Highlights (Page 63)

74-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന് അതിഥികളാവാന്‍ നിര്‍മ്മാണ തൊഴിലാളികളെയും തെരുവു കച്ചവടക്കാരെയും ക്ഷണിച്ച് പ്രധാനമന്ത്രി. കര്‍ത്തവ്യ പഥ നിര്‍മ്മാണത്തില്‍ പങ്കെടുത്ത 850 തൊഴിലാളികള്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കും.

ഇത്തവണ കര്‍ത്തവ്യ പാതയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ 9 റാഫേലും നേവിയുടെ IL എന്നിവയുള്‍പ്പെടെ മൊത്തം 50 യുദ്ധ വിമാനങ്ങള്‍ പങ്കെടുക്കും. ഇന്ത്യന്‍ നേവിയുടെ IL-38 ആദ്യമായാണ് റിപ്പബ്ലിക്ക് പരേഡില്‍ പ്രദര്‍ശിപ്പിക്കുന്നത് ഇത് ഒരുപക്ഷെ അവനമായിട്ടായിരിക്കാം എന്ന് മുതിര്‍ന്ന IAF ഉദ്യോഗസ്ഥന്‍ പറഞ്ഞു. IL-38 ഇന്ത്യന്‍ നാവികസേനയില്‍ 42 വര്‍ഷത്തോളം സേവനമനുഷ്ഠിച്ച സമുദ്ര നിരീക്ഷണ വിമാനമാണ്.

അതേസമയം റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയുടെ മുഖ്യാതിഥിയായി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസി ജനുവരി 24ന് ഇന്ത്യയില്‍ എത്തും. രാഷ്ട്രപതിയും പ്രധാനമന്ത്രിയുമുള്‍പ്പെടെയുള്ള ഉന്നതരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. 180 പേരടങ്ങുന്ന സൈന്യവും അല്‍ സിസിക്കൊപ്പം ഇന്ത്യയിലെത്തും. ഈജിപ്ഷ്യന്‍ സൈന്യവും റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികൾ നിരോധിച്ച് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. സ്ലിപ്പിലോ സ്റ്റിക്കറിലോ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളിൽ കഴിക്കണം എന്നതും വ്യക്തമാക്കിയിരിക്കണമെന്നാണ് നിർദ്ദേശം.

ഫുഡ്‌സേഫ്റ്റി സ്റ്റാന്റേർഡ്‌സ് റഗുലേഷൻസ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ ഉപയോഗിച്ചിരിക്കണം. ഇത്തരം ഭക്ഷണം എത്തിക്കുവാൻ കൂടുതൽ സമയമെടുക്കുന്ന സ്ഥലങ്ങളിൽ യാത്രയിലും 60 ഡിഗ്രി ഊഷ്മാവ് നിലനിർത്തണമെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഈ ഭക്ഷണം സാധാരണ ഊഷ്മാവിൽ 2 മണിക്കൂറിൽ കൂടുതൽ സൂക്ഷിക്കുമ്പോൾ ആരോഗ്യത്തിന് ഹാനികരവും ഭക്ഷിക്കാൻ അനുയോജ്യമല്ലാത്തതുമാകാൻ സാധ്യതയുണ്ട്. അതിനാൽ ചില നിയന്ത്രണങ്ങൾ അത്യാവശ്യമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.

ഹൈദരബാദ്: ന്യൂസിലന്‍ഡിനെതിരെ സ്ലോ ഓവര്‍ റൈറ്റ് വരുത്തിയ ഇന്ത്യയ്ക്ക് കനത്ത പിഴയുമായി ഐ.സി.സി.

മത്സര ഫീയുടെ 60 ശതമാനമാണ് ടീം ഇന്ത്യ പിഴയിനത്തില്‍ നല്‍കേണ്ടി വരിക. മത്സരത്തില്‍ നിശ്ചിത സമയത്തില്‍ ഇന്ത്യ മൂന്നു ഓവര്‍ കുറവ് വരുത്തിയെന്ന് മാച്ച് റഫറിമാരുടെ ഐ.സി.സി എലൈറ്റ് പാനലായ ജവഗല്‍ ശ്രീനാഥ് വിലയിരുത്തുകയായിരുന്നു. ഇക്കാര്യം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ സമ്മതിക്കുകയും ചെയ്തു.

