തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ വഴി ഗോതമ്പിന് പകരം റാഗി വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഗുണനിലവാരം ഉറപ്പാക്കിയ റാഗി കർണാടകയിലെ എഫ്സിഐ ഗോഡൗണിൽ നിന്ന് എത്തിച്ച് ഒരു കിലോ പാക്കറ്റുകളാക്കിയാണ് വിതരണം ചെയ്യുന്നത്.
ശുചീകരിച്ച 687 മെട്രിക് ടൺ റാഗിയാണ് കേരളത്തിൽ എത്തിക്കുന്നത്. ഒരു പഞ്ചായത്തിൽ ഒരു റേഷൻ കടയിലൂടെയാണ് ആദ്യഘട്ടത്തിൽ റാഗി വിതരണം ചെയ്യുന്നത്.
അതേസമയം, അരിയും ഗോതമ്പും മുഖ്യഭക്ഷണമായ സംസ്ഥാനത്ത് റാഗിയുടെ സ്വീകാര്യത അറിഞ്ഞ ശേഷമായിരിക്കും വിതരണം വിപുലപ്പെടുത്തണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിൽ കൂടുതൽ റേഷൻ കടകൾ വഴി റാഗി വിതരണം ചെയ്യും. ഗോതമ്പ് സംസ്ഥാനത്തിന് അനുവദിച്ച അതേ നിരക്കിൽ തന്നെയായിരിക്കും കേന്ദ്ര സർക്കാർ കേരളത്തിന് റാഗിയും നൽകുന്നത്.

