തിരുവനന്തപുരം: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. മതപരമായ ആചാരങ്ങളെ ഒഴിവാക്കി ഭേദഗതികളോടെ കരട് ബിൽ നിയമവകുപ്പ്, ആഭ്യന്തര വകുപ്പ് വഴി മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഗണനയ്ക്ക് അയച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചാൽ മന്ത്രിസഭ ചർച്ച ചെയ്തശേഷം നിയമസഭയിൽ അവതരിപ്പിക്കേണ്ട ബില്ലുകളുടെ പട്ടികയിൽ ഉൾപ്പെടുത്തും. അഗ്നിക്കാവടി, കുത്തിയോട്ടം, തൂക്കം അടക്കമുള്ള ആചാരങ്ങളെ നിയമഭേദഗതിയിൽ നിന്നും ഒഴിവാക്കണമെന്നാണ് നിയമവകുപ്പ് നൽകിയിരിക്കുന്ന ശുപാർശ.
ബില്ലിലെ വ്യവസ്ഥകൾ മതാചാരങ്ങളെ ബാധിക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് മതങ്ങളിലെ ആചാരങ്ങളെ പരിശോധനയ്ക്കുശേഷം ബില്ലിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നവർക്ക് ഒരു വർഷം മുതൽ ഏഴു വർഷം വരെ ശിക്ഷയും 5,000 മുതൽ 50,000 രൂപവരെ പിഴയുമാണു കരട് ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. അനാചാരത്തിനിടെ മരണം സംഭവിച്ചാൽ ഐപിസിയിൽ കൊലപാതകത്തിന് നൽകുന്ന ശിക്ഷ (ഐപിസി 300) നൽകണമെന്നും ഗുരുതരമായ പരുക്കാണെങ്കിൽ ഐപിസി 326 അനുസരിച്ചാണ് ശിക്ഷ നൽകണമെന്നും ബില്ലിൽ വ്യക്തമാക്കിയിട്ടുണ്ട്.