‘താരങ്ങള്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനുമുള്ള ഐ.സി.സി കോഡ് ഓഫ് കണ്ടക്ടിന്റെ 2.22 ആര്‍ട്ടിക്ള്‍ പ്രകാരം മിനിമം ഓവര്‍ റൈറ്റ് പിഴവുകള്‍ക്ക് മാച്ച് ഫീയുടെ 20 ശതമാനം വരെ പിഴയീടാക്കും. നിര്‍ണിത സമയത്തിനകം പൂര്‍ത്തിയാക്കാത്ത ഓരോ ഓവറിനുമാണ് ഈ തരത്തില്‍ താരങ്ങളില്‍ നിന്ന് പിഴ ഈടാക്കുക’ ഐ.സി.സി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ‘ഓണ്‍ ഫീല്‍ഡ് അംപയര്‍മാരായ അനില്‍ ചൗധരി, നിതിന്‍ മേനോന്‍, മൂന്നാം അംപയര്‍ കെ.എന്‍ അനന്തപത്മനാഭന്‍, നാലാം അംപയര്‍ ജയരാമന്‍ മദനഗോപാല്‍ എന്നിവരും കുറ്റം ചുമത്തിയതായും പ്രസ്താവനയില്‍ പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെ സ്ഥാവരജംഗമ വസ്തുക്കള്‍ റവന്യൂ റിക്കവറി നടത്താന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവ്. നാളെ വൈകിട്ട് അഞ്ച് മണിക്ക് മുന്‍പായി ജപ്തി നടപടികള്‍ പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍മാരോട് നിര്‍ദേശിച്ചു.

അതേസമയം, ജപ്തി നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിലെ സമയക്രമം പാലിക്കുന്നതില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയതിന് പിന്നാലെയാണ് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവ്. വന്യൂ റിക്കവറിക്ക് മുന്‍പായി നല്‍കേണ്ട നോട്ടീസ് നിലവിലെ സാഹചര്യത്തില്‍ നല്‍കേണ്ടതില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കി.

ജപ്തി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് 23-ാം തിയതിക്കകം നല്‍കണമെന്നാണ് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നത്. പിടിച്ചെടുത്ത സ്വത്തുക്കള്‍ ലേലം ചെയ്യുമെന്നാണ് വിവരം.

ന്യൂഡൽഹി: ജനറൽ ടിക്കറ്റെടുത്തവർക്ക് ഒഴിവുള്ള സ്ലീപ്പർ കോച്ചുകൾ ഉപയോഗിക്കാമെന്ന് റെയിൽവേ ബോർഡ്. യാത്രക്കാർക്ക് യാത്ര സുഗമമാക്കാൻ സ്ലീപ്പർ കോച്ചുകളെല്ലാം ജനറൽ കോച്ചുകളാക്കി മാറ്റാൻ പദ്ധതിയിടുകയാണ് റെയിൽവേ അധികൃതർ. ഈ കോച്ചുകൾക്ക് പുറത്ത് റിസർവ് ചെയ്യാത്ത സീറ്റുകൾ അടയാളപ്പെടുത്തുമെന്നും ജനറൽ കോച്ചുകളാക്കി മാറ്റിയതിന് ശേഷം ഈ കോച്ചുകളിൽ മിഡിൽ ബർത്തുകൾ അനുവദിക്കില്ലെന്നും റെയിൽവെ വ്യക്തമാക്കി.

