല്‍ കൂടുതല്‍ താരങ്ങള്‍ക്ക് ഇന്ന് ഇന്ത്യ അവസരം നല്‍കിയേക്കും.

അതേസമയം, ടി20 പരമ്ബരയും ഏകദിന പരമ്ബരയും നഷ്ടപ്പെട്ട ശ്രീലങ്ക ആശ്വാസ ജയം ലക്ഷ്യമിട്ടായിരിക്കും കാര്യവട്ടത്തെത്തുന്നത്. തലയുയര്‍ത്തി മടങ്ങാമെന്ന പ്രതീക്ഷയില്‍ തന്നെയാകും ശ്രീലങ്ക കാര്യവട്ടത്തിറങ്ങുന്നത്.രോഹിത് ശര്‍മ, വിരാട് കോഹ്ലി, ഹര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക് അടക്കമുള്ള താരങ്ങളാരും കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിന് എത്തിയിരുന്നില്ല. സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, അര്‍ഷ്ദീപ് സിങ് തുടങ്ങിയവര്‍ കാര്യവട്ടത്ത് കളിച്ചേക്കും. മുഖ്യപരിശീലകനായ രാഹുല്‍ ദ്രാവിഡ് ടീമിനൊപ്പം ചേരുകയും ചെയ്തു. ദ്രാവിഡ് അസുഖത്തെ തുടര്‍ന്ന് മടങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

മത്സരം കാണാനായി 11 മണിയോടെയാണ് ആരാധകരെ സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുക. കഴിഞ്ഞദിവസം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ടീം അംഗങ്ങള്‍ക്ക് ആവേശകരമായ സ്വീകരണമാണ് നല്‍കിയത്. ടീമിനായി തയ്യാറാക്കിയ പ്രത്യേക വിമാനത്തിലാണ് ടീമുകള്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഇതിന് പിന്നാലെ ഇന്നലെ ഇന്ത്യന്‍ ടീം അംഗങ്ങളായ സൂര്യകുമാര്‍ യാദവ്,ശ്രേയസ് അയ്യര്‍,വാഷിങ്ടണ്‍ സുന്ദര്‍,അക്സര്‍ പട്ടേല്‍ ചഹല്‍ തുടങ്ങിയവര്‍ പത്മനാഭ സ്വാമിക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം ഉയർത്തുന്നതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. വെള്ളക്കരം ചെറിയ തോതിൽ മാത്രമാണ് വർധിപ്പിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. വെള്ളക്കരം കൂട്ടിയത് സാധാരണക്കാർക്ക് ബുദ്ധിമുട്ടാവില്ലെന്നും അധികഭാരം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളക്കരം വർധിപ്പിച്ചത് വരുമാനം കണ്ടെത്താനാണ്. വർധനവ് മാർച്ച് മാസത്തിന് ശേഷം പ്രാബല്യത്തിൽ വരും. മാധ്യമങ്ങൾ എല്ലാം പോസിറ്റീവ് ആയി എടുക്കണം. നഷ്ടം നികത്താനല്ല, സേവനം മെച്ചപ്പെടുത്താനാണ് വില കൂട്ടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുടിശിക പിരിവും ഊർജിതമാക്കും. ആരുടെയും കുടിവെള്ളം മുട്ടിക്കാനാവില്ലല്ലോ, അതാണ് കണക്ഷൻ വിച്ഛേദിക്കാത്തതെന്നും റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു. വെള്ളക്കരം വർദ്ധിപ്പിക്കാനുള്ള ശുപാർശയ്ക്ക് കഴിഞ്ഞ ദിവസമാണ് എൽഡിഎഫ് യോഗം അംഗീകാരം നൽകിയത്. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വാർത്താ സമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു ലിറ്ററിന് ഒരു പൈസ നിരക്കിലാണ് വെള്ളക്കരം ഉയർത്തുന്നത്. വർദ്ധനയിൽ നിന്ന് ബി.പി.എൽ കുടുംബങ്ങളെ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

