ബേക്കറികളിൽ പച്ചമുട്ട ഉപയോഗിച്ചുണ്ടാകുന്ന മയോണൈസുകൾ ഇനി ഉണ്ടാകില്ല; തീരുമാനം ബേക്ക് യോഗത്തിൽ

കൊച്ചി: സംസ്ഥാനത്തെ ബേക്കറികളിലും ബേക്കറി അനുബന്ധ റസ്റ്റോറന്റുകളിലും പച്ചമുട്ട ഉപയോഗിച്ചുണ്ടാകുന്ന മയോണൈസുകൾ ഇനി മുതൽ വിളമ്പില്ല. വെജിറ്റബിൾ മയോണൈസ് ആകും ഇനി മുതൽ ലഭ്യമാകുന്നത്. കൊച്ചിയിൽ ചേർന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) സംസ്ഥാന ഭാരവാഹികളുടെ അടിയന്തര യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

അതേസമയം, ഭക്ഷ്യോത്പാദന സ്ഥാപനങ്ങളിൽ സർക്കാർ നടത്തുന്ന പരിശോധനകളെ സ്വാഗതം ചെയ്യുന്നതായി ബേക്ക് അറിയിച്ചു. ബേക്കറികളിൽ വേവിക്കാതെ ഉത്പാദിപ്പിക്കുന്ന ഏക ഭക്ഷ്യോത്പന്നം എന്ന നിലയിലാണ് നോൺവെജ് മയോണൈസ് നിരോധിക്കാൻ തീരുമാനിച്ചതെന്നും ബേക്ക് വ്യക്തമാക്കി. അൽഫാം, കുഴിമന്തി, ഷവർമ പോലുള്ള ഭക്ഷണത്തോടൊപ്പം നൽകുന്ന സൈഡ് ഡിഷാണ് മയോണൈസ്. ഇതിലുപയോഗിക്കുന്ന മുട്ടയുടെ ഗുണനിലവാരവും കാലപ്പഴക്കവും കണ്ടെത്തുന്നതിന് നിലവിൽ മാനദണ്ഡങ്ങളില്ല.

മതിയായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കപ്പെടാതെ എത്തുന്ന മുട്ടകളിൽ സൂക്ഷ്മ ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടായേക്കാം. അവ ഉള്ളിൽ ചെന്ന് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായേക്കാമെന്ന് ബേക്ക് ചൂണ്ടിക്കാട്ടി.