പുതിയ തീരുമാന പ്രകാരം സ്ലീപ്പർ കോച്ചുകളിൽ റിസർവേഷൻ ഇല്ലാതെയും യാത്ര ചെയ്യാൻ കഴിയും. ജനറൽ ക്ലാസ് യാത്രക്കാർക്ക് അവരുടെ ടിക്കറ്റ് ഉപയോഗിച്ച് ഒഴിവുള്ള ബർത്തുകളുള്ള സ്ലീപ്പർ കോച്ചുകളിൽ സീറ്റ് എടുക്കാം. ഇങ്ങനെ പ്രത്യേകം ലഭ്യമാക്കിയിരിക്കുന്ന കോച്ചുകൾ ഉപയോഗിക്കുന്നതു കൊണ്ട് അധിക തുകയോ പിഴയോ ഈടാക്കില്ല. നേരത്തെ കോവിഡ് കാലത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ ജനറൽ കോച്ചുകളിൽ റിസർവ് ചെയ്യാത്ത പാസഞ്ചർ സർവീസുകൾ ലഭ്യമാക്കിയിരുന്നു.

ജനറൽ കോച്ചുകളിൽ പഴയ പോലെ റിസർവേഷന്റെ ആവശ്യമില്ലെന്ന് കഴിഞ്ഞ ജൂലൈയിൽ ഈസ്റ്റ് സെൻട്രൽ റെയിൽവേ അറിയിച്ചിരുന്നു. അതേസമയം, യാത്രക്കാരുടെ സൗകര്യം പരിഗണിച്ചായിരുന്നു ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ പുതിയ തീരുമാനം. പുതിയ തീരുമാന പ്രകാരം ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്നവർ ടിക്കറ്റ് റിസർവ് ചെയ്യേണ്ട ആവശ്യമില്ല. ടിക്കറ്റ് കൗണ്ടറിൽ നിന്ന് സാധാരണ ടിക്കറ്റ് എടുത്താൽ മതിയാവും. കോവിഡ് കാലത്തിന് മുമ്പ് ചെയ്യാറുള്ളത് പോലെത്തന്നെ യാത്രക്കാർക്ക് റിസർവേഷൻ ടിക്കറ്റില്ലാതെ തന്നെ ജനറൽ കോച്ചുകളിൽ യാത്ര ചെയ്യാമെന്നാണ് റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കി.

ന്യൂഡൽഹി: ഇസ്ലാമിക ഭരണം ലക്ഷ്യമിടുന്ന സംഘടനകളെ ഇന്ത്യയിൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ച് കേന്ദ്ര സർക്കാർ. തുടർച്ചയായി എട്ടാം തവണയും സിമി നിരോധിച്ചത് ശരിവച്ചുകൊണ്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം അറിയിച്ചിട്ടുള്ളത്. സിമിയുടെ നിരോധനം തുടരുന്നത് ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളി ആയതിനാലാണെന്ന് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ നിയമനങ്ങൾക്ക് വിരുദ്ധമായാണ് ഇസ്ലാമിക ഭരണം ലക്ഷ്യമിടുന്ന സിമി പ്രവർത്തിക്കുന്നത്. അതിനാൽ ഒരു കാരണവശാലും സംഘടനയ്ക്ക് പ്രവർത്തിക്കാനുള്ള അനുമതി നൽകാനാകില്ല. ദേശീയതയ്ക്ക് എതിരാണ് സിമിയെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. സിമിയെ കേന്ദ്ര സർക്കാർ ആദ്യം നിരോധിച്ചത് 2001 ലാണ്. നിരോധനത്തിന് ശേഷവും വിവിധ പേരുകളിൽ സംഘടന പ്രവർത്തിക്കുന്നുണ്ടെന്നും മൂന്ന് ഡസനിലധികം പോഷക സംഘടനകൾ സിമിക്ക് ഉണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

ഈ സംഘടനകളിലൂടെ ധനസമാഹരണവും നടത്തുന്നുണ്ട്. പഴയ പ്രവർത്തകരെ ഒന്നിപ്പിക്കുന്നതിനും, ലഘുലേഖകകൾ വിതരണം ചെയ്യുന്നതിനും ഈ സംഘടനകളെ ഉപയോഗിക്കുന്നുണ്ട്. രാജ്യ സുരക്ഷയെ ബാധിക്കുന്ന നിരോധന പ്രവർത്തനങ്ങളിൽ സംഘടനയുടെ പ്രവർത്തകർ ഇപ്പോഴും ഏർപ്പെടുന്നുണ്ടെന്നും ഇതെല്ലാം കണക്കിലെടുത്താണ് നിരോധനം തുടരുന്നതെന്നും കേന്ദ്ര സർക്കാർ വിശദീകരിച്ചു.