2391 കോടി രൂപയുടെ നഷ്ടമാണ് ജല അതോറിട്ടിയ്ക്കുള്ളത്. നിലവിൽ ജീവനക്കാർക്ക് ശമ്പളം പോലും നൽകാൻ കഴിയാതെ ബുദ്ധിമുട്ടുകയാണെന്നും ജല അതോറിട്ടിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ വെള്ളക്കരം കൂട്ടണമെന്ന ശുപാർശ അംഗീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് വെള്ളക്കരം ഉയർത്തണമെന്നാവശ്യപ്പെട്ട് ജലവിഭവ വകുപ്പ് സർക്കാരിനെ സമീപിച്ചിരുന്നു. ഇടതു മുന്നണിയിൽ ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കാനായിരുന്നു സർക്കാരിന്റെ തീരുമാനം.

ന്യൂയോർക്ക്: കോളറ കേസുകളുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. കാലാവസ്ഥാ വ്യതിയാനം മൂലം പല രാജ്യങ്ങളിലും കോളറ കേസുകളുടെ എണ്ണം ഉയരാൻ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. മുപ്പതോളം രാജ്യങ്ങളിലാണ് കഴിഞ്ഞ വർഷം കോളറ കേസുകൾ റിപ്പോർട്ട് ചെയ്തതെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.

വെള്ളത്തിലോ ഭക്ഷണത്തിലോ വിബ്രിയോ കോളറെ എന്ന ബാക്ടീരിയ കലരുന്നത് വഴിയാണ് കോളറ ബാധിക്കുന്നത്. ബാക്ടീരിയ ഉള്ളിൽ ചെന്നാൽ 12 മണിക്കൂർ മുതൽ അഞ്ച് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. കഴിഞ്ഞ വർഷം ലോകത്ത് പ്രകൃതി ദുരന്തങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. പ്രളയവും കാലാവസ്ഥാ വ്യതിയാനവും കോളറ പോലുള്ള ജലജന്യ രോഗങ്ങൾ വർദ്ധിക്കാൻ കാരണമായതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രശ്‌നങ്ങൾ 2023 ലും ലോകത്തെ വേട്ടയാടുമെന്ന് വിദഗ്ധർ പ്രവചിക്കുന്നു. ലോകരാജ്യങ്ങൾ ഇത് മുന്നിൽ കണ്ടുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് വിദഗ്ധർ നിർദ്ദേശം നൽകി.

റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഷാരൂഖ് ചിത്രം പത്താന് നേരെ ഭീഷണിയുമായി വീണ്ടും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍. ചിത്രം ഗുജറാത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്നാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പറയുന്നത്.

സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയാലും ചിത്രം സംസ്ഥാനത്ത് റിലീസ് ചെയ്യാന്‍ അനുവദിക്കില്ല. സിനിമയുടെ റിലീസിനെതിരെ സംഘം മാള്‍ നശിപ്പിക്കുകയും പോസ്റ്ററുകള്‍ നശിപ്പിക്കുകയും പ്രതിഷേധങ്ങള്‍ നടത്തി കോലം കത്തിക്കുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ ഭീഷണി.

എന്നാല്‍, ‘ഈ നടപടിയെ പൂര്‍ണ്ണമായും അപലപിക്കുന്നു. ഈ രാജ്യം ഒരു ഭരണഘടന, ഒരു നിയമം, നടപ്പിലാക്കുന്ന ഏജന്‍സികള്‍ എന്നിവയ്ക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണ്. അധികൃതരില്‍ നിന്ന് സിനിമ സെന്‍സര്‍ ചെയ്ത് അംഗീകാരം ലഭിച്ചു. അതില്‍ കൂടുതല്‍ ഒന്നും ആവശ്യമില്ല. സര്‍ക്കാര്‍ നല്‍കിയ നിയമപരമായി അനുമതിക്ക് ശേഷം സിനിമ റിലീസ് ചെയ്യേണ്ടത് ഒരു ചലച്ചിത്ര നിര്‍മ്മാതാവിന്റെ അവകാശമാണ്. ആര്‍ക്കെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അവര്‍ക്ക് കോടതിയില്‍ പോകാം, അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ കോടതികളുണ്ട്, ഇതിന് മുമ്ബ് ‘പത്മാവത്’, ‘ഉഡ്താ പഞ്ചാബ്’ എന്നീ സിനിമകളില്‍ സംഭവിച്ചതും ഞങ്ങള്‍ കണ്ടതാണ്. ഇതൊരു സ്ഥിരം ശീലമായി മാറിയിരിക്കുകയാണ്’- നിര്‍മ്മാതാവ് അശോക് പണ്ഡിറ്റ് പറഞ്ഞു.

