നേപ്പാൾ വിമാനാപകടം: 3 പേർ മരണപ്പെട്ടത് കേരളത്തിൽ നിന്ന് മടങ്ങവെയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: നേപ്പാളിലെ പൊഖാറ വിമാനാപകടത്തിൽ മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. വിമാനാപകടത്തിൽ മരിച്ചവരിൽ മൂന്ന് പേർ കേരളത്തിൽ വന്ന് മടങ്ങുന്നതിനിടെയാണ് വിമാന ദുരന്തം ഉണ്ടായതെന്നാണ് പുറത്തു വരുന്ന വിവരം. രാജു ടക്കൂരി, റബിൻ ഹമാൽ, അനിൽ ഷാഹി തുടങ്ങിയ നേപ്പാൾ സ്വദേശികളാണ് കേരളത്തിൽ വന്ന് മടങ്ങുന്നതിനിടെ വിമാന അപകടത്തിൽ മരിച്ചതെന്നാണ് റിപ്പോർട്ട്. പത്തനംതിട്ടയിലാണ് ഇവർ എത്തിയിരുന്നത്.

പത്തനംതിട്ട ആനിക്കാട്ടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. 5 അംഗ സംഘമായിരുന്നു നേപ്പാളിൽ നിന്നെത്തിയത്. നേപ്പാളിൽ സുവിശേഷകനായിരുന്ന ആനിക്കാട് നൂറോൻമാവ് സ്വാദേശി മാത്യു ഫിലിപ്പിന്റെ സംസ്‌കാര ചടങ്ങിനാണ് ഇവർ എത്തിയത്.

അതേസമയം, നേപ്പാളിലുണ്ടായ വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ടവരിൽ 68 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. വിമാനത്തിൽ അഞ്ച് ഇന്ത്യാക്കാരടക്കം 14 വിദേശികളുണ്ടായിരുന്നു. 53 നേപ്പാൾ സ്വദേശികളും നാല് റഷ്യൻ പൗരന്മാരും രണ്ട് കൊറിയക്കാരും അയർലണ്ട്, അർജന്റീന, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെല്ലാം മരണപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.