തിരുവനന്തപുരം: സമൂഹത്തിൽ മറഞ്ഞുകിടക്കുന്ന കുഷ്ഠരോഗ ബാധിതരെ ഗൃഹ സന്ദർശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിർണയം നടത്തി ചികിത്സ ലഭ്യമാക്കുന്ന അശ്വമേധം ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം വീണാ ജോർജ് ഇന്ന് നിർവ്വഹിക്കും. രാവിലെ 11 മണിയ്ക്ക് പേരൂർക്കട ജില്ലാ മാതൃക ആശുപത്രിയിലാണ് ഉദ്ഘാടനം.

അശ്വമേധം ക്യാമ്പയിന്റെ ഭാഗമായി പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകയും പ്രവർത്തകനും അടങ്ങുന്ന സംഘം വീടുകളിലെത്തി കുഷ്ഠരോഗ ലക്ഷണങ്ങൾ പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സമൂഹത്തിൽ ഇപ്പോഴും കുഷ്ഠരോഗമുണ്ട്. കേരളത്തിൽ പതിനായിരത്തിൽ 0.13 എന്ന നിരക്കിൽ കുഷ്ഠരോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നു. കൂടാതെ കുട്ടികളിലും കുഷ്ഠരോഗം കണ്ടുപിടിക്കപ്പെടുന്നു. 6 മുതൽ 12 മാസം വരെയുള്ള വിവിധ ഔഷധ ചികിത്സയിലൂടെ രോഗത്തെ പൂർണമായും ചികിത്സിച്ചു ഭേദമാക്കാം. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ പൂർണമായും സൗജന്യമാണെന്ന് മന്ത്രി വ്യക്തമാക്കി.

വായുവിലൂടെ പകരുന്ന ഒരു രോഗമാണ് കുഷ്ഠ രോഗം. മൈക്കോബാക്റ്റീരിയം ലെപ്രെ എന്ന ബാക്ടീരിയ വഴി പകരുന്ന ഈ രോഗം പൂർണമായി ചികിത്സിച്ച് ഭേദമാക്കാം. ചികിത്സയിലിരിക്കുന്ന രോഗിയിൽ നിന്നും രോഗാണുക്കൾ വായുവിലൂടെ പകരില്ല. തൊലിപ്പുറത്ത് കാണുന്ന സ്പർശനശേഷി കുറഞ്ഞ നിറം മങ്ങിയതോ, ചുവന്നതോ ആയ പാടുകൾ, തടിപ്പുകൾ, ഇത്തരം ഇടങ്ങളിൽ ചൂട്, തണുപ്പ് എന്നിവ അറിയാതിരിക്കുകയോ സ്പർശനശേഷി കുറവോ, ഇല്ലാതിരിക്കുകയോ ചെയ്യുക എന്നിവ കുഷ്ഠരോഗ ലക്ഷണങ്ങളാണ്. നിറം മങ്ങിയതോ കട്ടികൂടിയതോ ആയ ചർമ്മം, വേദനയില്ലാത്ത വ്രണങ്ങൾ, കൈകാലുകളിലെ മരവിപ്പ്, വൈകല്യങ്ങൾ, കണ്ണടയ്ക്കാനുള്ള പ്രയാസം തുടങ്ങിയവയും കുഷ്ഠരോഗ ലക്ഷണങ്ങൾ ആകാമെന്ന് വീണാ ജോർജ് പറഞ്ഞു.

രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിന് മൂന്നു മുതൽ അഞ്ചു വർഷം വരെ സമയം എടുക്കും. ആരംഭത്തിലേ ചികിത്സിച്ചാൽ കുഷ്ഠരോഗം മൂലമുള്ള വൈകല്യങ്ങൾ തടയുന്നതിനും രോഗപ്പകർച്ച ഇല്ലാതാക്കുന്നതിനും സാധിക്കുമെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിന് അനുകൂലമായി എൻഐഒടിയുടെ പഠനറിപ്പോർട്ട്. നിർമാണപ്രവൃത്തിമൂലം വിഴിഞ്ഞത്ത് തീരശോഷണമുണ്ടായിട്ടില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ചെന്നൈ എൻഐഒടിയുടെ പുതിയ പഠന റിപ്പോർട്ടാണ് പുറത്തു വന്നിട്ടുള്ളത്. തീരശോഷണം രൂക്ഷമായ വലിയതുറ, ശംഖുമുഖം ഭാഗങ്ങളിലെ അവസ്ഥ അടുത്ത വർഷത്തോടെ മെച്ചപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നു. തീരശോഷണത്തിലോ വേലിയേറ്റങ്ങൾക്ക് മറ്റും ശേഷം സ്വാഭാവികമായി തന്നെയുണ്ടാകുന്ന തീരം വയ്പിലോ തുറമുഖ നിർമാണത്തിന് വലിയ രീതിയിൽ സ്വാധീനം ചെലുത്താനായിട്ടില്ലെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നു.

2021 ഒക്ടോബർ മുതൽ 2022 സെപ്തംബർ വരെയാണ് എൻഐഒടിയുടെ പഠനം നടന്നത്. വെട്ടുകാട്, വലിയതുറ, പനത്തുറ മുതൽ പൂന്തുറ, കോവളം, അടിമലത്തുറ, പുല്ലുവിള, പൂവാർ, എടപ്പാട് എന്നിവിടങ്ങളിലെ തീരശോഷണം വ്യക്തമായിരുന്നു. തുമ്പ – ശംഖുമുഖം, പുല്ലുവിള – പൂവാർ സ്‌ട്രെച്ചിലാണ് തീരം വെയ്പ് കണ്ടെത്തിയത്. അടിയ്ക്കടിയുണ്ടായ ന്യൂനമർദ്ദങ്ങളും ഓഖി അടക്കമുള്ള കാലാവസ്ഥാ പ്രതിഭാസങ്ങളുമാണ് വലിയതുറയിൽ അടക്കം തീരം രൂപീകരണപ്പെടുന്നതിന് തടസ്സമായത്. ഇതിന് വിഴിഞ്ഞം തുറമുഖവുമായി ബന്ധമില്ലെന്നും റിപ്പോർ്ട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

തുറമുഖ നിർമാണം നടക്കുന്ന പ്രദേശങ്ങളിൽ നിന്നും 13-15 കിലോ മീറ്റർ വരെ ദൂരത്തിലാണ് തീരശോഷണം രൂക്ഷമായ ഹോട്ട്‌സ്‌പോട്ടുകൾ. പൂന്തുറ-ബീമാപള്ളി പ്രദേശത്തെ പുലിമുട്ട് നിർമാണവും വലിയതുറയിലെ തീരശോഷണത്തിന്റെ ആക്കം വർദ്ധിപ്പിച്ചു. മാനുഷിക ഇടപടലോ വലിയ നിർമിതികളോ ഉണ്ടായില്ലെങ്കിൽ വലിയതുറ-ശംഖുമുഖം സ്‌ട്രെച്ചിൽ അടുത്ത വർഷത്തോടെ തീരത്തിന്റെ സ്ഥിതി സ്വാഭാവികമായി തന്നെ മെച്ചപ്പെടുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക സീരിസ് നമ്പര്‍ നല്‍കാനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. ഇന്ന് ഗതാഗതമന്ത്രി വിളിച്ചു ചേര്‍ത്ത യോഗം ഉദ്യോഗസ്ഥതല ശുപാര്‍ശ അംഗീകരിച്ചു. അന്തിമതീരുമാനത്തിനായി മുഖ്യമന്ത്രിക്ക് ശുപാര്‍ശ കൈമാറാനും തീരുമാനിച്ചു.