ന്യൂഡൽഹി: ജോഷിമഠുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പങ്കുവെച്ച് ഐഎസ്ആർഒ. ജോഷിമഠിന്റെ വലിയൊരു ഭാഗം പൂർണമായും ഇടിഞ്ഞുതാഴുമെന്നാണ് ഐസ്ആർഒ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഐഎസ്ആർഒയുടെ നാഷണൽ റിമോർട്ട് സെൻസിംഗ് സെന്റർ (എൻആർഎസ്സി) ജോഷിമഠിന്റെ ഉപഗ്രഹ ചിത്രങ്ങൾ വിലയിരുത്തി സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

കാർട്ടോസാറ്റ്-2 എസ് ഉപഗ്രഹമാണ് ചിത്രങ്ങളെടുത്തത്. സൈന്യത്തിന്റെ ഹെലിപ്പാഡും നരസിംഹ ക്ഷേത്രവും ഉൾപ്പെടെ ജോഷിമഠിന്റെ നഗരഭാഗം മുഴുവൻ താഴുന്നതായി ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ജോഷിമഠ് – ഓലി റോഡും ഇടിഞ്ഞ് താഴുമെന്ന് ഐഎസ്ആർഒ ചൂണ്ടിക്കാട്ടി. വീടുകളിലും റോഡുകളിലും രൂപപ്പെട്ട വിള്ളലുകളും മറ്റും ശാസ്ത്രസംഘം വിശദമായി പരിശോധിക്കുന്നുണ്ട്. വിഷയത്തിൽ വിശദ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും ഐഎസ്ആർഒ വിശദീകരിച്ചു.

ജോഷിമഠിൽ 2022 ഡിസംബർ 27 മുതൽ ഈ വർഷം ജനുവരി എട്ട് വരെ 5.4 സെന്റിമീറ്ററാണ് ഇടിഞ്ഞുതാണത്. 12 ദിവസത്തിനുള്ളിലാണ് ഇത്രത്തോളം ഭാഗം ഇടിഞ്ഞു താഴ്ന്നത്. കഴിഞ്ഞ ഏപ്രിൽ മുതൽ നവംബർ വരെ ആകെ 8.9 സെന്റിമീറ്റർ സ്ഥലം ജോഷിമഠിൽ ഇടിഞ്ഞു താഴ്ന്നിരുന്നു.

ന്യൂഡൽഹി: ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിനോട് ചേർന്നുള്ള തന്ത്രപ്രധാന സ്ഥലങ്ങളിൽ ഇന്ത്യയും അടിസ്ഥാന സൗകര്യവികസനം നടത്തിവരുന്നതായി കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ. അതിർത്തി വഴിയുള്ള ചൈനീസ് കടന്നുകയറ്റം നേരിടാൻ ഇന്ത്യൻ സൈന്യം സുസജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിർത്തി മേഖലകളിൽ പീപ്പിൾസ് ലിബറേഷൻ ആർമി നടത്തി വരുന്ന വികസനം നിരീക്ഷിച്ച് കൊണ്ടുള്ള ഇടപെടലാണ് ഇന്ത്യയും നടത്തി വരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

