ന്യൂയോർക്ക്: കോളറ കേസുകളുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. കാലാവസ്ഥാ വ്യതിയാനം മൂലം പല രാജ്യങ്ങളിലും കോളറ കേസുകളുടെ എണ്ണം ഉയരാൻ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. മുപ്പതോളം രാജ്യങ്ങളിലാണ് കഴിഞ്ഞ വർഷം കോളറ കേസുകൾ റിപ്പോർട്ട് ചെയ്തതെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.
വെള്ളത്തിലോ ഭക്ഷണത്തിലോ വിബ്രിയോ കോളറെ എന്ന ബാക്ടീരിയ കലരുന്നത് വഴിയാണ് കോളറ ബാധിക്കുന്നത്. ബാക്ടീരിയ ഉള്ളിൽ ചെന്നാൽ 12 മണിക്കൂർ മുതൽ അഞ്ച് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. കഴിഞ്ഞ വർഷം ലോകത്ത് പ്രകൃതി ദുരന്തങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. പ്രളയവും കാലാവസ്ഥാ വ്യതിയാനവും കോളറ പോലുള്ള ജലജന്യ രോഗങ്ങൾ വർദ്ധിക്കാൻ കാരണമായതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രശ്‌നങ്ങൾ 2023 ലും ലോകത്തെ വേട്ടയാടുമെന്ന് വിദഗ്ധർ പ്രവചിക്കുന്നു. ലോകരാജ്യങ്ങൾ ഇത് മുന്നിൽ കണ്ടുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് വിദഗ്ധർ നിർദ്ദേശം നൽകി.