അതേസമയം, സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക നമ്പര്‍ നല്‍കാന്‍ മോട്ടോര്‍വാഹനവകുപ്പില്‍ ചട്ടഭേദഗതി വേണ്ടിവരും. അങ്ങനെ വന്നാല്‍ സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഇനി മുതല്‍ KL- 99 എന്നീ സീരീസിലായിരിക്കും. സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ കെ.എല്‍-99- എ എന്ന വിഭാഗത്തിലായിരിക്കും.

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ വാഹനങ്ങള്‍ കെ.എല്‍- ബി എന്ന വിഭാഗത്തിലായിരിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ കെ.എല്‍-99-സി എന്ന വിഭാഗത്തിലായിരിക്കും. സര്‍ക്കാരിന്‍െര പൂര്‍ണ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ നമ്പര്‍ കെ.എല്‍-99-ഡി എന്ന വിഭാഗത്തിലേക്കും മാറും

ന്യൂഡൽഹി: പാകിസ്താനിൽ ഭക്ഷ്യക്ഷാമം രൂക്ഷം. ഇതിനെ സാധൂകരിക്കുന്ന വീഡിയോകളാണ് ഇപ്പോൾ പാകിസ്താനിൽ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സ്വന്തം ജീവൻ പോലും മറന്നുകൊണ്ട് ഗോതമ്പുമായി പോകുന്ന ഒരു ട്രക്കിനെ ഒരു കൂട്ടം ആളുകൾ ബൈക്കിൽ പിന്തുടരുന്ന വീഡിയോയാണ് പാകിസ്താനിൽ നിന്നും പുറത്തു വന്നിട്ടുള്ളത്. നാഷണൽ ഇക്വാലിറ്റി പാർട്ടി ചെയർമാൻ പ്രൊഫസ്സർ സജ്ജാദ് രാജയാണ് ഈ വീഡിയോ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുള്ളത്.

ഇത് ഒരു മോട്ടോർസൈക്കിൾ റാലി അല്ല. ഇത് ധാന്യവുമായി പോകുന്ന ട്രക്കിനെ പാകിസ്ഥാനിലെ ആളുകൾ പിന്തുടരുന്നതാണ്. ഒരു പാക്കറ്റ് ധാന്യമെങ്കിലും വാങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് അവർ ട്രക്കിനെ പിന്തുടരുന്നതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പാകിസ്താന് എന്തെങ്കിലും ഭാവിയുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു. പാകിസ്താനിൽ എന്താണ് സംഭവിക്കുന്നത് എന്നതിന്റെ സൂചനയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗോതമ്പ് ചാക്കുമായി പോകുന്ന ഒരു ട്രക്കും മോട്ടോർ സൈക്കിളിൽ ട്രക്കിനെ പിന്തുടരുന്ന ആളുകളുമാണ് വീഡിയോയിൽ ഉള്ളത്. ഗോതമ്പ് കിട്ടുമെന്ന പ്രതീക്ഷയിൽ ചിലർ പണം ട്രക്കിന് നേരെ വച്ചു നീട്ടുന്നുണ്ട്. പാകിസ്താനിലെ ഭക്ഷ്യ ക്ഷാമത്തിന്റെ തീവ്രതയാണ് ഈ വീഡിയോ കാട്ടിത്തരുന്നത്. അതേസമയം, ഗോതമ്പുമായി പോകുന്ന ട്രക്കിനെ ആളുകൾ വളഞ്ഞുവെന്നും ഡ്രൈവർമാർക്ക് നേരെ കല്ലെറിയുന്ന സാഹചര്യം വരെ ഇവിടെ ഉണ്ടായിയെന്നും ചില പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.