60,000 കിലോമീറ്റർ റോഡ് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ അതിർത്തി പ്രദേശത്ത് മാത്രം ഇന്ത്യ നിർമ്മിച്ചു. അതിർത്തിയുടെ വടക്കൻ പ്രദേശത്ത് മാത്രം 2100 കിലോമീറ്റർ റോഡ് നിർമ്മിച്ചു. 7450 മീറ്റർ പാലവും പുതുതായി നിർമ്മാണം നടത്തി. തർക്കപ്രദേശങ്ങൾ നിലനിൽക്കുന്ന അരുണാചലിലാണ് ഭൂരിഭാഗം നിർമ്മാണവും നടന്നിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം സജീവമാണ്. ഈ വെല്ലുവിളി നേരിടാനായി സൈന്യം കഴിഞ്ഞ ഒരു വർഷമായി നടത്തി വരുന്ന നീക്കങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ വഴി ഗോതമ്പിന് പകരം റാഗി വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഗുണനിലവാരം ഉറപ്പാക്കിയ റാഗി കർണാടകയിലെ എഫ്‌സിഐ ഗോഡൗണിൽ നിന്ന് എത്തിച്ച് ഒരു കിലോ പാക്കറ്റുകളാക്കിയാണ് വിതരണം ചെയ്യുന്നത്.

ശുചീകരിച്ച 687 മെട്രിക് ടൺ റാഗിയാണ് കേരളത്തിൽ എത്തിക്കുന്നത്. ഒരു പഞ്ചായത്തിൽ ഒരു റേഷൻ കടയിലൂടെയാണ് ആദ്യഘട്ടത്തിൽ റാഗി വിതരണം ചെയ്യുന്നത്.

അതേസമയം, അരിയും ഗോതമ്പും മുഖ്യഭക്ഷണമായ സംസ്ഥാനത്ത് റാഗിയുടെ സ്വീകാര്യത അറിഞ്ഞ ശേഷമായിരിക്കും വിതരണം വിപുലപ്പെടുത്തണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിൽ കൂടുതൽ റേഷൻ കടകൾ വഴി റാഗി വിതരണം ചെയ്യും. ഗോതമ്പ് സംസ്ഥാനത്തിന് അനുവദിച്ച അതേ നിരക്കിൽ തന്നെയായിരിക്കും കേന്ദ്ര സർക്കാർ കേരളത്തിന് റാഗിയും നൽകുന്നത്.

കൊച്ചി: സംസ്ഥാനത്തെ ബേക്കറികളിലും ബേക്കറി അനുബന്ധ റസ്റ്റോറന്റുകളിലും പച്ചമുട്ട ഉപയോഗിച്ചുണ്ടാകുന്ന മയോണൈസുകൾ ഇനി മുതൽ വിളമ്പില്ല. വെജിറ്റബിൾ മയോണൈസ് ആകും ഇനി മുതൽ ലഭ്യമാകുന്നത്. കൊച്ചിയിൽ ചേർന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) സംസ്ഥാന ഭാരവാഹികളുടെ അടിയന്തര യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

അതേസമയം, ഭക്ഷ്യോത്പാദന സ്ഥാപനങ്ങളിൽ സർക്കാർ നടത്തുന്ന പരിശോധനകളെ സ്വാഗതം ചെയ്യുന്നതായി ബേക്ക് അറിയിച്ചു. ബേക്കറികളിൽ വേവിക്കാതെ ഉത്പാദിപ്പിക്കുന്ന ഏക ഭക്ഷ്യോത്പന്നം എന്ന നിലയിലാണ് നോൺവെജ് മയോണൈസ് നിരോധിക്കാൻ തീരുമാനിച്ചതെന്നും ബേക്ക് വ്യക്തമാക്കി. അൽഫാം, കുഴിമന്തി, ഷവർമ പോലുള്ള ഭക്ഷണത്തോടൊപ്പം നൽകുന്ന സൈഡ് ഡിഷാണ് മയോണൈസ്. ഇതിലുപയോഗിക്കുന്ന മുട്ടയുടെ ഗുണനിലവാരവും കാലപ്പഴക്കവും കണ്ടെത്തുന്നതിന് നിലവിൽ മാനദണ്ഡങ്ങളില്ല.

മതിയായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കപ്പെടാതെ എത്തുന്ന മുട്ടകളിൽ സൂക്ഷ്മ ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടായേക്കാം. അവ ഉള്ളിൽ ചെന്ന് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായേക്കാമെന്ന് ബേക്ക് ചൂണ്ടിക്കാട്ടി.